കേംബ്രിഡ്ജ്: മനഃപൂര്‍വം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിപ്പിച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ചവര്‍ കുടുങ്ങി. വാഹനത്തിലെ ടെലിമാറ്റിക്സ് ബോക്സ് രേഖപ്പെടുത്തിയ വിവരങ്ങളില്‍ അപകടം മനപൂര്‍വം വരുത്തിയതാണെന്ന് തെളിഞ്ഞതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. കോടതിച്ചെലവായി 70,000 പൗണ്ട് നല്‍കാനും ക്ലെയിമുമായി എത്തിയവര്‍ക്ക് നിര്‍ദേശം നല്കി. 2015 ഫെബ്രുവരിയില്‍ ഹ്യുണ്ടായ് കാറും ബിഎംഡബ്ല്യു കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായെന്നും 87.921 പൗണ്ടിന്റെ നഷ്ടമുണ്ടായെന്നുമായിരുന്നു ഹ്യുണ്ടായ് കാര്‍ ഉടമയുടെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ക്ലെയിം ചെയ്തത്. ഈ തുകയുടെ ഭൂരിഭാഗവും അപകടത്തിന് ശേഷം മറ്റ് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചതിന്റെ ചെലവാണ്.
എന്നാല്‍ ഹ്യുണ്ടായ് കാറിന് ഇന്‍ഷുറന്‍സ് നല്‍കിയിരുന്ന ഇന്‍ഷ്വര്‍ദിബോക്സ് കമ്പനി കാറില്‍ ഘടിപ്പിച്ചിരുന്ന ടെലിമാറ്റിക്സ് ബോക്സിലെ വിവരങ്ങള്‍ കേംബ്രിഡ്ജ് കൗണ്ടി കോടതിയില്‍ തെളിവായി സമര്‍പ്പിച്ചു. വാഹനങ്ങള്‍ അബദ്ധത്തില്‍ കൂട്ടിമുട്ടിയതല്ലെന്ന് തെളിയിക്കുന്നതായിരുന്നു ഈ വിവരങ്ങള്‍. കാറില്‍ ഘടിപ്പിക്കുന്ന ബ്ലാക്ക്ബോക്സിന് സമാനമായ ഈ ഉപകരണം ബ്രേക്കിംഗ് സ്പീഡ്, ആക്സിലറേഷന് മുതലായ വിവരങ്ങള്‍ രേഖപ്പെടുത്തും. അപകടത്തിലുണ്ടായ നാശനഷ്ടങ്ങളേക്കുറിച്ച് വാഹന ഉടമകള്‍ നല്കിയ വിവരങ്ങളും ടെലിമാറ്റിക്സ് വിവരങ്ങളും തമ്മില്‍ ചേര്‍ച്ചയുണ്ടായിരുന്നില്ല.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ വാഹനം മനപൂര്‍വം ഇടിപ്പിച്ചതാണെന്ന് ഹ്യുണ്ടായ് ഓടിച്ചിരുന്ന സ്ത്രീ സമ്മതിച്ചു. വാഹനങ്ങള്‍ തമ്മില്‍ മൂന്ന് തവണ ഇടിച്ചിരുന്നുവെന്ന് ടെലിമാറ്റിക്സ് രേഖപ്പെടുത്തിയിരുന്നു. ആദ്യത്തെ ഇടിയിലുണ്ടായ നാശത്തേക്കാള്‍ വലുതായിരുന്നു രണ്ടാമത്തെയും മൂന്നാമത്തെയും കൂട്ടിയിടികള്‍ വാഹനത്തിന് നല്‍കിയത്. ഇതിനു ശേഷം ക്ലെയിം തുക കൂടുതല്‍ ആവശ്യപ്പെടുന്നതിനായി ചുറ്റിക ഉപയോഗിച്ച് അഞ്ചോ ആറോ തവണ വാഹനത്തില്‍ ഇടിച്ചതായും ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചു.
വാദങ്ങള്‍ക്കൊടുവില്‍ ബിഎംഡബ്ല്യു ഡ്രൈവറാണ് ഈ തട്ടിപ്പിനായി ഗൂഢാലോചന നടത്തിയതെന്ന് കോടതി കണ്ടെത്തി. ഹ്യുണ്ടായ് ഡ്രൈവറെ ഇയാള്‍ക്ക് നേരത്തേ പരിചയമുണ്ടായിരുന്നു. കോടതിയില്‍ നേരിട്ട് ഹാജരാകാതിരുന്ന ഹ്യുണ്ടായ് ഡ്രൈവര്‍ കുറ്റം സമ്മതിച്ചതായി എഴുതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതിച്ചെലവായി 70,000 പൗണ്ട് നല്കാന് ഇവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്. ടെലിമാറ്റിക്സ് വിവരങ്ങള്‍ ഇന്‍ഷുറന്‍സ് ക്ലെയിം തട്ടിപ്പുകള്‍ കുറയ്ക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാനാകും എന്നതിന് തെളിവാണ് ഈ സംഭവമെന്ന് ഇന്‍ഷ്വര്‍ദിബോക്സ് വക്താവ് ഏഡ്രിയന് സ്റ്റീല്‍ പറഞ്ഞു.
Leave a Reply