സോണി കെ. ജോസഫ്
പറഞ്ഞാലറിയാത്ത വിവരിച്ചാല്‍ മതിയാവാത്ത സ്വര്‍ഗത്തുരുത്തുകളുടെ സംഗമഭൂമിയാണ് ഇടുക്കി. മൂന്നാറിലും തേക്കടിയിലും വാഗമണ്ണിലും മാത്രം സഞ്ചാരികള്‍ നിറയുമ്പോള്‍ അവഗണിക്കപ്പെടുന്ന കാഴ്ച വിസ്മയങ്ങള്‍ ഏറെയാണ് ഇവിടെ. മൂന്നാറിനും തേക്കടിക്കും വാഗമണ്ണിനുമപ്പുറമുള്ള ഇടുക്കി കണ്ടവര്‍ കുറവ്. എന്നാല്‍ ഇനിയും അധികമാരും കാണാത്ത മനോഹര ഇടുക്കിയിലെ മറ്റ് കാഴ്ചകള്‍ ടൂറിസം മേഖലയ്ക്ക് കടലോളം സാധ്യതകളാണ് തുറന്നിടുന്നത്. വിനോദസഞ്ചാര സാധ്യതകളുടെ പകുതിപോലും മലയോര ജില്ല ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിന് തെളിവാണ് അതിവേഗം വളര്‍ന്ന് വികസിച്ചുകൊണ്ടിരിക്കുന്ന തൊടുപുഴ പട്ടണത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ദൂരത്തിലുള്ള മണക്കാട് പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായി അറിയപ്പെടുന്ന പുലിക്കുന്ന് പാറയും പുലിയള്ളും.
കേരളത്തില്‍ തന്നെ അപൂവ്വമായി കാണപ്പെടുന്ന പ്രകൃതിദത്ത ഗുഹയാണ് പുളിയള്ള്. ഇവ രണ്ടും ഇന്ന് സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.പ്രകൃതിയുടെ മടിത്തട്ടായ ഇവിടം, പ്രകൃതി ഒന്നാകെ ഭൂമിയില്‍ ഇറങ്ങിവന്നതുപോലെ ഹൃദ്യമായ അനുഭവം വിനോദസഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നു. മിനിട്ടുകളുടെ വിത്യാസത്തില്‍ നൂല് മഴയയും കോടമഞ്ഞും പിന്നെ വെയിലും അനുഭവപ്പെടുന്നത് ഇവിടെയെത്തുന്നവര്‍ക്ക് കൗതുക കാഴ്ചയാണ്. ഏപ്രില്‍ മെയ് മാസങ്ങളിലെ ചൂടിലും ഇവിടെ ആരെയും അതിശയിപ്പിക്കുന്ന ഇളം തണുത്ത കാറ്റ് ആസ്വദിക്കാന്‍ സാധിക്കും. ആരവത്തോടെ ആര്‍ത്തിരമ്പിയെത്തുന്ന ഈ തണുത്ത ഇളം കാറ്റ് ഏത് വിനോദ സഞ്ചാരികളുടെയും മനം കവരും. അന്തിവെയില്‍ വെളിച്ചത്തില്‍ സദാ ഒഴുകിയെത്തുന്ന കുളിര്‍കാറ്റ് ആസ്വദിച്ച് കിഴക്കന്‍ മലനിരകളുടെ വിശ്വസൗന്ദര്യം നുകരുന്ന ദൃശ്യാനുഭവം പുലിക്കുന്ന് പാറയിലെത്തുന്ന ഏതു സഞ്ചാരിയെയും പിടിച്ചു നിര്‍ത്തുന്നതാണ്.
പുലിയള്ള് എന്ന ഗുഹയുടെ ഉള്ളറകളിലേയ്ക്കുള്ള സഞ്ചാരം യാത്രികര്‍ക്ക് ഒരു അവിസ്മരണീയമായ അനുഭവമായിരിക്കും. പുലിക്കുന്ന് മലനിരകളുടെ അടിവാരങ്ങളില്‍ ഓരോ വര്‍ഷവും എത്തിച്ചേരാറുള്ള ദേശാടനക്കിളികള്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ സജീവ
ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മയില്‍ നൃത്തം വെയ്ക്കുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്.
പുലിക്കുന്ന് മലനിരകള്‍ മുള്ളന്‍പന്നി, വെരുക്, പെരുമ്പാമ്പ്, കുരങ്ങ് തുടങ്ങിയ അപൂര്‍വ്വ ജന്തുവര്‍ഗ്ഗങ്ങളുടെയും ആവാസഭൂമിയാണ്. ഇവിടെയെത്തിയാല്‍ കാണുന്ന പച്ചപ്പണിഞ്ഞ മലകളും മൊട്ടക്കുന്നുകളും വിനോദസഞ്ചാരികള്‍ക്ക് വേറിട്ടൊരു അനുഭവമാകും തീര്‍ച്ച. ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി, വാഗമണ്‍ പോലെ വിനോദ സഞ്ചാരികള്‍ എത്തേണ്ട പ്രകൃതിയുടെ വരദാനമാണ് ഈ പുലിക്കുന്ന പാറ ഉള്‍പ്പെടുന്ന പുലിയള്ള് പ്രദേശങ്ങള്‍. തേക്കടിയിലും മൂന്നാറിലുമൊക്കെ എത്തുന്നവര്‍ക്ക് റോഡുമാര്‍ഗ്ഗം ഇവിടെയെത്താവുന്നതാണ്. അഡൈ്വഞ്ചര്‍ ടൂറിസത്തിന് വലിയ സാധ്യതയും ഇവിടെ തുറന്നിടുന്നുണ്ട്. നയനസുന്ദരമായ പുലിക്കുന്ന് പാറയും സമീപപ്രദേശങ്ങളും പ്രധാന സിനിമ ഷൂട്ടിംഗ് ലൊക്കേഷന്‍ കേന്ദ്രങ്ങളുമാണ്.
പുലിക്കുന്ന് പാറയുടെ മറുഭാഗമായ കരികുളം ഭാഗം സിനിമാക്കാരുടെ ഇഷ്ടകേന്ദ്രമായി മാറുന്നതിന് പിന്നില്‍ ഈ ഭാഗത്തിന്റെ പ്രകൃതിദത്തമായ സൗന്ദര്യമാണ്. ചെറിയ ഒഴുക്കോടെയുള്ള കനാലും പച്ചപ്പണിഞ്ഞ് നില്ക്കുന്ന പാടങ്ങളും ഇവിടം ആരുടെയും മനം കവരും. ദൃശ്യം, വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, തോപ്പില്‍ ജോപ്പന്, സലാം കാശ്മീര്‍, ഒരിടത്തൊരു പോസ്റ്റുമാന്, ദൃശ്യത്തിന്റെ തമിഴ് പതിപ്പ് കമലാഹാസന് നായകനായ പാപനാശം തുടങ്ങിയ സിനിമളുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് കരികുളം ഭാഗം ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ്. ഇപ്പോഴും ഇവിടെ സിനിമ – സീരിയല്‍ ഷൂട്ടിംഗുകള്‍ സജീവമായി നടന്നുവരുന്നു. മലയാളം തമിഴ് ഉള്‍പ്പെടെ ധാരാളം സിനിമകളും സീരിയലുകളുമാണ് മുന്‍ കാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇവിടം മനോഹരമാക്കിയെടുത്താല്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് തങ്ങാന്‍ ഇടമുള്ളയിടമായി മാറുമെന്നതില്‍ സംശയമില്ല. പ്രകൃതി കനിഞ്ഞരുളിയ ലോകത്തിലെ തന്നെ അത്യപൂര്‍വ്വ പ്രദേശങ്ങളില്‍ ഒന്നാണിതെന്ന് അധികമാര്‍ക്കുമറിയില്ല. അധികൃതരും ഈ യാഥാര്‍ത്ഥ്യം വേണ്ടവിധം ഉന്നതതല യോഗങ്ങളില്‍ അവതരിപ്പിക്കാറുമില്ല.
നയന സുന്ദരിയായ പുലിക്കുന്ന് പുലിയള്ള് പ്രദേശത്തിന്റെ അനന്ത സാധ്യതകള്‍ സഞ്ചാരികളുടെ മനം കവരുംവിധം മാറ്റിതീര്‍ക്കാന്‍ നാളേറെയായിട്ടും ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. പ്രകൃതിയെ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് തന്നെ നാടിന്റെ പുരോഗതിയ്ക്കായി പുലിക്കുന്ന് ടൂറിസം മേഖലയുടെ മനോഹാരിത ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഒരു ടൂറിസം വികസന സമിതിയും രൂപീകരിച്ചിട്ടുണ്ട്. നല്ല റോഡുകള്‍, ടൂറിസ്റ്റ്കള്‍ക്ക് വേണ്ട മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഇതൊന്നും ഇവിടെയില്ല എന്നതും വലിയൊരു പോരായ്മയാണ്. സാഹസിക വിനോദ സഞ്ചാരികളെയും പരിസ്ഥിതി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളെയും പ്രകൃതി സൌന്ദര്യം നുകരാനെത്തുന്നവരെയും ഒരുപോലെ ആകര്‍ക്ഷിക്കുന്ന പുലിക്കുന്ന് പാറയും പുലിയള്ളും തൊടുപുഴയ്ക്ക് അടുത്തുള്ള മണക്കാട് പഞ്ചായത്തിലെ പ്രകൃതി രമണീയ ഗ്രാമങ്ങളായ പെരിയാമ്പ്ര, നെടിയശാല, കൈപ്പിള്ളി, പുതുപ്പരിയാരം, കരികുളം പ്രദേശങ്ങളുടെ തിലകക്കുറിയായി പരിലസിക്കുന്നു.
ഈ പ്രദേശത്തെക്കുറിച്ച് അറിയാനുള്ള മൊബൈല്‍ നമ്പര്‍ :- 9074513126, 9497708804.
Leave a Reply