അണ്ണാഡിഎംകെ വിമതനേതാവ് വി.കെ.ശശികലയുടെ ഭർത്താവ് എം.നടരാജൻ(76) അന്തരിച്ചു. ചെന്നൈയിലെ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ കരൾ, വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജനെ രണ്ടാഴ്ച മുന്‍പാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചത്. മാറ്റിവച്ച വൃക്കയും കരളും പ്രവർത്തനരഹിതമാവുകയും ശ്വാസകോശ അണുബാധ മൂർച്ഛിക്കുകയും ചെയ്തിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവൻ നിലനിർത്തിയിരുന്നത്.
വര്‍ഷങ്ങളായി പൊതുരംഗത്ത് സജീവമല്ലാത്ത നടരാജന് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണ ശേഷമാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. എഐഎഡിഎംകെയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നില്ലെങ്കിലും ഒ.പനീര്‍ശെല്‍വം വിമതസ്വരം ഉയര്ത്തിയപ്പോഴടക്കം ശശികലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അനധികൃതസ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോൾ പാർട്ടി നേതൃത്വം സഹോദരീപുത്രന് ടി.ടി.വി.ദിനകരനെയാണ് ശശികല ഏൽപ്പിച്ചത്.
അനധികൃത സ്വത്തു സമ്പാദനക്കേസിൽ ബംഗളൂരുവിലെ ജയിലിൽ കഴിയുന്ന ശശികല ഭർത്താവിനെ കാണാനായി പരോൾ അപേക്ഷ നൽകിയിരുന്നു. ഒക്ടോബറില്‍ നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശശികലയ്ക്ക് അഞ്ചുദിവസം പരോള്‍ അനുവദിച്ചിരുന്നു.
Leave a Reply