കുട്ടികള്‍ സോഷ്യല്‍ മീഡിയകളില്‍ ചെലവഴിക്കുന്ന സമയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്റ് സ്‌പോര്‍ട്ട് സ്‌റ്റേറ്റ് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അഭിപ്രായപ്പെട്ടു. കൂടുതല്‍ സമയം ഡിജിറ്റല്‍ ലോകത്ത് ചെലവഴിക്കുന്നത് കുട്ടികളെ മോശമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കിടില്‍ വര്‍ധിക്കുന്ന സ്‌ക്രീന്‍ ടൈം ഉപയോഗം കുറച്ചുകൊണ്ടു വരുകയെന്നത് ഗൗരവപൂര്‍ണമായി ചിന്തിക്കേണ്ട വസ്തുതയാണെന്നും വയസ്സ് സാക്ഷ്യപ്പെടുത്തുന്ന സംവിധാനം ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചെറിയ കുട്ടികള്‍ സോഷ്യല്‍ മീഡിയകളില്‍ ഒരുപാട് സമയം ചെലവഴിക്കുന്നത് അവരുടെ തന്നെ ജീവിതത്തെ സാരമായി ബാധിക്കാനുള്ള സാധ്യതയുള്ളതായി ദി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

യുവാക്കളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ നിയന്ത്രിക്കണമെന്ന് ഞാനിപ്പോള്‍ പറയുന്നില്ല. എന്നാല്‍ വ്യത്യസ്ഥമായ പ്രായം കണക്കിലെടുത്ത് നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സമയത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നിയന്ത്രണങ്ങളില്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളുടെ ആരോഗ്യ നിലയെ കാര്യമായി ബാധിക്കുമെന്നും പുകവലിയോളം തന്നെ അപകടം നിറഞ്ഞതാണ് ഇത്തരത്തിലുള്ള പ്രവണതകളെന്നും കഴിഞ്ഞ മാസം ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് അഭിപ്രായപ്പെട്ടിരുന്നു. ഹെല്‍ത്ത് സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് ശേഷം പുറത്തു വന്നിരിക്കുന്ന മന്ത്രിയുടെ അഭിപ്രായം അതീവ പ്രാധ്യാന്യത്തോടു കൂടിയാണ് ആളുകള്‍ കാണുന്നത്. കഴിഞ്ഞ 12 മാസങ്ങളിലെ സോഷ്യല്‍ മീഡിയ ഉപയോഗം വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെയും ക്ഷേമത്തെയും സാരമായി ബാധിക്കുന്നതായി അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ആന്റ് കോളേജ് ലീഡേര്‍സ് നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.

മിക്ക സ്‌കൂള്‍ ലീഡേര്‍സും കുട്ടികളുടെ മാനസിക ഉത്സാഹത്തിനെ സോഷ്യല്‍ മീഡിയ ഉപയോഗം സ്വാധിനിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി സര്‍വ്വേ ഫലം പറയുന്നു. അമിത സോഷ്യല്‍ മീഡിയ ഉപയോഗം ഉത്കണ്ഠയും വിഷാദ രോഗവും ഉണ്ടാക്കുന്നതായി റോയല്‍ സോസൈറ്റി ഫോര്‍ പബ്ലിക്ക് ഹെല്‍ത്ത് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. യുകെയില്‍ ഏകദേശം 850,000 കുട്ടികള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിലെ തന്നെ സുരക്ഷിത മേഖലയായി ഓണ്‍ലൈന്‍ രംഗത്തെ വളര്‍ത്തിയെടുക്കുകയെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഇതിനായി പുതിയ ഭേദഗതികള്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍.