ലോകപ്രശസ്ത ശീതളപാനീയ കമ്പനിയായ കോക്കകോള ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളുടെ വിപണിയിലേക്ക്. കമ്പനിയുടെ 130 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം വിപണിയിലെത്തിക്കുന്നത്. ജപ്പാനിലെ ജനപ്രിയ ലഹരിപാനീയമായ ചൂ-ഹി നിര്‍മിച്ച് വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഡിസ്റ്റില്‍ഡ് ഷോചു ആല്‍ക്കഹോളും ഫ്‌ളേവേര്‍ഡ് സോഡയും അടങ്ങിയതാണ് ഈ പാനീയം. ആല്‍ക്കഹോളിന്റെ അംശം കുറവായ ഈ പാനീയം ജപ്പാനിലായിരിക്കും ആദ്യം വിപണിയില്‍ എത്തിക്കുക. ചൂ-ഹിയുടെ നിരവധി ബ്രാന്‍ഡുകള്‍ വിപണിയിലുള്ള ജാപ്പനീസ് മാര്‍ക്കറ്റില്‍ കോക്കകോള കൂടുതല്‍ മത്സരം സൃഷ്ടിക്കും.

കോക്കകോള ജപ്പാന്‍ പ്രസിഡന്റ് ജോര്‍ജ് ഗാര്‍ഡൂനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യമായാണ് ആല്‍ക്കഹോള്‍ പാനീയ രംഗത്ത് കോക്കകോള പരീക്ഷണത്തിന് മുതിരുന്നതെന്നും പ്രധാന മേഖലയില്‍ നിന്ന് മാറി മറ്റ് മേഖലകളിലും സാധ്യതകള്‍ തേടുന്നതിന് ഉദാഹരണമാണ് ഇതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ചൂ-ഹി പാനീയങ്ങള്‍ ജപ്പാന്റെ മാത്രം പ്രത്യേകതയാണ്. ആല്‍ക്കഹോള്‍ അടങ്ങിയ കോക്കകോള ഡ്രിങ്കിന്റെ വില്‍പന ഈ പ്രത്യേകത മൂലം ജപ്പാനില്‍ തന്നെ ഒതുങ്ങാനാണ് സാധ്യത. 130 വര്‍ഷം മുമ്പ് അമേരിക്കയിലാണ് കോക്കകോള അവതരിപ്പിക്കപ്പെട്ടത്.

കര്‍ശനമായ നിയമങ്ങള്‍ മൂലം കോക്കകോളയില്‍ ആല്‍ക്കഹോള്‍ ചേര്‍ത്തിരുന്നില്ല. കോക്കകോള ലഹരി പാനീയ വിപണിയിലേക്ക് കടക്കാന്‍ മറ്റു കാരണങ്ങളുണ്ടെന്നും വിലയിരുത്തപ്പെടുന്നു. കോള ഉല്‍പന്നങ്ങള്‍ക്ക് ആഗോള തലത്തില്‍ വിപണിയിടിയുന്നത് കമ്പനിയെ ബാധിച്ചിട്ടുണ്ട്. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ജനങ്ങളുടെ തിരിച്ചറിവ് ശീതളപാനീയ വിപണിയെ ലോകമൊട്ടാകെ ബാധിച്ചിരുന്നു. ഇതു കൂടാതെ ജപ്പാനിലെ ചൂ-ഹി വിപണിക്കുണ്ടായ ദ്രുത വളര്‍ച്ചയും ഈ മേഖലയിലേക്ക് കാലെടുത്ത് വെക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.