കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കെ. സുധാകരന്‍ 48 മണിക്കൂര്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചു. ശുഹൈബിന്റെ കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് നിരാഹാര സമരം. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.
ഇന്നു ചേര്‍ന്ന ഡിസിസി യോഗമാണ് നിരാഹാരസമരം സംബന്ധിച്ച തീരുമാനം കൈകൊണ്ടിരിക്കുന്നത്. സിപിഎം ചൂണ്ടിക്കാണിക്കുന്ന പ്രതികളെയല്ല, കൃത്യം നടത്തിയ യഥാര്‍ത്ഥ പ്രതികളെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. ജനാധിപത്യ വിശ്വാസികളായ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ സമരത്തിനുണ്ടാവണമെന്ന് സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അനിശ്ചിതകാല നിരാഹാര സമരമാണ് നേരത്തെ കണ്ണൂര്‍ ഡിസിസി തീരുമാനിച്ചിരുന്നത്. എന്നാല്‍ കെപിസിസി ഇടപെട്ട് സമരം 48 മണിക്കൂറായി ചുരുക്കുകയായിരുന്നു. പൊലീസ് അനാസ്ഥ തുടരുകയാണെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം ഉള്‍പ്പെടെ കടുത്ത സമരമാര്‍ഗങ്ങളിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ശുഹൈബിന്റെ കൊലപാതകത്തില്‍ സാംസ്‌കാരിക നായകന്‍മാര്‍ തുടരുന്ന മൗനത്തെ സുധാകരന്‍ നിശിതമായി വിമര്‍ശിച്ചു. മരം മുറിച്ചാല്‍ പോലും പ്രതികരിക്കുന്നവര്‍ ഇപ്പോള്‍ നിശബ്ദരാണെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply