കൊച്ചി: ദുഃഖവെള്ളി ദിനത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിന് മുന്നില്‍ കര്‍ദിനാളിനെതിരേ പ്രതിഷേധപ്രകടനം. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ചര്‍ച്ച് ആക്ഷന്‍ കൗണ്‍സിലാണ് പ്രതിഷേധപ്രകടനം നടത്തിയത്.
നാലു മണിയോടെ ബിഷപ്പ് ഹൗസിനോട് അടുത്തുള്ള സെന്റ് മേരീസ് ബസലിക്കയില്‍ ദുഃഖവെള്ളി പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെയാണ് ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിഷേധപ്രകടനവുമായെത്തിയത്.
സഭാ ഭൂമിയിടപാടിലെ കുംഭകോണം ആവര്‍ത്തിക്കാതിരിക്കാന്‍ ചര്‍ച്ച് ആക്ട് നടപ്പിലാക്കുക, യേശുവിന്റെ കാരുണ്യദര്‍ശനത്തെ സാക്ഷാത്കരിക്കാന്‍ ചര്‍ച്ച് ആക്ട് നടപ്പിലാക്കുക തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് ഇവരെത്തിയത്.
പീഡാനുഭവത്തെ അനുസ്മരിച്ചുള്ള യാത്രയ്ക്ക് സമാനമായി കുരിശേന്തിയ ക്രിസ്തു വേഷമണിഞ്ഞയാളും പ്രതിഷേധക്കാര്‍ക്കൊപ്പം ഉണ്ടായിരുന്നു. പ്രാര്‍ത്ഥന നടക്കുന്ന ബസലിക്ക കടന്ന് ഇവര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ നിലയുറപ്പിച്ചു.
ബിഷപ്പ് ഹൗസിലും പരിസരത്തും ഉണ്ടായിരുന്ന വിശ്വാസികളും ഇങ്ങോട്ടെത്തിയതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയും ഉണ്ടായി. എന്നാല്‍, ഇവിടെ പോലീസ് നേരത്തേ നിലയുറപ്പിച്ചിരുന്നതിനാല്‍ സംഘര്‍ഷം ഒഴിവായി.
പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും അവര്‍ പിന്‍മാറാന്‍ തയാറായില്ല. ഒടുവില്‍, പള്ളിയില്‍ നിന്നും വിശ്വാസികള്‍ പ്രദക്ഷിണത്തിനായി പുറത്തുവരുന്നതിന് മുമ്പേ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് മാറ്റി.
സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളെ ബിഷപ്പ് ഹൗസിന് മുന്നില്‍നിന്ന് നീക്കിയതെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ലാല്‍ജി പറഞ്ഞു.
പള്ളിയില്‍ നിന്ന് പ്രദക്ഷിണത്തിനായി രണ്ടായിരത്തോളം വിശ്വാസികള്‍ പുറത്തിറങ്ങുമ്പോള്‍ പരിമിതമായ പോലീസുകാരെക്കൊണ്ട് ഇവര്‍ക്ക് സുരക്ഷയൊരുക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply