ആസിഡ് ആക്രമണത്തില്‍ 47കാരിയായ കെയറര്‍ കൊല്ലപ്പെട്ട കേസില്‍ 19കാരന് 17 വര്‍ഷം തടവ്. സെനറല്‍ വെബ്സ്റ്റര്‍ എന്ന 19 കാരനാണ് ശിക്ഷ ലഭിച്ചത്. ജോവാന്‍ റാന്‍ഡ് എന്ന 47 കാരി ആഡിസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിലാണ് വിധി. ആസിഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആദ്യമായാണ് ബ്രിട്ടനില്‍ ശിക്ഷ വിധിക്കുന്നത്. കേസില്‍ വെബ്സ്റ്റര്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഏപ്രിലില്‍ റീഡിംഗ് ക്രൗണ്‍ കോര്‍ട്ട് കണ്ടെത്തിയിരുന്നു. വെബ്‌സ്റ്ററിന്റെ പ്രവൃത്തിയാണ് റാന്‍ഡിന്റെ മരണത്തിന് കാരണമായതെന്ന് ജഡ്ജ് ആന്‍ജല മോറിസ് പറഞ്ഞു. വിധി പ്രസ്താവത്തിനു ശേഷം വെബ്സ്റ്റര്‍ ജഡ്ജിയെ അസഭ്യം പറയുകയും ചെയ്തു.

ജോവാന്‍ റാന്‍ഡ് ഹൈവൈക്കോമ്പിലെ ഫ്രോഗ്മൂറിലുള്ള ശ്മശാനത്തില്‍ തന്റെ മകളുടെ കല്ലറ സന്ദര്‍ശിച്ചതിനു ശേഷം ബെഞ്ചില്‍ ഇരിക്കുകയായിരുന്നു. ഇതിനു സമീപം മറ്റൊരാളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്ന വെബ്സ്റ്റര്‍ ബാഗിലുണ്ടായിരുന്ന ആസിഡ് അയാളുടെ ശരീരത്തിലേക്ക് ഒഴിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് ലക്ഷ്യം തെറ്റി റാന്‍ഡിന്റെ ശരീരത്തില്‍ വീഴുകയായിരുന്നു. 2017 ജൂണ്‍ 3നാണ് സംഭവമുണ്ടായത്. ശരീരമാസകലം ആസിഡ് വീണ് ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. പിന്നീട് ഈ വ്രണങ്ങളില്‍ അണുബാധയുണ്ടായി സെപ്റ്റിസീമിയ ബാധിച്ചാണ് റാന്‍ഡ് മരിച്ചത്. ആസിഡ് ആക്രമണം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് റാന്‍ഡിന്റെ മകള്‍ കാറ്റി പിറ്റ് വെല്‍ ആവശ്യപ്പെട്ടിരുന്നു.

തന്റെ കൈവശമുണ്ടായിരുന്ന ആസിഡിന് ഒരാളെ ഏതു വിധത്തില്‍ പരിക്കേല്‍പ്പിക്കാനാകുമെന്ന് വെബ്സ്റ്റര്‍ക്ക് അറിയാമായിരുന്നുവെന്ന് പിറ്റ് വെല്‍ അഭിപ്രായപ്പെട്ടു. ഒരാളെ ഉപദ്രവിക്കുക എന്ന ലക്ഷ്യവുമായാണ് അയാള്‍ ആസിഡ് പ്രയോഗിച്ചത്. എന്നാല്‍ അതിന് ഇരയായത് നിരപരാധിയായ ഒരു വ്യക്തിയായിരുന്നു. ഇത്തരം വസ്തുക്കള്‍ കൈവശം വെക്കുന്നവര്‍ അത് മറ്റുള്ളവരെ കൊലപ്പെടുത്താനോ പരിക്കേല്‍പ്പിക്കാനോ സാധ്യതയുള്ള ഒന്നാണെന്ന കാര്യം ഓര്‍മിക്കണമെന്നും പിറ്റ് വെല്‍ പറഞ്ഞു.