കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന തെളിവായ അക്രമത്തിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് കൈമാറേണ്ടതില്ലെന്ന് കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസിലെ സുപ്രധാന തെളിവായി കണക്കാക്കുന്ന ഈ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് കൈമാറെരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചിരുന്നത്. അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിലെ പ്രധാന ദൃശ്യങ്ങള്‍ കൈമാറുന്നതു വഴി ദിലീപ് കേസ് അട്ടിമറിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളിയത്. കേസില്‍ പൊലീസ് ഹാജരാക്കിയ തെളിവുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. നേരത്തെ ദിലീപിന്റെ ഹര്‍ജി പരിഗണിച്ച കോടതി ഗൗരവ സ്വഭാവമില്ലാത്ത തെളിവുകള്‍ കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് മൊഴിപ്പകര്‍പ്പുകള്‍, വിവിധ പരിശോധനാ ഫലങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ വിളി വിവരങ്ങള്‍ തുടങ്ങിയവ പൊലീസ് കൈമാറിയിരുന്നു.

പക്ഷേ കൈമാറിയ രേഖകളില്‍ ഗൗരവ സ്വഭാവമുള്ളവ ഉള്‍പ്പെട്ടിരുന്നില്ല. രണ്ട് പ്രതികളുടെ സംഭാഷണത്തിന്റെ ഫോറന്‍സിക് പരിശോധന ഫലവും അക്രമിക്കപ്പെടുന്ന സമയത്ത് നടിയുടെ വാഹനം കടന്നു പോയ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ മാത്രമാണ് ദിലീപിന് കൈമാറിയിട്ടുള്ളത്.