നെടുമങ്ങാട് : പച്ചില മരുന്നുകളുടെ കാവലാളിന് രാജ്യത്തിന്റെ ആദരം. ആദിവാസി ഗോത്രസംസ്കാരത്തിന്റെ ചികിത്സാരഹസ്യങ്ങളെ പുതുതലമുറയിലേക്ക് പകര്‍ന്ന എഴുപത്തിയഞ്ചുകാരിയായ ലക്ഷ്മിക്കുട്ടിയെയാണ് റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിക്കുന്നത്. ലക്ഷ്മികുട്ടി അമ്മയ്ക്ക് നാട്ടു വൈദ്യത്തിനാണ് പത്മശ്രീ ലഭിച്ചത്.

പൊന്മുടി റോഡില്‍ വിതുരയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്ലാറായി. അവിടെ നിന്ന് വീണ്ടും രണ്ടുകിലോമീറ്റര്‍ താണ്ടിയാല്‍ ലക്ഷ്മിക്കുട്ടിയെന്ന വനമുത്തശ്ശിയുടെ നാട് ആരംഭിക്കുകയായി. ആദിവാസി സെറ്റില്‍മെന്റല്‍ കൊടുംകാട്ടില്‍ ഒറ്റപ്പെട്ട ഒരു പനയോല കെട്ടിയ വീട്. അവിടെയാണ് എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്.

പച്ചമരുന്ന് വൈദ്യത്തില്‍ പ്രഗത്ഭ, ഫോക്ലോര്‍ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി തുടങ്ങി നിരവധിയാണ് ഇവരുടെ വിശേഷങ്ങള്‍. ഇപ്പറഞ്ഞതെല്ലാം എട്ടാം ക്ലാസുവരെ മാത്രം പഠിച്ച ഒരു ആദിവാസി സ്ത്രീയെപ്പറ്റിയാണറിയുമ്ബോഴാണ് കൗതുകം.

1995ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നാട്ടുവൈദ്യരത്ന പുരസ്കാരം ലക്ഷ്മിയെത്തേടിയെത്തി. വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു അത്. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. അപ്പോഴേക്കും പാമ്ബുകടിയേറ്റ നൂറിലധികം പേരുടെ ജീവന്‍ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവര്‍ രക്ഷിച്ചിരുന്നത് ഏറെ പ്രശസ്തമായി.

ആദി ഗുരു പ്രപഞ്ചമാണ് തന്റെ ആദ്യ ഗുരുവെന്നാണ് ലക്ഷ്മിക്കുട്ടി പറയുന്നത്. കരിന്തേള്‍, കടുവാചിലന്തി, പേപ്പട്ടി തുടങ്ങി ഏതുജീവിയുടെ വിഷദംശനമേറ്റാലും ഈ ആദിവാസിസ്ത്രീയുടെ പക്കല്‍ കാട്ടുമുരുന്നുകളുണ്ട്. ഒന്നും നട്ടുപിടിപ്പിക്കുന്നതല്ല. എല്ലാം വനത്തില്‍നിന്നും എടുക്കുന്നതു തന്നെ.

ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡ്, അന്തര്‍ദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ ലക്ഷ്മിക്കുട്ടിയെ ആദരിച്ചിട്ടുണ്ട്. ഔഷധ സസ്യങ്ങളുടെ ഗന്ധവും, സുഗന്ധവും മാത്രമല്ല അതിന്റെ പ്രായോഗികരീതികളും ലക്ഷ്മിക്ക് കാണാപ്പാഠമാണ്.
അഞ്ഞൂറിലേറെ മരുന്നുകള്‍ ലക്ഷ്മിക്കുട്ടിയുടെ ഓര്‍മ്മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി ‘കാട്ടറിവുകള്‍’ എന്ന പുസ്തകമിറങ്ങിയത്.