ലണ്ടന്‍: ബ്രിട്ടനിലെ കുടിവെള്ള വ്യവസായം ദേശസാത്കരിക്കാനുള്ള ലേബര്‍ പാര്‍ട്ടി പദ്ധതിക്ക് രാജ്യത്തിന്റെ മൊത്തം പ്രതിരോധ ബജറ്റിൻറെ ഇരട്ടി തുക വേണ്ടിവരുമെന്ന് സൂചന. കഴിഞ്ഞ വര്‍ഷം ലേബര്‍ പ്രഖ്യാപിച്ച ഇടതു ചായ്വുള്ള പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കുടിവെള്ള കമ്പനികളുടെ ദേശസാത്കരണം. മുമ്പ് സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന കുടിവെള്ള വിതരണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പിന്നീട് സ്വകാര്യവല്‍ക്കരണത്തിന് വിധേയമായിരുന്നു. റെയില്‍വേ, റോയല്‍ മെയില്‍, ഇലക്ട്രിസിറ്റി ബോര്‍ഡ്, കുടിവെള്ള വിതരണം എന്നിവ ദേശസാത്കരിക്കുമെന്നാണ് ജെറമി കോര്ബിന് ജനങ്ങള്‍ക്ക് നല്കുന്ന വാഗ്ദാനം.
സോഷ്യല്‍ മാര്‍ക്കറ്റ് ഫൗണ്ടേഷന് എന്ന സ്വതന്ത്ര തിങ്ക്ടാങ്ക് നടത്തിയ പഠനമാണ് കുടിവെള്ള കമ്പനികളുടെ ദേശസാത്കരണത്തിനു വേണ്ടി വരുന്ന ഭീമമായ തുകയെക്കുറിച്ച് സൂചന നല്‍കുന്നത്. നിലവില്‍ കുടിവെള്ള വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന 19 കമ്പനികളുടെ ടേണോവര്‍, ആസ്തി മുതലായവ കണക്കുകൂട്ടിയാണ് ഈ അനുമാനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. 90 ബില്യന്‍ പൗണ്ട് ചെലവാക്കി നടത്തുന്ന ദേശസാത്കരണം മൊത്തം ദേശീയ കടം 5 ശതമാനം ഉയര്‍ത്തുമെന്നും എസ്എംഎഫ് കണ്ടെത്തി.
പ്രതിരോധ രംഗത്ത് മിനിസ്ട്രി ഓഫ് ഡിഫന്‍സിന്റെ വാര്‍ഷിക ബജറ്റ് 40 ബില്യന്‍ പൗണ്ടാണ്. അതിന്റെ ഇരട്ടിയിലേറെ വരും ഈ തുക. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എഡ്യുക്കേഷൻറെ ആനുവല്‍ ബജറ്റ് 86 ബില്യന്‍ പൗണ്ടാണ്. സുപ്രധാന മേഖലകളില്‍ ചെലവാക്കുന്നതിനേക്കാള്‍ അധികം തുക ഇതിനായി ചെലവാക്കേണ്ടി വരുമെന്ന സൂചനയാണ് തിങ്ക് ടാങ്ക് നല്‍കുന്നത്. ഈ ഭാരം ഒഴിവാക്കുന്നതിനായി വെള്ള കമ്പനികള്‍ കുറഞ്ഞ തുകയ്ക്ക് ഏറ്റെടുക്കാന്‍ ലേബര്‍ തീരുമാനിച്ചാല്‍ അത് കുടിവെള്ള വ്യവസായ മേഖലയിലെ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പോക്കറ്റിനെ ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
Leave a Reply