ക്യുബെക് സിറ്റി: ലോകത്തിലെ എല്ലാ മേഖലകളിലും സമരങ്ങള്‍ നടക്കാറുണ്ട്. ഇതില്‍ മിക്ക സമരങ്ങളും നിഷേധിക്കപ്പെട്ട അവകാശത്തിനായും തുല്ല്യ നീതി ലഭ്യമാക്കുവാനും ഒക്കെയായിരിക്കും. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്ഥമായ സമര ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ് കാനഡയിലെ ഒരു പറ്റം ഡോക്ടര്‍മാര്‍. ശമ്പളം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ക്യുബെക്കിലുള്ള ഒരു വിഭാഗം ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. തങ്ങളുടെ ശമ്പളത്തില്‍ വലിയ വര്‍ദ്ധനവാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നതെന്നും ഇത്രയധികം വേതനം ആവശ്യമില്ലെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്ന വേതന വര്‍ദ്ധനവ് റദ്ദാക്കി ആ പണം ആരോഗ്യമേഖലയിലെ മറ്റു ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉപയോഗിക്കണമെന്ന് ഇവര്‍ പറയുന്നു. ലോകത്തിലെ തന്നെ വ്യത്യസ്ഥമായ ആവശ്യമുന്നയിച്ചുള്ള സമരങ്ങളില്‍ ഒന്നായിരിക്കും ഇത്. ശമ്പളം വര്‍ദ്ധിപ്പിച്ച നടപടിയെ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഒപ്പിട്ട പരാതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

വേതന വര്‍ദ്ധിപ്പിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ഒപ്പ് ശേഖരണവുമായി ഡോക്ടര്‍മാര്‍ മുന്നോട്ടു പോകുന്നത്. ഫെബ്രുവരി 25 മുതല്‍ ആരംഭിച്ച് ഒപ്പു ശേഖരണത്തില്‍ നൂറു കണക്കിന് ഡോക്ടര്‍മാര്‍ ഇതിനോടകം പങ്കാളിയായി കഴിഞ്ഞു. നിലവില്‍ ശമ്പള വര്‍ദ്ധിപ്പിക്കാനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത് 70 കോടി ഡോളറാണ്. ഈ തുക നഴ്സുമാര്‍ക്കും ആരോഗ്യരംഗവുമായി ബന്ധപ്പെട്ട മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ശമ്പളവര്‍ധനയ്ക്കായി ഉപയോഗിക്കണമെന്ന് ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ശമ്പള വര്‍ദ്ധനവിനേക്കാളും മികച്ച ആരോഗ്യ സംവിധാനം വളര്‍ത്തിയെടുക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ക്യുബെക്കിലെ പതിനായിരത്തോളം വരുന്ന ഡോക്ടര്‍മാരുടെ പ്രതിവര്‍ഷ ശമ്പളത്തില്‍ 1.4 ശതമാനത്തിന്റെ വര്‍ദ്ധനവിനാണ് സര്‍ക്കാര്‍ അധികൃതര്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. അതായത് പ്രതിവര്‍ഷം ഏകദേശം 403,537 ഡോളറിന്റെ വേതന വര്‍ധനവുണ്ടാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരോഗ്യ മേഖലയില്‍ ജോലിയെടുക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് അതീവ ദുര്‍ഘടമായി തൊഴില്‍ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്ല്യങ്ങള്‍ വെട്ടിക്കുറച്ചത് രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അതീവ ശ്രദ്ധയോടെ പരിഹരിക്കേണ്ട ഇത്തരം വിഷയങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഞെട്ടലുളവാക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ നല്‍കിയിട്ടുള്ള പരാതിയില്‍ ചൂണ്ടികാണിക്കുന്നു. ആശുപത്രികളിലെ ശോചനീയാവസ്ഥ ചൂണ്ടി കാണിച്ച് എമിലി റികാര്‍ഡ് എന്ന നഴ്സ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഏതാണ്ട് 5000 ത്തോളം പേര്‍ ഇത് ഷെയര്‍ ചെയ്തു. ദിവസവും ഒരു നഴ്സിന് 70 രോഗികളെ വരെ പരിചരിക്കേണ്ട അവസ്ഥയാണെന്നും ആരോഗ്യ പരിപാലന സംവിധാനം തകര്‍ച്ചയെ നേരിടുകയാണെന്നും അവര്‍ വീഡിയോയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഡോക്ടര്‍മാരുടെ ആവശ്യം പ്രകാരം ശമ്പള വര്‍ദ്ധിപ്പിച്ച നടപടി റദ്ദാക്കാമെന്ന് ക്യുബെക് ആരോഗ്യ മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പക്ഷേ ഭൂരിപക്ഷം ഡോക്ടര്‍മാരും ഈ ആവശ്യത്തെ പിന്തുണച്ചാല്‍ മാത്രമെ പുതിയ നടപടി റദ്ദാക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.