ലണ്ടന്‍: കുട്ടികളുടെ സോഷ്യല്‍ മീഡിയ അഡിക്ഷന്‍ നിയന്ത്രിക്കുന്നതിനായി കര്‍ശന നിയമം കൊണ്ടുവരാനൊരുങ്ങി കമ്മീഷ്ണര്‍. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ സ്‌കൂള്‍ ദിവസങ്ങളിലെ രാത്രികാലങ്ങളില്‍ കുട്ടികള്‍ക്ക് നോട്ടിഫിക്കേഷന്‍, ഇതര സന്ദേശങ്ങള്‍ കൈമാറുന്ന സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളില്‍ നിന്ന് 18 മില്യണ്‍ പൗണ്ട് നഷ്ടപരിഹാരം ഈടാക്കും. രാത്രികാലങ്ങളില്‍ കുട്ടികളെ ഇത്തരം നോട്ടിഫിക്കേഷനുകള്‍ ശല്യം ചെയ്യുന്നതായി കണക്കാക്കിയായിരിക്കും നടപടി. പുതിയ ഭേദഗതി നടപ്പിലാക്കാനുള്ള പ്രാരംഭഘട്ട ആലോചനകളിലാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷ്ണറായ എലിസബത്ത് ഡെന്‍ഹാം.

രാത്രികാലങ്ങളില്‍ കുട്ടികളെ ഓണ്‍ലൈനില്‍ നിര്‍ത്താന്‍ സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്ന ചില സ്ട്രാറ്റജികളുടെ ഭാഗമാണ് മിക്ക നോട്ടിഫിക്കേഷനുകളും ഓട്ടോ പ്ലേയുമെല്ലാമെന്ന് എലിസബത്ത് ഡെന്‍ഹാം ചൂണ്ടിക്കാട്ടുന്നു. ഇത്തരം സ്ട്രാറ്റജികളെയായിരിക്കും പുതിയ ഭേദഗതി ലക്ഷ്യം വെക്കുകയെന്നും എലിസബത്ത് ഡെന്‍ഹാം വിശദീകരിച്ചു. സ്‌കൂള്‍ ദിവസങ്ങളിലെ രാത്രി സമയങ്ങളില്‍ കുട്ടികളുടെ ഉറക്കമോ പഠനമോ നഷ്ടപ്പെടുത്തിക്കൊണ്ട് വരുന്ന എല്ലാവിധ സന്ദേശങ്ങളും അറിയിപ്പുകളും നിരോധിക്കുകയാണ് പുതിയ ഭേദഗതിയുടെ ഉദ്ദേശം. സോഷ്യല്‍ മീഡിയ ഭീമന്മാര്‍ നിയമം തെറ്റിച്ചാല്‍ വന്‍തുക പിഴയൊടുക്കേണ്ടതായി വരുമെന്നതാണ് മറ്റൊരു പ്രത്യേകത.

കുട്ടികളെ ഓണ്‍ലൈനില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതിനായി ആപ്ലിക്കേഷനുകള്‍ തയ്യാറാക്കിയിരിക്കുന്ന പദ്ധതിയെക്കുറിച്ചായിരിക്കും താന്‍ കൂടുതല്‍ വിശകലനത്തിന് ശ്രമിക്കുകയെന്ന് എലിസബത്ത് ഡെന്‍ഹാം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഭേദഗതി ഇത്തരം പ്രവണതകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ടോയെന്ന് ആഴത്തില്‍ വിശകലനം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. പ്രധാനമായും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുകയെന്നതാണ് ഭേദഗതിയുടെ ലക്ഷ്യം. കൂട്ടുകാരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കുട്ടികളുടെ സാമൂഹിക ജീവിതത്തിന് കൂടുതല്‍ പ്രധാന്യം നല്‍കാന്‍ കൂടിയാണ് പുതിയ ഭേദഗതി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.