ലണ്ടന്‍: കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍, പ്രത്യേകിച്ച് കോളകളുടെ ഉപയോഗം മനുഷ്യന്റെ പ്രത്യുല്‍പാദനശേഷിയെ ബാധിക്കുമെന്ന് പഠനം. ദിവസവും കോള കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമേയാണ് ഇത്. ദിവസവും ഒരു ക്യാന്‍ കോക്കകോള കുടിച്ചാല്‍ അത് സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതിനുള്ള സാധ്യത 20 ശതമാനം വരെ കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്. ഒരു ക്യാന്‍ കോക്കില്‍ 46 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം 30 ഗ്രാം പഞ്ചസാരയില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, കുട്ടികളില്‍ നേരത്തേയുണ്ടാകുന്ന ആര്‍ത്തവം, ശുക്ലത്തില്‍ ബീജങ്ങളുടെ എണ്ണം കുറയുക തുടങ്ങിയ അവസ്ഥകള്‍ക്ക് കോള ഉപയോഗം കാരണമാകുമെന്നാണ് വ്യക്തമായിരിക്കുന്നത്.
അതുകൊണ്ട് സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും കോളയുടെ ഉപയോഗം വന്ധ്യതയുണ്ടാക്കും. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ദ്ധരാണ് പഠനം നടത്തിയത്. അമേരിക്കയിലും ക്യാനഡയിലുമുള്ള 21നും 45നുമിടയില്‍ പ്രായമുള്ള 3828 സ്ത്രീകളില്‍ നടത്തിയ പഠനം പഞ്ചസാരയടങ്ങിയ പാനീയങ്ങളും വന്ധ്യതയുമായുള്ള ബന്ധം വ്യക്തമാക്കുന്നു. ഈ സ്ത്രീകളുടെ 1045 പങ്കാളികളെയും പഠനത്തിന് വിധേയരാക്കി. ജീവിതശൈലി, മെഡിക്കല്‍ ഹിസ്റ്ററി, ആഹാരം, കോളകളുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിഞ്ഞത്.
സ്ത്രീകളുടെ കോള ഉപയോഗം ഓരോ മാസത്തിലും ഗര്‍ഭം ധരിക്കാനുള്ള സാധ്യതകളെ 20 ശതമാനം ഇല്ലാതാക്കുന്നുണ്ടെന്ന് കണ്ടെത്തി. ഒന്നിലേറെ ക്യാനുകള്‍ ഉപയോഗിക്കുന്നവര്‍ ഗര്‍ഭിണികളാകാന്‍ 25 ശതമാനം സാധ്യത കുറവാണെന്നും വ്യക്തമായി. കോളകള്‍ ഉപയോഗിക്കുന്ന പുരുഷന്‍മാര്‍ക്ക് തങ്ങളുടെ പങ്കാളികളെ ഗര്‍ഭിണികളാക്കാനുള്ള കഴിവ് 33 ശതമാനം കുറയുന്നതായും പഠനം കണ്ടെത്തി. ഡയറ്റ് കോളകളും അമിതമായി പഞ്ചസാരയടങ്ങിയ ഫ്രൂട്ട് ജ്യൂസുകളും ഇതേവിധത്തില്‍ പാര്‍ശ്വഫലങ്ങളുള്ളവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Leave a Reply