മെയ് മാസത്തിലെ കാലാവസ്ഥ ഓഗസ്റ്റ് മാസത്തിലേതിന് തുല്യമായിരിക്കുമെന്ന് പ്രവചനം. മെയ് മാസത്തില്‍ 194 മണിക്കൂറോളം സൂര്യ പ്രകാശം ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ വര്‍ഷം ബ്രിട്ടനില്‍ അനുഭവപ്പെട്ട അതിശൈത്യത്തില്‍ നിന്നും ശീതക്കാറ്റില്‍ നിന്നും മോചനം കൂടിയായിരിക്കും പുതിയ കാലാവസ്ഥാ മാറ്റങ്ങള്‍. 19 ഡിഗ്രി സെല്‍ഷ്യസ് ചൂടിന് മുകളില്‍ താപനില ഉയരുമെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഏതാണ്ട് 60 ദിവസത്തോളം ചൂടുള്ള കാലാവസ്ഥ തുടരുകയും ചെയ്യും. കാലാവസ്ഥയുടെ ക്രമത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ മഴ ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ട്. മെയില്‍ 16 ശതമാനം മഴ ലഭിക്കാനാണ് സാധ്യത. എന്നാല്‍ ഓഗസ്റ്റില്‍ ഇതിന് 8 ശതമാനത്തോളം വര്‍ദ്ധനവുണ്ടാകും.

കടുത്ത ശൈത്യകാലത്തിന്റെ ആലസ്യത്തിനു ശേഷം ബീച്ചുകളിലേക്ക് ആളുകള്‍ അവധിയാഘോഷത്തിന് എത്തുന്ന സമയമാണ് മെയ്. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മാസം കൂടിയാണ് ഇത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ബീച്ചുകളിലെ ആഘോഷങ്ങളും അവധിക്കാല യാത്രകളും നേരത്തെ ആസൂത്രണം ചെയ്തില്ലെങ്കില്‍ നിരാശപ്പെടേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ 40 വര്‍ഷത്തെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ മെയ് മാസത്തിലെ ശരാശരി സണ്‍ഷൈന്‍ മണിക്കൂറുകള്‍ 194 ആണെന്ന് മനസ്സിലാക്കാം. ജൂലൈയില്‍ 183ഉം ജൂണില്‍ 180ഉം ഓഗസ്റ്റില്‍ 172മാണ് ശരാശരി സണ്‍ഷൈന്‍ മണിക്കൂറുകള്‍. ഓഗസ്റ്റ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ആ സമയത്ത് സണ്‍ഷൈന്‍ കുറയുകയും ചെയ്യും.

മെയില്‍ ലഭിക്കുന്ന മഴയുടെ അളവ് 54 മില്ലി മീറ്ററാണ്. ജൂലൈയില്‍ 58ഉം ജൂണില്‍ 60ഉം ഓഗസ്റ്റില്‍ 67 മില്ലി മീറ്ററും ശരാശരി മഴ ലഭിക്കും. വരുന്ന ഏപ്രില്‍ 16 മുതല്‍ ബ്രിട്ടനില്‍ അനൗദ്യോഗിക സമ്മറിന് തുടക്കമാകുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മെയ് മാസത്തില്‍ പരമാവധി വെയില്‍ കായാനുള്ള ശ്രമം നാം നടത്തേണ്ടതുണ്ടെന്നും വരുന്ന രണ്ട് ബാങ്ക് അവധി ദിനങ്ങളും ബാര്‍ബിക്യൂ ദിനങ്ങളായി ഉപയോഗപ്പെടുത്താമെന്നും കാലാവസ്ഥാ നിരീക്ഷകനായ സിയാന്‍ ലോയിഡ് പറഞ്ഞു. ഞങ്ങള്‍ നടത്തിയ പഠനത്തില്‍ മെയ് മാസം കൂടുതല്‍ വരണ്ടതും ചൂടുള്ളതുമായിരിക്കുമെന്നും ഓഗസ്റ്റ് മാസത്തില്‍ സാധാരണഗതിയില്‍ ലഭിക്കുന്ന സൂര്യ പ്രകാശം ലഭിച്ചുകൊള്ളണമെന്നില്ലെന്നും കാലാവസ്ഥാ വിദഗ്ദ്ധന്‍ ജിം ബാകോണ്‍ പറഞ്ഞു.