സ്വന്തം ലേഖകന്‍
കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സിനിമാതാരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനകള്‍ അനാവശ്യമാണെന്ന് ആരാധകര്‍. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം ഐ എം വിജയന് കഴിഞ്ഞ തവണത്തെ ഫൈനല്‍ കളിയില്‍ ഗ്യാലറിയില്‍ സാധാരണക്കാര്‍ക്കൊപ്പമായിരുന്നു ടിക്കറ്റ് നല്‍കിയത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. സമാനമായ പ്രതിഷേധമാണ് ഈ വര്‍ഷവും ഉള്ളത്. കഴിഞ്ഞ ദിവസം ചെന്നൈയ്ക്കെതിരെ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാനെത്തിയ സിനിമാതാരങ്ങള്‍ക്ക് വിഐപി പരിഗണന നല്‍കിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ഒരു അഡാറ് ലൌവിലൂടെ പ്രശസ്തയായ പ്രിയ വാര്യര്‍ മുതല്‍ ജയസൂര്യവരെ വിവിഐപി പവലിയനില്‍ സ്ഥാനം പിടിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് ഉടമ സച്ചിന് ടെന്‍ഡുല്‍ക്കറും കളി കാണാന്‍ എത്തിയിരുന്നു. ഒരു സിനിമയിലെ ഗാനരംഗത്തിലെ ചെറിയൊരു ഭാഗം അഭിനയിച്ച താരങ്ങള്‍ക്ക് പോലും വിവിഐപി ടിക്കറ്റ് നല്കിയ ഐ എസ് എല്‍ അധികൃതര്‍ മലയാളി ഫുട്ബോള്‍ ഇതിഹാസങ്ങള്‍ക്ക് ഇതുവരെ അര്‍ഹിച്ച ആദരം പോലും നല്‍കിയിട്ടില്ല. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
മലയാളി ഫുട്ബോള്‍ ഇതിഹാസങ്ങളായ ഐഎം വിജയനും , ജോപോള്‍ അഞ്ചേരിയും , ആസിഫ് സഹീറും , ഷറഫലിയും ഉള്‍പ്പെടെ നിരവധി മുന്‍ താരങ്ങളെ ഐ എസ് എല്‍ അധികൃതര്‍ പരിഗണിക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്. മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയതോടെ പ്ലേഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചു. 17 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന് 25 പോയിന്റാണുള്ളത്. ബെംഗളൂരു എഫ്സിയുമായുള്ള അവസാന മത്സരത്തില്‍ ജയിച്ചാലും 28 പോയിന്റ് മാത്രമാണ് നേടാനാവുക. അതേസമയം 17 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുള്ള ചെന്നൈയിന് എഫ്സി പ്ലേ ഓഫ് എകദേശം ഉറപ്പിച്ചു.
Leave a Reply