വത്തിക്കാന്‍: പൊതുസ്ഥലത്ത് വെച്ച് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കകുന്നത് എന്തോ വലിയ കുറ്റമെന്ന് കരുതുന്ന പാശ്ചാത്യ ജനതയ്ക്ക് വ്യക്തമായ സന്ദേശം നല്കി ഫ്രാന്‍സിസ് മാര്‍പാപ്പ. സിസ്റ്റൈന്‍ ചാപ്പലില്‍ കുട്ടികള്‍ക്ക് മാമോദീസ നല്‍കാനെത്തിയ അമ്മമാരോട് മുലപ്പാല്‍ നല്കുന്നതില് മടി കാട്ടേണ്ടതില്ലെന്ന് മാര്‍പാപ്പ പറഞ്ഞു. ഞായറാഴ്ച മാമോദീസക്കായി 34 കുഞ്ഞുങ്ങളാണ് സിസ്റ്റൈന്‍ ചാപ്പലില്‍ എത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചടങ്ങുകള്‍ക്കിടയില്‍ കുഞ്ഞുങ്ങള്‍ക്ക് വിശക്കുകയാണെങ്കില്‍ മുലയൂട്ടാന്‍ മടിക്കരുതെന്നാണ് അമ്മമാരോട് പോപ്പ് പറഞ്ഞത്.
വിശന്നിട്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസ്വസ്ഥത കൊണ്ടോ അവര്‍ കച്ചേരി (കരച്ചില്) ആരംഭിച്ചാല്‍ അവര്‍ക്ക് മുലയൂട്ടാന്‍ മടിക്കുകയോ പേടിക്കുകയോ ചെയ്യേണ്ടതില്ല. സ്നേഹത്തിന്റെ ഭാഷയാണ് അതെന്നും പോപ്പ് പറഞ്ഞു. 18 പെണ്‍കുഞ്ഞുങ്ങളെയും 16 ആണ്‍കുഞ്ഞുങ്ങളെയുമാണ് രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്ന ചടങ്ങില്‍ മാര്‍പാപ്പ മാമോദീസ നല്‍കിയത്. ഇവരില്‍ രണ്ട് ഇരട്ടക്കുട്ടികളും ഉണ്ടായിരുന്നു. 2017 ജനുവരിയില്‍ നടന്ന മാമോദീസ ചടങ്ങിലും സമാനമായ പരാമര്‍ശം മാര്‍പാപ്പ നടത്തിയിരുന്നു.
ചടങ്ങുകള്‍ക്കിടയില്‍ ഒരു മാതാവ് കുഞ്ഞിന് കുപ്പിപ്പാല് നല്‍കുന്നത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇപ്പോഴും പല രാജ്യങ്ങളിലും വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് പൊതുസ്ഥലത്ത് വെച്ച് മുലപ്പാല്‍ നല്കിയാല് സ്ത്രീകള്‍ അധിക്ഷേപങ്ങള്‍ക്ക് വിധേയരാകാറുണ്ട്. വത്തിക്കാന്‍ ജീവനക്കാരുടെ കുട്ടികള്‍ക്കും റോം രൂപതയുടെ കീഴിലുള്ളവരുടെ കുട്ടികള്‍ക്കും മാത്രമാണ് പോപ്പ് മാമോദീസ നല്‍കാറുള്ളത്. ഇറ്റാലിയന്‍ തലസ്ഥാനമായ റോമിന്റെ ബിഷപ്പ് കൂടിയാണ് മാര്‍പാപ്പ.
Leave a Reply