സ്കോട്ടിഷ് ഹൈലാന്‍ഡിലെ ഡൂണ്‍റേയ് ആണവനിലയത്തില്‍ നിന്നുള്ള ആണവമാലിന്യം അമേരിക്കയിലേക്ക് കടത്തുന്നു. സമ്പുഷ്ട യുറേനിയം ഉള്‍പ്പെടെയുള്ള ആണവ ഇന്ധനങ്ങള്‍ അമേരിക്കയിലേക്ക് കടത്താനായി യുഎസ് എയര്‍ഫോഴ്സിന്റെ രഹസ്യ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. സൗത്ത് കരോളിനയിലേക്ക് പോകുന്ന വിമാനങ്ങള്‍ വിക്ക് ജോണ്‍ ഒ’ഗ്രോട്ട്സ് വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. ഈ വിമാനങ്ങള്‍ അടുത്ത വര്‍ഷം അവസാനം വരെ സര്‍വീസ് തുടരുമെന്നാണ് വിവരം. എന്നാല്‍ ഇങ്ങനെയൊരു കൈമാറ്റത്തേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
ഡൂണ്‍റേയ്, ന്യൂക്ലിയര്‍ ഡീകമ്മീഷനിംഗ് അതോറിറ്റി, സ്കോട്ട്ലാന്‍ഡ് പോലീസ്, സിവില്‍ ന്യൂക്ലിയര്‍ കോണ്‍സ്റ്റാബുലറി, വിക്ക് എയര്‍പോര്‍ട്ട് എന്നിവ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. വിമാനത്താവളത്തിനു ചുറ്റുമുള്ള റോഡുകള്‍ അടക്കുമെന്ന് ഹൈലാന്‍ഡ് കൗണ്‍സില്‍ ജനങ്ങള്‍ക്ക് വിവരം നല്‍കിയതോടെയാണ് ഈ വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തായത്. ആണവമാലിന്യം കൊണ്ടുപോകുന്നതിനാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കേണ്ടി വന്നതെന്ന് രണ്ട് ദിനപ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങള്‍ക്ക് ദോഷകരമാകുമെന്നതിനാലാണ് മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
2019 സെപ്റ്റംബര്‍ 30 വരെയാണ് പ്രദേശത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് തവണ കൂടി ഇത്തരത്തിലുള്ള വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. 2016ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണ്‍ ആണ് വിക്ക് വിമാനത്താവളത്തിലൂടെ അമേരിക്കയിലേക്ക് സമ്പുഷ്ട യുറേനിയം കൊണ്ടുപോകാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. അണു ബോംബുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന സമ്പുഷ്ട യുറേനിയത്തിനു പകരം മെഡിക്കല്‍ ഗ്രേഡ് യുറേനിയം തിരികെ നല്‍കാമെന്നായിരുന്നു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഒബാമയുടെ വാഗ്ദാനം. എന്തായാലും രഹസ്യ വിമാനങ്ങളിലെ ആണവക്കടത്തിനെതിരെ എംപിമാര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply