അയല്‍ക്കാരന്റെ ബാഗു തട്ടിപ്പറിച്ച പിടിച്ചുപറി സംഘത്തെ കീഴ്‌പ്പെടുത്തി ചലച്ചിത്ര താരം അനീഷ് ജി മേനോന്‍. വീടിനു സമീപത്ത് നിന്നു സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റും അയല്‍വാസിയുമായ വ്യക്തിയുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മൂവര്‍ സംഘത്തെയാണ് അനീഷ് സാഹസികമായി പിടികൂടിയത്.
കളക്ഷന്‍ ഏജന്റിന്റെ നിലവിളി കേട്ട് വീടിന് പുറത്തെത്തിയ താരം ബൈക്കിന്റെ പുറകിലിരുന്നയാളുടെ കഴുത്തില്‍ പിടികൂടിയാണ് സംഘത്തെ കീഴ്‌പ്പെടുത്തിയത്. സിനിമാ സീനുകളെ വെല്ലുന്ന സംഘട്ടനത്തിലൂടെയാണ് താരം സംഘത്തെ പിടികൂടുന്നത്. പുറകില്‍ ഇരിക്കുന്നയാളെ അനീഷ് പിടികൂടിയെങ്കിലും മോഷ്ടാക്കള്‍താരത്തെ റോഡിലൂടെ വലിച്ചിഴച്ച് മീറ്ററുകളോളം മുന്നോട്ടുപോവുകയും ചെയ്തു.
ബൈക്കില്‍ വലിച്ചിഴച്ചെങ്കിലും പിടി വിടാന്‍ തയ്യാറാകാതിരുന്ന അനീഷ് ഒരാളെ സാഹസികമായി പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. കോതമംഗലം സ്വദേശിയായ അന്‍സാറിനെയാണ് അനീഷ് പിടികൂടിയത്. ഇയാളെ പിന്നീട് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ള രണ്ട് പേരും ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു.
മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ അനീഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടിയ താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ഒടിയന്‍ സിനിമയുടെ ചിത്രീകരണ ഇടവേളയില്‍ വളാഞ്ചേരിയിലെ വീട്ടിലേക്ക് എത്തിയതായിരുന്നു അനീഷ്. പരിക്ക് ഭേദമായതിന് ശേഷമാകും ലൊക്കേഷനിലേക്ക് തിരിച്ച് പോവുക.
Leave a Reply