നടി അക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവുകള്‍ ദിലീപിന് കൈമാറി. കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സി തെളിവുകള്‍ കേസിലെ പ്രധാന പ്രതിയായ ദിലീപിന് കൈമാറിയിരിക്കുന്നത്. കൈമാറിയ തെളിവുകളില്‍ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ഉള്‍പ്പെടും.
കേസിലെ തെളിവുകള്‍ കൈമാറണം എന്നാവിശ്യപ്പെട്ട് ദിലീപ് നേരത്തെ രണ്ട് ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജികള്‍ പരിഗണിച്ച കോടതി തെളിവുകള്‍ കൈമാറാന്‍ ഉത്തരവിടുകയായിരുന്നു. ദിലീപിന് നല്കാന് കഴിയുന്ന സിസിടിവി ദൃശ്യങ്ങളും കൂടാതെ 760 രേഖകളും ഇന്നലെ അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസിലെ സുപ്രധാന തെളിവായ നടി അക്രമിക്കപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയിട്ടില്ല. അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കേസിലെ പ്രതിയായ ദിലീപിന് കൈമാറിയാല്‍ നടിയുടെ സ്വകാര്യതയെ അത് ബാധിക്കുമെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യയുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞു. നേരത്തെ ഈ ദൃശ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് പരിശോധിക്കാന്‍ കോടതി അനുവാദം നല്‍കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഹാജരാക്കിയിരിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തവയാണെന്നും ഇക്കാര്യം തെളിയിക്കാനായി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.
Leave a Reply