ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന. 2017ല്‍ 38,528 യൂറോപ്യന്‍ പൗരന്‍മാര്‍ ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷം 15,460 അപേക്ഷകള്‍ മാത്രമായിരുന്നു ഈയിനത്തില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം പൗരത്വത്തിനായി അപേക്ഷിച്ച 1,41,302 പേരില്‍ 27 ശതമാനത്തിലേറെയാളുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 2012ല്‍ ഇത് വെറും 6 ശതമാനം മാത്രമായിരുന്നു.

ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ പൗരന്‍മാരുടെ അവസ്ഥ എന്തായിരിക്കുമെന്ന ആശങ്കയാണ് പൗരത്വത്തിനായുള്ള അപേക്ഷകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് സൂചിപ്പിക്കുന്നതെന്ന് കിംഗ്‌സ് കോളേജ് ലണ്ടനിലെ ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസി പ്രൊഫസര്‍ ജോനാഥന്‍ പോര്‍ട്ടെസ് പറഞ്ഞു. 2004ല്‍ യൂണിയനില്‍ ചേര്‍ന്ന എട്ട് സെന്‍ട്രല്‍, ഈസ്‌റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നെത്തിയ 13,306 പേരാണ് കഴിഞ്ഞ വര്‍ഷം പൗരത്വത്തിനായി അപേക്ഷിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ബ്രിട്ടീഷ് പൗരത്വത്തിനായി നല്‍കിയ അപേക്ഷകളില്‍ മൂന്നിരട്ടി വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മൂന്നാഴ്ചകളില്‍ 10,784 യൂറോപ്യന്‍ പൗരന്‍മാര്‍ ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്. 2016നേക്കാള്‍ ഇരട്ടി വര്‍ദ്ധനയാണ് ഇവയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ പൗരത്വത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകൡ 11 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.