കൊല്ലപ്പെട്ട സേവ്യര്‍ തേലക്കാട്ട് അച്ചന്റെ അമ്മയും കുടുബാംഗങ്ങളും കപ്യാര്‍ ജോണിയുടെ വീട്ടില്‍ എത്തി ജോണിയുടെ ഭാര്യയെയും മക്കളെയും സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ എത്തിയ വൈകിട്ട് അച്ചന്റെ അമ്മ ത്രേസ്യാമ്മയും കുടുബാംഗങ്ങളും ജോണിയുടെ വീട്ടില്‍ എത്തിയ പാടെ ജോണിയുടെ ഭാര്യ ആനിയും രണ്ടു മക്കളും ആ അമ്മയുടെ കാലില്‍ വീണു. പിന്നെ ഒരു കൂട്ടകരച്ചില്‍ ആയിരുന്നു. ആനിയെ എഴുന്നേല്‍പ്പിച്ച ത്രേസ്യാമ്മ എല്ലാം ദൈവത്തിനായി സമര്‍പ്പിക്കുന്നുവെന്നും, ജോണിയോട് ‘ദൈവത്തോടൊപ്പം ഞാനും ക്ഷമിച്ചിരിക്കുന്നു’ എന്നും നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. ശേഷം ത്രേസ്യാമ്മ ആനിയുടെ നെറുകയിൽ ചുംബിച്ചു. ജോണി ജയില്‍ മോചിതനാകുമ്പോള്‍ വീണ്ടും കാണാം എന്ന് പറഞ്ഞാണ് അച്ചന്റെ അമ്മയും കുടുംബവും മടങ്ങിയത്. 

മലയാറ്റൂര്‍ കുരിശുമുടിയില്‍ ജോണിയുടെ കുത്തേറ്റു മരിച്ച ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ സംസ്‌കാരം ശനിയാഴ്ചയാണ് നടന്നത്. കൊല ചെയ്യപ്പെട്ട മകന്റെ മൃതസംസ്‌കാരം നടന്നതിന്റെ പിറ്റേ ദിവസം തന്നെ കൊലപ്പെടുത്തിയ ആളിന്റെ വീട്ടില്‍ എത്തിയ ഈ അമ്മ, കര്‍ത്താവിന്റെ അമ്മ പരി. മറിയത്തിന്റെ പുനരവതാരമായിത്തീരുകയായിരുന്നു. ചങ്ക് തകര്‍ന്നിരിക്കുന്ന ഈ സമയത്തും അതിനു കാരണക്കാരായ ആളുടെ കുടുംബത്തുവന്നു അവരെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞ ഈ അമ്മ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ യഥാര്‍ത്ഥ മാതൃകയാണ് കണ്ണ് നിറയുന്ന രംഗങ്ങളിലൂടെ ആധുനികലോകത്തിനു പകരുന്നത്. ആ അമ്മ അവരോട് ക്ഷമിച്ചിരിക്കുന്നു. വലിയ മാനസിക വിഷമത്തില്‍ കഴിഞ്ഞ കുടുബങ്ങള്‍… അവര്‍ ദൈവസ്‌നേഹത്താല്‍ നിറഞ്ഞു. ക്രിസ്തീയ സ്‌നേഹത്തിന്റെ വിജയമാണിത്. യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യയുടെ മാതൃക കാട്ടിയ ഈ അമ്മ ക്രിസ്ത്യാനികളായ എല്ലാവര്‍ക്കും അഭിമാനവും പ്രചോദനവും ആയിത്തീര്‍ന്നിരിക്കുന്നു. കപ്യാർ ജോണിയുടെ ഭാര്യ കാല് പിടിച്ച് പറഞ്ഞതുപോലെ മലയാറ്റൂർകാർ അമ്മയോട് യാചിക്കുന്നു – ഞങ്ങളുടെ നാട്ടിനെ ശപിക്കരുത് – മാപ്പാക്കണം.

സംസ്‌കാര ശുശ്രൂഷകളുടെ ഭാഗമായുള്ള സമൂഹബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഏറെ ദുഃഖത്തോടെ നടത്തിയ അനുശോചന പ്രസംഗത്തില്‍ ‘നാം ഒരിയ്ക്കലും മരണത്തിന് കാരണക്കാരനായ സഹോദരനോട് വിദ്വേഷത്തിന്റെയോ പ്രതികാരത്തിന്റെയോ മനോഭാവം പുലര്‍ത്തരുത് എന്നും, ആ സഹോദരനോട് സഭയും താനും സഹമെത്രാന്മാരും ക്ഷമിച്ചിരിക്കുന്നു എന്നും’ പറഞ്ഞിരുന്നു. മലയാറ്റൂര്‍ പള്ളി വികാരി റവ.ഡോ. ജോണ്‍ തേയ്ക്കാനത്ത്, ഫാ. സേവ്യര്‍ തേലക്കാറ്റിന്റെ സഹോദരന്‍ സെബാസ്റ്റ്യന്‍ പോള്‍, സഹോദരി മോളി ബാബു, തലശേരി രൂപതയിലെ ഉരുപ്പുംകുറ്റി ഇടവക വികാരിയും ബന്ധുവുമായ ഫാ.ബിജു തേലക്കാട്ട്, അടുത്ത ബന്ധുക്കള്‍ എന്നിവരോടൊപ്പമാണു ത്രേസ്യാമ്മ ജോണിയുടെ വീട്ടിലെത്തിയത്. കുറവുകളെ നിറവുകളാക്കുന്ന അനശ്വരനായ നല്ല ദൈവം സേവ്യര്‍ തേലക്കാട്ട് അച്ചന്റേയും ജോണിയുടെയും കുടുംബങ്ങളെ കാത്തുസംരക്ഷിക്കട്ടെയെന്നു നമുക്കു പ്രത്യാശിക്കാം. എറണാകുളംഅങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണു ഫാ. സേവ്യര്‍ തേലക്കാട്ട്. 1966 ഒക്ടോബര്‍ 12നാണു ജനനം. സഹോദരങ്ങള്‍: മോളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെല്‍ന.

1993 ഡിസംബര്‍ 27നു ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. അങ്കമാലി, എറണാകുളം ബസിലിക്ക പള്ളികളില്‍ സഹവികാരി, തുണ്ടത്തുകടവ്, വരാപ്പുഴ, നായത്തോട്, ഉല്ലല, പഴങ്ങനാട് പള്ളികളില്‍ വികാരി, സിഎല്‍സി അതിരൂപത പ്രമോട്ടര്‍, പിഡിഡിപി വൈസ് ചെയര്‍മാന്‍, എറണാകുളം അമൂല്യ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഐടിസി ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. 2011 മുതല്‍ കുരിശുമുടി റെക്ടറാണ്. 2016ല്‍ എറണാകുളം ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി ബിരുദം നേടിയിട്ടുണ്ട്.