അതിശൈത്യം തുടരുന്ന യുകെയില്‍ ഗ്യാസ് ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പുമായി ദി നാഷണല്‍ ഗ്രിഡ് (‘ഗ്യാസ് ഡിഫിസിറ്റ് വാണിംഗ്’). കഴിഞ്ഞ വ്യാഴാഴ്ച്ച രാജ്യത്തിന്റെ മൊത്തം ഗ്യാസ് ഉപയോഗം ഏതാണ്ട് 48 മില്ല്യണ്‍ ക്യൂബിക് മീറ്ററില്‍ കൂടുതലായിരുന്നെന്നും ഡിമാന്റിനു അനുസരിച്ച് ഗ്യാസ് ലഭ്യമാക്കുന്നത് തുടരാന്‍ കഴിയില്ലെന്നാണ് പുതിയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും യുകെ പവര്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍ പറയുന്നു. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പ് ആദ്യഘട്ടമാണെന്നും കാര്യങ്ങള്‍ അതീവ സങ്കീര്‍ണ്ണമായി തുടരുകയാണെന്നും കമ്പനിയുടെ വക്താവ് അറിയിച്ചു. പുതിയ മുന്നറിയിപ്പ് വെളളിയാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വ്യാവസായിക ഉപഭോക്താക്കളോട് ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാനാവിശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഓപ്പറേറ്റര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവസാനമായി ലഭിക്കുന്ന കാലാവസ്ഥ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് 50മില്ല്യണ്‍ ക്യൂബിക് മീറ്റര്‍ ഗ്യാസിന്റെ കുറവുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പ്രതികൂല കാലാസ്ഥയെ തുടര്‍ന്ന് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഗ്യാസ് ഉപയോഗത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാത്രിയില്‍ തുടരുന്ന വിതരണത്തില്‍ തടസ്സം നേരിടാന്‍ സാധ്യതയുണ്ടെന്ന് ഓപ്പറേറ്റര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.45 ഓടെയാണ് ഓപ്പറേറ്റര്‍ ഗ്യാസ് ക്ഷാമം നേരിട്ടേക്കാമെന്ന മുന്നറിയിപ്പ് വിപണിയെ അറിയിച്ചിരിക്കുന്നത്. നാഷണല്‍ ഗ്യാസ് നെറ്റ്വര്ക്കില് സുരക്ഷിതവും വിശ്വാസ യോഗ്യവുമായ രീതിയില്‍ ഗ്യാസ് വിതരണം നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം ഇതിനായി ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. വ്യാവസായിക രംഗത്ത് ഞ്ങ്ങള് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംരഭകരുമായി ആശയവിനിമയം നടത്തികൊണ്ടിരിക്കുകയാണ്. പുതിയ സാഹചര്യത്തെ ഗൗരവപൂര്‍വ്വം വിലയിരുത്തികൊണ്ടിരിക്കുകയാണെന്നും ഓപ്പറേറ്റര്‍ പറയുന്നു.
പ്രതികൂല കാലവസ്ഥ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ നിരവധി സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങള്‍ യുകെ സമീപ കാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും കടുപ്പമേറിയ തണുപ്പാണ് രാജ്യത്തുടനീളം അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. പല സ്ഥലങ്ങളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ശീതക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും പകല്‍ സമയങ്ങളില്‍ താപനില മൈനസ് 11 വരെ എത്തുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോഡ്, റെയില്‍, വിമാന ഗതാഗതം താറുമാറിയി കിടക്കുകയാണ്. അതിശൈത്യം അപകടം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പരിഭ്രാന്തരായ ഉപഭോക്താക്കള്‍ ഭക്ഷ്യ വസ്തുക്കള്‍ വന്‍തോതില്‍ വാങ്ങിക്കുകയാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ കാലവസ്ഥ അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
Leave a Reply