റ്റിജി തോമസ്

ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക് ക്ഷെയറിന്റെ ഭാഗമാണ് നൂറ്റാണ്ടുകളുടെ ചരിത്രം അവകാശപ്പെടാവുന്ന വെയ്ക്ക് ഫീൽഡ് പട്ടണം . ഡ്യൂക്ക് ഓഫ് യോർക്ക് പരാജയപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത 1460-ലെ യുദ്ധം നടന്നത് വെയ്ക്ക് ഫീൽഡിൽ ആണ് . 18-ാം നൂറ്റാണ്ടിലും 19-ാം നൂറ്റാണ്ടിലുമായി ഇംഗ്ലണ്ടിൽ നടന്ന വ്യവസായ വിപ്ലവ കാലത്താണ് വെയ്ക്ക് ഫീൽഡ് വൻ പുരോഗതി ആർജ്ജിച്ചത്. അതിന് ഒരു പരുധിവരെ വെയ്ക്ക് ഫീൽഡിലെ കനാൽ സംവിധാനവും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പ്രഭാത സവാരിയുടെ ഭാഗമായി രണ്ട് പ്രാവശ്യം വെയിക്ക് ഫീൽഡിലെ കനാലിന്റെ തീരത്ത് എത്തിച്ചേരാൻ എനിക്ക് സാധിച്ചു. അത് പിന്നീട് പറയാം.

20-ാം നൂറ്റാണ്ടിൽ വെയ്ക്ക് ഫീൽഡ് അറിയപ്പെടുന്ന ഒരു വ്യവസായ വാണിജ്യ കേന്ദ്രമായി വളർന്നു. 14-ാം നൂറ്റാണ്ടിൽ നിർമ്മിച്ച എല്ലാ വിശുദ്ധന്മാർക്കുമായി സമർപ്പിച്ചിരിക്കുന്ന വെയ്ക്ക് ഫീൽഡ് കത്തീഡ്രൽ, നാഷണൽ കോൾ മൈനിങ് മ്യൂസിയം തുടങ്ങി ഒട്ടേറെ സന്ദർശക പ്രാധാന്യമുള്ള സ്ഥലങ്ങൾക്ക് പ്രശസ്തമാണ് ഈ നഗരം . ഏകദേശം 150 ഓളം മലയാളി കുടുംബങ്ങളാണ് വെയ്ക്ക് ഫീൽഡിൽ ഉള്ളതെന്ന് ജോജി പറഞ്ഞു. വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ , വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ്   എന്നീ അസോസിയേഷനുകളുടെ സാന്നിധ്യം പരസ്പരം സഹകരിക്കാനും സഹായിക്കാനും മലയാളികളെ ഒട്ടേറെ സഹായിക്കുന്നുണ്ട്.

 

രണ്ടായിരമാണ്ടിന്റെ ആരംഭത്തിലാണ് യുകെയുടെ ആരോഗ്യരംഗത്തേയ്ക്ക് മലയാളി നേഴ്സുമാരുടെ കുടിയേറ്റം ആരംഭിക്കുന്നത്. ആ സമയത്ത് വെയ്ക്ക് ഫീൽഡിൽ വന്ന ആദ്യ മലയാളിയാണ് സാജൻ സെബാസ്റ്റ്യനും ബിന്ദുവും . അതിനുമുമ്പ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ഡോ. ഏലമ്മ മാത്യുവിനെ പോലുള്ള ചുരുക്കം ചില മലയാളികളെ വെയ്ക്ക് ഫീൽഡിൽ ഉണ്ടായിരുന്നുള്ളൂ.

സാജൻ സെബാസ്റ്റ്യനെയും ബിന്ദു സാജനെയും മക്കളായ ബിന്ദ്യയെയും മിയയെയും ജോജിയുടെയും മിനിയുടെയും സുഹൃത്തുക്കൾ എന്ന നിലയിൽ ഏറെ നാളായി എനിക്ക് പരിചയമുണ്ട്. കേരളത്തിൽ ചങ്ങനാശ്ശേരിയാണ് സാജൻ ചേട്ടൻറെ സ്വദേശം . യുകെയിൽ നിന്ന് അവധിക്ക് നാട്ടിൽ വരുമ്പോൾ പലപ്പോഴും ഞങ്ങൾ കണ്ടുമുട്ടാറുണ്ട്.

വളരെ അവിചാരിതമായിട്ടാണ് സാജൻ ചേട്ടനുമായി വെയ്ക്ക് ഫീൽഡിൽ ഒരു ഔട്ടിങ്ങിനു പോയത്.

യുകെയിലെ മലയാളികളിൽ ഭൂരിഭാഗവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. വെയ്ക്ക് ഫീൽഡിൽ ഇത്രമാത്രം മലയാളികൾ ഉള്ളതിന്റെ പ്രധാന കാരണം പിൻറർ ഫീൽഡ് ഹോസ്പിറ്റൽ ആണെന്ന് സാജൻ ചേട്ടൻ പറഞ്ഞു . പിൻഡർ ഫീൽഡ് ഹോസ്പിറ്റൽ മിഡ് യോർക്ക് ക്ഷെയർ എൻ എച്ച് എസ് ട്രസ്റ്റിന്റെ ഭാഗമാണ്. ഹോസ്പിറ്റലിലെ വിശാലമായ സമുച്ചയം, ബസ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലൂടെ ഞങ്ങൾ കാറിൽ യാത്ര ചെയ്തു.

മനോഹരമായ ലാൻഡ്സ്കേപ്പ് ആണ് എന്നെ ആകർഷിച്ച പ്രധാന ഘടകം. പലപ്പോഴും ദൂരെ കാണാൻ പറ്റുന്ന രീതിയിലുള്ള ചക്രവാളത്തിന്റെയും നീലാകാശത്തിന്റെയും ഭംഗി നമുക്ക് അവിസ്മരണീയമായ അനുഭൂതി പ്രദാനം ചെയ്യും. പാതയുടെ ഇരുവശത്തുമുള്ള മനോഹരമായ വൃക്ഷങ്ങളുടെ ഭംഗി മോഹിപ്പിക്കുന്നതാണ്.

പല സ്ഥലങ്ങളെ കുറിച്ച് രസകരമായ വിവരങ്ങൾ നൽകിയത് അദ്ദേഹത്തോടൊപ്പമുള്ള യാത്ര അവിസ്മരണീയമാക്കി . സാജൻ ചേട്ടനുമായുള്ള സംസാരത്തിൽ എനിക്ക് കിട്ടിയ ഒരു പുതിയ അറിവ് നമ്മുടെ നാടിനെ അപേക്ഷിച്ച് യുകെയിൽ ഡിപ്രഷൻ റേറ്റ് വളരെ കൂടുതലാണ് എന്നുള്ളതാണ്. ബ്രിട്ടന്റെ കാലാവസ്ഥപരമായ പ്രത്യേകതകളാണ് അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

യുകെയുടെ കാലാവസ്ഥ പലപ്പോഴും മേഘാവൃതമായതും മഴയുള്ളതുമാണ്. ഇതിനു പുറമേയാണ് പകൽ വെളിച്ചക്കുറവുള്ള ശൈത്യകാലം . സീസൺ അഫക്റ്റീവ് ഡിസോർഡർ പോലുള്ള വിഷാദരോഗങ്ങൾ കാലാവസ്ഥയുടെ പ്രത്യേകതകൾ കൊണ്ട് ഇവിടെയുള്ളവർക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. സൂര്യപ്രകാശം കുറയുന്നത് മാനസികാരോഗ്യത്തിൽ ഒരു പ്രധാന പങ്കുവയ്ക്കുന്ന വഹിക്കുന്ന വിറ്റാമിൻ ഡി യുടെ അളവ് കുറയ്ക്കുന്നതിന് കാരണമായേക്കും. പകലിന്റെ ദൈർഘകുറവാണ് യുകെയിലെ വിഷാദ രോഗനിരക്ക് കൂടുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇടയ്ക്ക് അദ്ദേഹത്തിന്റെ വീട്ടിലും ഞങ്ങളെത്തി. വീട് പുതുക്കിപ്പണിയുന്നതിനെ കുറിച്ചുള്ള തൻറെ മനസ്സിലുള്ള പദ്ധതികൾ അദ്ദേഹം എന്നോട് പറഞ്ഞു. സാജൻ ചേട്ടൻറെ മൂത്തമകൾ ബിന്ദ്യാ സാജൻ ഡോക്ടറാണ്. രണ്ടാമത്തെ മകൾ മിയ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. ഭാര്യ ജോലി ചെയ്യുന്നത് പിൻറർ ഫീൽഡ് ഹോസ്പിറ്റലിലാണ്.

സാജൻ ചേട്ടൻറെ വീട്ടിൽനിന്ന് അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയത് മഞ്ജുഷിന്റെയും ബിന്ദുവിന്റെയും വീട്ടിലേയ്ക്കാണ് . മഞ്ജുഷിന്റെ സ്വദേശം കോട്ടയത്തിനടുത്തുള്ള പിറവമാണ്. ഷെഫായിട്ടാണ് മഞ്ജുഷ് ജോലി ചെയ്യുന്നത് . ബിന്ദു പിന്റർഫീൽഡ് ഹോസ്പിറ്റലിലെ നേഴ്സാണ് . പല സൗഹൃദ കൂട്ടായ്മകളിലും സ്വാദേറിയ വിഭവങ്ങൾ കൊണ്ടും സ്നേഹം കൊണ്ടും എല്ലാവരുടെയും ഹൃദയം കവരുന്ന മഞ്ജുഷിന്റെ വീട്ടിൽ നല്ലൊരു കോർട്ടിയാർഡുണ്ട്. മനോഹരമായ ആപ്പിൾ മരം കായ്ച്ച് നിൽക്കുന്ന കോർട്ടിയാർഡിൽ നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു.

മറ്റൊരവസരത്തിൽ എന്നെ കണ്ടപ്പോൾ ഒരു ദിവസം ലീഡ്സ് മുഴുവൻ ചുറ്റിക്കറങ്ങാമെന്ന് മഞ്ജുഷ് എന്നോട് പറഞ്ഞിരുന്നു. പക്ഷേ രണ്ടാഴ്ചക്കാലം മാത്രം യുകെയിലുണ്ടായിരുന്ന എനിക്ക് അതിന് സമയം കണ്ടെത്താനായില്ല. യുകെയിൽ നിന്ന് പോരുന്നതിന് ഏതാനും ദിവസം മുന്നെയും ജോജിയുടെയും ഭാര്യ മിനി ജോജിയുടെ ഒപ്പം ഞങ്ങൾ മഞ്ജുഷിനെയും ബിന്ദുവിനെയും സന്ദർശിച്ചു. അന്ന് അവരുടെ വീട്ടിൽ മക്കളായ ആൻമേരിയും അന്നയും ഉണ്ടായിരുന്നു .

തിരിച്ച് കേരളത്തിൽ വന്നതിനുശേഷം മഞ്ജുഷിന് രോഗം അധികരിച്ച് അത്യാസന്ന നിലയിലാണെന്ന്‌ അറിഞ്ഞതിനെ തുടർന്ന് ഞാൻ മഞ്ജുഷിനോടും ബിന്ദുവിനോടും സംസാരിച്ചിരുന്നു . റ്റിജിയെ ഞാൻ വിളിക്കാൻ ഇരിക്കുകയായിരുന്നു എന്നു പറഞ്ഞാണ് മഞ്ജുഷ് സംസാരം ആരംഭിച്ചത്. എനിക്ക് സംസാരിക്കാൻ അധികം വാക്കുകളില്ലായിരുന്നു. ഒരു ആകുലതകളുമില്ലാതെ കേരളത്തിൽ വരുമ്പോൾ നേരിൽ കാണാമെന്ന് മഞ്ജുഷ് പറഞ്ഞു. മഞ്ജുഷിന്റെ രോഗവിവരം അറിഞ്ഞപ്പോഴും മരണശേഷവും എൻറെ മനസ്സിൽ ആ മനുഷ്യൻ പകർന്നു നൽകിയ സൗമ്യതയും സ്നേഹവും പുഞ്ചിരിയും മരിക്കാത്ത ഓർമ്മകളായി നിലനിന്നു . അവസാനം മഞ്ജുഷിനെ കാണുന്നത് അദ്ദേഹത്തിൻറെ മൃതസംസ്കാരത്തിന് പിറവത്തെ വീട്ടിലും പള്ളിയിലും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയപ്പോഴാണ് . തിരിച്ച് കേരളത്തിൽ വരുമ്പോൾ കാണാമെന്ന് പറഞ്ഞത് ഇത്തരത്തിൽ ഒരു കൂടിക്കാഴ്ച ആയിരിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല .

ഞാൻ യുകെയിൽ വച്ച് മഞ്ജുഷിനെ സന്ദർശിച്ചതിന് രണ്ടുവർഷം മുൻപേ അദ്ദേഹം  രോഗബാധിതനായിരുന്നു. തൻറെ രോഗവിവരത്തെ കുറിച്ച് എല്ലാവിധ അറിവുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പക്ഷേ അത് മഞ്ജുഷ് മറ്റാരോടും പങ്കുവച്ചിരുന്നില്ല , സ്വന്തം ഭാര്യയോടും മറ്റു കുടുംബാംഗങ്ങളോടു പോലും . ഉള്ളിന്റെ ഉള്ളിൽ മരണത്തിൻറെ കാലൊച്ചകൾ കേൾക്കുമ്പോഴും ചിരിച്ച് സന്തോഷിച്ച് സൗഹൃദത്തോടെ മറ്റുള്ളവരോട് ഒരു അവദൂതനെ പോലെ ഇടപെടാൻ ഈ ലോകത്തു തന്നെ ആർക്കാവും ? ഈ പാനപാത്രം എന്നിൽ നിന്ന് എടുത്തു മാറ്റണമെന്ന് കരഞ്ഞ് നിലവിളിക്കാത്ത ആരുണ്ടാവും ? അതായിരുന്നു മഞ്ജുഷിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകത.

അവിചാരിതമായി കണ്ടുമുട്ടുന്ന, പ്രകാശം പരത്തുന്ന ഇത്തരം സൗഹൃദത്തിന്റെ ഈ തുരുത്തുകൾ പലപ്പോഴും നമ്മൾക്ക് ഒരു വലിയ പ്രഹേളികയാണ് . പ്രിയ സുഹൃത്തിന് വിട.

യുകെ സ്മൃതികളുടെ കൂടുതൽ അനുഭവങ്ങൾ അടുത്തയാഴ്ച തുടരും….

യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….

എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.

മതിലുകൾ ഇല്ലാത്ത ലോകം. യുകെ സ്‌മൃതികൾ : അധ്യായം 4

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി