കുട്ടിക്രിക്കറ്റിന്റെ വസന്തകാലം വിരിയിച്ച ഐപിഎൽ വീണ്ടുമെത്തുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 11-ാം സീസണ് ഏപ്രിൽ ഏഴിനു മുംബൈയിൽ തുടക്കം കുറിക്കും. കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസും മുൻ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
കുട്ടിക്രിക്കറ്റിന്റെ ആവേശം സിരകളിലേറ്റുവാങ്ങി ആരാധകർ ആഘോഷത്തിമർപ്പിലേറുന്ന നാളുകളാണ് പിന്നീട്. എട്ട് ടീമുകൾ തങ്ങളുടെ ശക്തിപരീക്ഷണങ്ങൾക്ക് മൈതാനത്തിറങ്ങും. ആകെ 60 മത്സരങ്ങൾ. മേയ് 27നു മുംബൈയിലാണ് ഫൈനൽ.
ഐപിഎലിൽ മലയാളികളുടെ ആവേശവും ചെറുതല്ല. സ്വന്തമായി ടീമില്ലെങ്കിലും മലയാളക്കരയ്ക്ക് അഹങ്കരിക്കാൻ അരഡസൻ താരങ്ങൾ ഐപിഎൽ പോരാട്ടങ്ങൾക്ക് തയാറെടുക്കുന്നു. ഇതിൽ മൂന്നുപേർ പുതുമുഖങ്ങളാണ്. 11-ാം എഡിഷൻ ഐപിഎലിൽ വിവിധ ടീമുകൾക്കൊപ്പമുള്ള ആറു മലയാളി താരങ്ങളെക്കുറിച്ച്…
സഞ്ജു സാംസണ്
2013 സീസണിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണ് ഇതുവരെ നേടിയത് 1,426 റണ്‍സ്. ശരാശരി – 25.46. സ്ട്രൈക്ക് റേറ്റ് – 124.43. ഇതിൽ കഴിഞ്ഞ സീസണിൽ റൈസിംഗ് പൂണെ സൂപ്പർ ജയന്റ്സിനെതിരെ വെറും 63 പന്തിൽ നേടിയ ഉജ്വല സെഞ്ചുറിയും ഏഴു അർധ സെഞ്ചുറിയും ക്രെഡിറ്റിലുണ്ട്. ഇത്തവണ എട്ട് കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ സ്വന്തം പാളയത്തിൽ എത്തിച്ചിരിക്കുന്നത്.
ബേസിൽ തന്പി
2017 സീസണിൽ അരങ്ങേറ്റത്തിൽ തന്നെ എമേർജിംഗ് പ്ലെയർ അവാർഡ് നേടിയാണ് ബേസിൽ തന്പി വരവറിയിച്ചത്. 12 മൽസരങ്ങളിൽ നിന്നും 11 വിക്കറ്റാണ് കഴിഞ്ഞ വർഷം തന്പി നേടിയത്. 29 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
സച്ചിൻ ബേബി
2013-ൽ രാജസ്ഥാൻ റോയൽസിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച സച്ചിൻ ബേബിക്ക് ഇതുവരെയും തന്റെ മികവിനൊത്ത പ്രകടനം നടത്താനായിട്ടില്ല. ആദ്യ സീസണിൽ നാലു മൽസരങ്ങളിൽ മാത്രമാണ് സച്ചിൻ ബേബിക്ക് അവസരം കിട്ടിയത്. 2016 സീസണിൽ ബംഗളൂർ റോയൽ ചലഞ്ചേഴ്സിന്റെ ക്യാംപിലെത്തിയ സച്ചിൻ ബേബി 11 മൽസരങ്ങളിൽ കളിച്ചു.
കോഹ്ലി -ഡിവില്ലിയേഴ്സ്-ഗെയ്ൽ തുടങ്ങിയ വന്പനടിക്കാരുടെ ടീമിൽ 150-നു മുകളിൽ സ്ട്രൈക്ക് റേറ്റ് നിലനിർത്തിയ താരത്തിന്റെ മികച്ച സ്കോർ 33 ആണ്. ഇക്കുറി 20 ലക്ഷം രൂപയ്ക്കാണ് സച്ചിൻ ബേബിയെ സണ്‍റൈസേഴ്സ് തങ്ങളുടെ താവളത്തിലെത്തിച്ചിരിക്കുന്നത്. പുതിയ സീസണിൽ മികച്ച പ്രകടനമാണ് കേരള ടീം ക്യാപ്റ്റൻ ലക്ഷ്യമിടുന്നത്.
കെ.എം. ആസിഫ്
രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഇതുവരെ കളിക്കാത്ത താരമാണ് പേസ് ബൗളറായ കെ.എം. ആസിഫ് ഐപിഎൽ അരങ്ങേറ്റത്തിനൊരുങ്ങുന്നു. 2018 ഐപിഎലിൽ എം.എസ്. ധോണി നായകനായ ചെന്നൈ സൂപ്പർ കിംഗ്സ് 40 ലക്ഷം രൂപയ്ക്കാണ് ആസിഫിനെ സ്വന്തമാക്കിയത്.
കായികലോകത്തേക്ക് ആസിഫ് എത്തിയത് ഫുട്ബോൾ തട്ടിക്കൊണ്ടാണ്. സ്കൂൾ തലത്തിൽ കാൽപ്പന്തുകളിയിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ, ജിവി രാജ സ്പോർട്സ് സ്കൂളിലെത്തിയതോടെ ഈ മലപ്പുറം സ്വദേശിക്ക് പിന്നീടെല്ലാം ക്രിക്കറ്റ് മാത്രമായി. അങ്ങനെ ഇത്തവണ ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമായി.
ഓസീസ് പേസർ ഗ്ലെൻ മഗ്രാത്തിന്റെ ശിക്ഷണത്തിൽ ഉജ്വല പേസറായി തീർന്നിരിക്കുകയാണ് ആസിഫ്. 140 കിലോമീറ്റർ ശരാശരി വേഗത്തിലാണ് ഈ 24-കാരന്റെ ബൗളിംഗ്. കേരളത്തിനായി വിജയ് ഹസാരെ മത്സരത്തിൽ കഴിഞ്ഞ വർഷം അരങ്ങേറി.
ഒരു ലിസ്റ്റ് എ മത്സരവും രണ്ട് ട്വന്റി-20യും മാത്രമാണ് കേരളത്തിനായി കളിച്ചത്. ലിസ്റ്റ് എ മത്സത്തിൽ 65 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ്. രണ്ട് ട്വന്റി-20യിൽ നിന്നായി അഞ്ച് വിക്കറ്റുകൾ പിഴുതു. 25 റണ്‍സിന് മൂന്ന് വിക്കറ്റാണ് ട്വന്റി-20യിലെ മികച്ച പ്രകടനം.
എസ്. മിഥുൻ
രഞ്ജിയിൽ അരങ്ങേറ്റം കുറിക്കാത്ത കളിക്കാരനാണ് ആലപ്പുഴ സ്വദേശിയായ എസ്. മിഥുൻ. 23 വയസുകാരനായ ഈ ലെഗ്സ്പിന്നറെ രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയിരിക്കുന്നത്. 20 ലക്ഷം രൂപയാണ് മിഥുനായി റോയൽസ് മുടക്കിയത്.
സയീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി പുറത്തെടുത്ത മികവാണ് സെലക്ടർമാരുടെ കണ്ണിലുടക്കിയത്. സഞ്ജു വി. സാംസണിനൊപ്പമാണ് മിഥുൻ രാജസ്ഥാനിൽ കളിക്കാൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ലിസ്റ്റ് എ മത്സരത്തിൽ പത്ത് ഓവറിൽ 41 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. വിക്കറ്റ് നേടാൻ സാധിച്ചില്ല. മൂന്ന് ട്വന്റി-20യിൽ കേരളത്തിനായി കളിച്ചു. പത്ത് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് എടുത്തതാണ് മികച്ച പ്രകടനം. ഐപിഎൽ അരങ്ങേറ്റം ഉജ്വലമാക്കാനുള്ള ശ്രമത്തിലാണ് മിഥുൻ.
എം.ഡി. നിധീഷ്
കോട്ടയം സ്വദേശിയായ എം.ഡി. നിധീഷിനെ മുംബൈ ഇന്ത്യൻസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. 20 ലക്ഷം രൂപയാണ് ഈ ഇരുപത്തിയാറുകാരനായി മുംബൈ മുടക്കിയത്. പരമാവധി വേഗതയിൽ പന്തെറിയുകയാണ് നിധീഷിന്റെ ഹരം. രഞ്ജി ട്രോഫിയിൽ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനമാണ് മുംബൈയിലേക്കുള്ള വാതിൽ നിധീഷിനു മുന്നിൽ തുറക്കാൻ കാരണം.
ഐപിഎൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഈ യുവതാരം. 13 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 21 വിക്കറ്റ് വീഴ്ത്തി. 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിംഗ്. നാല് ലിസ്റ്റ് എ മത്സരങ്ങൾ കളിച്ചു. ഒന്‍പത് വിക്കറ്റ് വീഴ്ത്തി. 41 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
Leave a Reply