ബെല്‍ഫാസ്‌റ്: അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യുണിസ്റ്റിന്റെ ബെല്‍ഫാസ്‌റ് ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു. ദേശീയ സെക്രട്ടറി സ. ഹര്‍സേവ് ബെയിന്‍സ് പങ്കെടുത്ത സമ്മേളനത്തില്‍ സ. എബി എബ്രഹാമിനെ ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. സമീക്ഷ ദേശീയ സെക്രട്ടറി എസ്.എസ് ജയപ്രകാശ്, ബെല്‍ഫാസ്റ്റ് സൗത്ത് ചാപ്റ്റര്‍ സെക്രട്ടറി നെല്‍സണ്‍ പീറ്റര്‍, ലണ്ടന്‍ ഡറി ചാപ്റ്റര്‍ സെക്രട്ടറി ബൈജു നാരായണന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ഭാവിയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മലയാളി ജന വിഭാഗങ്ങള്‍ക്ക് ഉപകാരപ്രദമായ കാമ്പെയിനുകള്‍ ഏറ്റെടുക്കാന്‍ സമ്മേളനം തീരുമാനിച്ചു. തൊഴില്‍ സ്ഥലങ്ങളില്‍ നടക്കുന്ന വര്‍ണ്ണ വിവേചനത്തിന് എതിരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് എല്ലാ പിന്തുണയും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കും എന്ന് സ. ഹര്‍സേവ് ബെയിന്‍സ് അറിയിച്ചു. വടക്കന്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ തൊഴില്‍ ശക്തിക്ക് പ്രദേശത്തെ എല്ലാ യൂണിയനുകളുടെയും പിന്തുണ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഉറപ്പു വരൂത്തും എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
കൂടാതെ വടക്കന്‍ അയര്‍ലണ്ടിന്റെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് എ.ഐ.സിയുടെയും മറ്റു ബഹുജന സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. ഈ മാസം അവസാനത്തോട് കൂടി യു.കെ ദേശീയ സമ്മേളനത്തിന് എത്തുന്ന സ: സീതാറാം യെച്ചുരിക്ക് ബെല്‍ഫാസ്റ്റ് ബ്രാഞ്ച് അഭിവാദ്യം അര്‍പ്പിച്ചു. ഇന്ത്യയിലും മലയാളികള്‍ അടക്കമുള്ള യു.കെ ഇന്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് ഇടയിലും വര്‍ദ്ധിച്ചു വര്‍ഗ്ഗീയ ഫാസിസത്തിന് എതിരെ സമ്മേളനം പ്രമേയം പാസ്സാക്കി;
പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ ചേര്‍ക്കുന്നു.
വര്‍ഗ്ഗീയ ഫാസിസം അവസാനിപ്പിക്കുക;
എതിരഭിപ്രായങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന ഫാസിസ്റ്റ് പ്രവണതകള്‍ സമകാലിക ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുത്തക മുതലാളിമാര്‍ക്ക് തീറെഴുതി കൊടുത്ത നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം അഴിമതിയും വര്‍ഗ്ഗീയതയും കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. നീരവ് മോഡി, വിജയ് മല്യ തുടങ്ങിയ സമാപ്തിക തട്ടിപ്പുകള്‍ക്ക് അന്തരാഷ്ട്ര സ്വാഭാവം ഉണ്ടായത് യാദൃശ്ചികം അല്ല.
മനുഷ്യന്റെ സ്വതന്ത്ര ചിന്തയും ശാസ്ത്ര ധാരണകളേയും ചരിത്രബോധത്തെയും നിഷേധിച്ച് പകരം മിത്തുകളെ സ്ഥാപിക്കുന്നതിനും കപട ദേശീയത ഉറപ്പിച്ചെടുക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്ര ജനാധിപത്യ മതേതര രാഷ്ട്ര സങ്കല്‍പ്പത്തെ റദ്ദുചെയ്യലാണിത്. ഇതേ സമയം കലാസാംസ്‌കാരിക സാഹിത്യ-അക്കാദമിക് മേഖലകളില്‍ സ്വര്‍ഗ്ഗാത്മകവും സ്വതന്ത്രവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും വിദ്യാഭ്യാസ മേഖലയെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ തുടരുകയാണ്. നവോത്ഥാന നായകരെ ജാതിവക്താക്കളായി ചിത്രീകരിക്കുകയും സ്വാതന്ത്ര്യത്തിനും ജനാധിപത്യ ഇന്ത്യയ്ക്കുമായി പ്രവര്‍ത്തിച്ച ദേശീയ നേതാക്കളുടെ പേരില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച്, അവരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. ഘര്‍വാപ്പസി, പെരുമാള്‍ മുരുകന് എഴുത്തുനിര്‍ത്തേണ്ടി വന്നത്, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരം, വര്‍ഗ്ഗീയ കലാപങ്ങള്‍, ബീഫ് നിരോധനം തുടങ്ങിയവ ഭ്രാന്തമായ മതബോധത്തില്‍ സംഭവിക്കുന്നതാണ്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വര്‍ഗ്ഗീയതയ്ക്കും എതിരെ വിമര്‍ശനാത്മക സമീപനം സ്വീകരിച്ച നരേന്ദ്ര ധബേല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, പ്രൊഫ. എം.എം. കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത് വരാനിരിക്കുന്ന ഭരണകൂട ഭീകരതയുടെ സൂചനയാണ്. ഈ ഫാസിസ്റ്റ് ഭരണത്തിനെതിരെ നിശബ്ദത പാലിക്കുന്നത് നമ്മള്‍ ദീര്‍ഘകാലം കൊണ്ടു രൂപപ്പെടുത്തിയെടുത്ത ജനാധിപത്യ മതേതരത്വ സംസ്‌കാരത്തെ ഇല്ലാതാക്കലാണ്. യു.കെയിലേക്ക് കുടിയേറി പാര്‍ത്ത ഇന്ത്യന്‍ ജനവിഭാങ്ങള്‍ക്ക് ഇടയില്‍ സംഘപരിവാര്‍ ശക്തികള്‍ രൂപം നല്‍കിയ സിലബറ്റിക്കല്‍ ഹിന്ദുയിസം പഠിപ്പിക്കാന്‍ ആര്‍.സ്.എസ് നേതൃത്വത്തില്‍ സംഘടിത ശ്രമം നടക്കുന്നുണ്ട്. ഹിന്ദു മത വിശ്വാസത്തെ സനാദന സത്തയില്‍ നിന്നും അടര്‍ത്തി മാറ്റി വെറും വര്‍ഗ്ഗീയ വിഭാഗം ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ആണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. മാനവ സ്‌നേഹത്തിനും, മനുഷ്യത്വത്തിനും, യുക്തിപരമായ ചിന്തകള്‍ക്കും എതിരെ നടക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് നടപടികളോട് സമ്മേളനം പ്രമേയത്തിലൂടെ പ്രതിഷേധിക്കുന്നു.
Leave a Reply