ന്യൂസ് ഡെസ്ക്
സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ടു മെത്രാന്മാരെ പ്രഖ്യാപിച്ചു. മാർ ജോണ് നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെയും മാർ ജയിംസ് അത്തിക്കളം മധ്യപ്രദേശിലെ സാഗർ രൂപതയുടെയും മെത്രാന്മാരാകും. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ വിരമിച്ച ഒഴിവിലേക്കാണ് മാർ ജോണ് നെല്ലിക്കുന്നേൽ നിയമിതനായത്. സീറോ മലബാർ സഭയുടെ എറണാകുളത്തെ ആസ്ഥാനത്താണ് പ്രഖ്യാപനം നടന്നത്. സീറോ മലബാർ സഭാ തലവൻ മാർ ആലഞ്ചേരി നിയുക്ത ബിഷപ്പുമാരെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.
റവ. ഡോ. ജെയിംസ് അത്തിക്കളം മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ദി അപ്പസ്റ്റൽ (എംഎസ്ടി) സഭയുടെ സുപ്പീരിയർ ജനറാൾ, ഭോപ്പാൽ റൂഹാലയ മേജർ സെമിനാരി റെക്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭോപ്പാലിൽ സീറോ മലബാർ സഭാംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങളുടെ ചുമതല വഹിക്കുമ്പോളാണ് പുതിയ നിയോഗം.
റിട്ട. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ കോട്ടയം ചിങ്ങവനം അത്തികളം സി. പൗലോസിന്റെയും അന്നമ്മയുടെയും മൂന്നു മക്കളിൽ മൂത്തയാളാണ് 58 വയസുകാരനായ നിയുക്ത മെത്രാൻ. തൃപ്പൂണിത്തുറ ഗവ. കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ.എ.പി. സൂസമ്മ, എ.പി. തോമസ് എന്നിവർ സഹോദരങ്ങളാണ്.
ഇടുക്കി രൂപതാംഗമായ ഫാ.ജോണ് നെല്ലിക്കുന്നേൽ 1973 മാർച്ച് 22ന് പാലാ കടപ്ലാമറ്റം നെല്ലിക്കുന്നേൽ വർക്കി-മേരി ദമ്പതികളുടെ മകനാണ്. 1988-ൽ വൈദികപഠനം ആരംഭിച്ചു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി 1998 ഡിസംബർ 30ന് പുരോഹിതനായി അഭിഷിക്തനായി. പിന്നീട് നിരവധി ഇടവകകളിൽ സഹവികാരിയായി സേവനം ചെയ്ത ശേഷം റോമിൽ നിന്നും ലൈസൻഷ്യേറ്റും ഡോക്ടറേറ്റും നേടി.
Leave a Reply