ബ്രെക്‌സിറ്റ് ധാരണയില്‍ വീണ്ടും ചര്‍ച്ചക്കില്ലെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്. നിലവില്‍ അംഗീകരിച്ച ധാരണയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദമായ ഐറിഷ് ബാക്ക്‌സ്‌റ്റോപ്പ് ഉള്‍പ്പെടെയുള്ളവയില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടാണ് യൂറോപ്യന്‍ കൗണ്‍സില്‍ സ്വീകരിച്ചിരിക്കുന്നത്. സമയം അതിവേഗത്തില്‍ കഴിഞ്ഞുകൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും ടസ്‌ക് നല്‍കി. പാര്‍ലമെന്റില്‍ നേരിട്ട കനത്ത തിരിച്ചടിയെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനുമായി വീണ്ടും ചര്‍ച്ചകള്‍ നടത്താമെന്ന ധാരണയില്‍ വോട്ടിംഗ് വേണ്ടെന്നു വെച്ച തെരേസ മേയ്ക്ക് ഈ നിലപാട് തിരിച്ചടിയാകും.

വന്‍ പരാജയമുണ്ടാകും എന്നതിനാലാണ് തെരേസ മേയ് കോമണ്‍സ് വോട്ടിംഗില്‍ നിന്ന് പിന്മാറിയത്. ടോറി റിബലുകള്‍ ഉള്‍പ്പെടെ ബ്രെക്‌സിറ്റ് ധാരണക്കെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയതോടെയാണ് ബ്രസല്‍സുമായി വീണ്ടും ചര്‍ച്ചകള്‍ നടത്താമെന്നും കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെടാമെന്നും മേയ് അറിയിച്ചത്. പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം കുറിക്കും. ഹേഗില്‍ വെച്ച് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടുമായി മേയ് കൂടിക്കാഴ്ച നടത്തും.

200 വോട്ടുകള്‍ക്കെങ്കിലും പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പരാജയപ്പെടാന്‍ ഇടയുണ്ടായിരുന്നു. ഈ സാഹചര്യമാണ് അവസാന നിമിഷം നടത്തിയ പിന്‍മാറ്റത്തിലൂടെ മേയ് ഒഴിവാക്കിയത്. ഒന്നര മാസത്തേക്കെങ്കിലും ബ്രെക്‌സിറ്റ് ധാരണയില്‍ താമസമുണ്ടാകുമെന്നാണ് മെയ് നല്‍കുന്ന സൂചന.