ചേര്‍ത്തല: പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും മുമ്പിൽ മുട്ട് മടക്കാതെ നീതിക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന അനുപമ… വാർത്തകളിൽ അല്ല മറിച്ച് പ്രവർത്തനങ്ങളിൽ മറ്റുള്ളവക്ക് മാതൃകയായ പെൺപുലി കളക്ടർ അനുപമ… ഇങ്ങനെ ഒരുപാട് പേരുടെ ആരാധനാപാത്രമായ കളക്ടർ… എന്നാൽ കെവിഎം ആശുപത്രിയില്‍ നേഴ്‌സുമാരുടെ സമരത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപയ്ക്ക് ഒരു നഴ്‌സിന്റെ തുറന്ന കത്ത്. സമരത്തില്‍ പങ്കെടുക്കുന്ന ജിജി ജേക്കബാണ് കളക്ടര്‍ക്ക് തുറന്ന കത്ത് എഴുതിയിരിക്കുന്നത്. അത് ഇങ്ങനെ..
കളക്ടര്‍ മാഡത്തിനു ഒരു തുറന്ന കത്ത്,
പെണ്‍ പുലിയായിരുന്ന കളക്ടര്‍ മാഡത്തിനു എന്താ പറ്റിയത് , വല്ലതും കണ്ടു പേടിച്ചോ ? ഉള്ളില്‍ ഒരു സ്ത്രീ എന്ന നിലയില്‍ അഭിമാനത്തോടെ മാത്രം ഓര്‍ക്കുന്ന ഒരു പേരാണ് അല്ലെങ്കില്‍ ഓര്‍ത്തിരുന്ന ഒരു പേരാണ് കളക്ടര്‍ അനുപമ ! കുത്തകകളുടെ ഭക്ഷ്യ മായം കണ്ടു പിടിച്ചു നടപടി എടുത്ത വീര ശൂര ,മന്ത്രിയെ കസേരയില്‍ നിന്ന് വലിച്ചു വാരി താഴെയിടാന്‍ പോന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയ ധീര ,ചുരുക്കി പറഞ്ഞാല്‍ ആരുടെ മുന്നിലും തലകുനിക്കാത്ത പെണ്‍ പുലി ,..ഇതൊക്കെയാണ് എന്റെയും എന്നെ പോലത്തെ ഒരുപാട് പേരുടെയും മനസ്സില്‍ അനുപമ എന്ന ആലപ്പുഴ ജില്ലാ കളക്ടറെ കുറിച്ചുള്ള സങ്കല്പം …
ഇപ്പൊ എന്ത് പറ്റി എന്നാണ് ചോദ്യമെങ്കില്‍ പറയാന്‍ ചിലതൊക്കെ എന്റെ കയ്യിലുണ്ട്. ചേര്‍ത്തല കെവിഎമ്മില്‍ നേഴ്‌സുമാര്‍ സമരം തുടങ്ങിയിട്ടിപ്പോ നൂറ്റമ്പത്തഞ്ചു ദിവസം ആവുകയാണ് .ഈ മാഡത്തിന്റെ അധികാര പരിധിയിലാണ് സമരം നടക്കുന്ന ആശുപത്രി .ഉള്ളത് പറയണമല്ലോ ആദ്യ നാളുകളില്‍ കളക്ടര്‍ മാം അല്ലെങ്കില്‍ കളക്ടര്‍ ചേച്ചി കട്ട സപ്പോര്‍ട്ടും ആയിരുന്നു. ഞങ്ങളുടെ സമര പന്തല്‍ സന്ദര്ശിച്ചപ്പോ ഞങ്ങള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ലായിരുന്നു …
സമരത്തില്‍ പങ്കെടുക്കുന്ന നൂറ്റി പന്ത്രണ്ടു പേരില്‍ നൂറ്റി പത്തു സ്ത്രീ സമര വളണ്ടിയര്‍മാര്‍ തല ഉയര്‍ത്തി തന്നെ ഇരുന്നു. കാരണം ജില്ല ഭരിക്കുന്നത് ഞങ്ങളില്‍ ഒരാളാണ് …പെണ്‍ പുലി ..ആരോ കണ്ണ് വെച്ച പോലെ ഞങ്ങളുടെ ആവേശം അധികം നീണ്ടില്ല എന്ന് പറയുന്നതാണ് സത്യം. ധനകാര്യ മന്ത്രിയും സ്ഥലം ജന പ്രതിനിധിയും കളക്ടറും സമരം തീര്‍ക്കാന്‍ ആശുപത്രി മാനേജുമെന്റിനെയും ഞങ്ങളെയും ചര്‍ച്ചക്ക് ഹോട്ടലിലേക്ക് വിളിപ്പിച്ചപ്പോ സമരം തീരാന്‍ പോവുകയാണെന്ന് തന്നെ ഞങ്ങളുടെ മനസ്സുകള്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു
സമരം തീര്‍ക്കാന്‍ ശക്തമായ നിലപാട് മാഡം ആ യോഗത്തില്‍ എടുത്തു .എന്നാല്‍ ഞങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ട് കളക്ടര്‍ മാഡത്തിന്റെ മേശയില്‍ ആഞ്ഞടിച്ചു ഞങ്ങള്‍ ആശുപത്രി അടച്ചിടും കഴിയാവുന്നത് ചെയ്‌തോളാന്‍ പറഞ്ഞു വെല്ലു വിളിച്ചു പോയ ആശുപത്രി പ്രതിനിധി ഡോക്ടര്‍ക്കെതിരെയോ മാനേജുമെന്റിനെതിരെയോ ചെറു വിരല്‍ അനക്കാന്‍ പിന്നീട് കളക്ടര്‍ക്ക് കഴിഞ്ഞിട്ടില്ല ..
കുറച്ചു കാലം അടച്ചിട്ടവര്‍ പിന്നെ തുറന്നു എന്നിട്ടും അന്ന് പോയ മാഡം പിന്നെ ആ വഴിക്ക് വന്നില്ല .ഞങ്ങള്‍ ഇങ്ങനെ കുറെ സ്ത്രീ ജന്മങ്ങള്‍ പെണ്‍ പുലിയില്‍ നിന്ന് പലതും പ്രതീക്ഷിച്ചത് മിച്ചം. ഇപ്പൊ ചരിത്ര പുസ്തകത്തിലെ ,അല്ലെങ്കില്‍ വായിച്ചു മറന്ന ഫാന്റസി കഥകളിലെ ചിതലരിച്ച കഥാപാത്രങ്ങളായി ഇവരൊക്കെ ഞങ്ങളുടെ മനസ്സില്‍ രൂപ പരിണാമം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് പക്ഷെ ഇപ്പോഴും വിശ്വസിക്കാന്‍ ആവുന്നില്ല. വലിയ സ്വാധീനം ഉള്ള കുത്തകകളെയും മന്ത്രിയെയും വെള്ളം കുടിപ്പിച്ച കളക്ടറെ മുഖത്തു നോക്കി അപമാനിച്ച ,വെല്ലു വിളിച്ച തൊഴില്‍ നിയമങ്ങള്‍ ധിക്കരിക്കുന്ന കെ വി എം ആശുപത്രി അധികൃതര്‍ക്കെതിരെ പിന്നെ എന്ത് കൊണ്ട് കളക്ടറുടെ നാവു പൊങ്ങുന്നില്ല ,ഉത്തരവിടുന്ന പേന മഷി ചുരത്തുന്നില്ല …
അപ്പൊ മാഞ്ഞു പോയ മന്ത്രിയെക്കാള്‍ ബലമുള്ള ആരോ ആശുപത്രി മുതലാളിമാര്‍ക്ക് വേണ്ടി ഇതിലിടപെടുന്നുണ്ട് ! കുറച്ചു കൂടെ സ്വാധീനമുള്ള ഒരാള്‍ ..കളക്ടര്‍ക്കും മീതെ ,കളക്ടര്‍ക്ക് പേടിക്കാവുന്ന ഒരാള്‍ ..അതാരാവും …? മാഡം ,താങ്കളെ പോലുള്ളവര്‍ കൂടി ഇങ്ങനെ പേടിച്ചു മൗനം ആചരിച്ചാല്‍ ഞങ്ങളെ പോലുള്ളവര്‍ ആരെ ആശ്രയിക്കും വിശ്വസിക്കും ..അത് കൂടി പറഞ്ഞു തരൂ …മാഡം വീണ്ടും ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനത്തിലേക്ക് ആ പഴയ പെണ്‍ സിംഹമായി ഉയിര്‍ത്തെഴുനേറ്റിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയോടെ …
Leave a Reply