കോളജ് വിദ്യാര്‍ഥികളടക്കം ഒന്‍പതുമലയാളികള്‍ നൂറ്റിയെട്ടുകിലോ കഞ്ചാവുമായി ബെംഗളൂരുവില്‍ പിടിയിലായി. ഒഡീഷയില്‍ നിന്ന് ബെംഗളൂരുവിലേയ്ക്ക് കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്. കേരളത്തിലടക്കം കഞ്ചാവ് വില്പന നടത്തുന്ന വന്‍സംഘമാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
തൃശൂർ സ്വദേശികളായ നൈനേഷ്, ഷിനാസ്, നബീൽ, മുഷ്താഖ്. കൊച്ചി സ്വദേശികളായ അനസ്,പ്രജീൽദാസ്, ഷാഫി. തിരുവനന്തപുരം സ്വദേശിസാജൻ, മലപ്പുറം സ്വദേശി അക്ഷയ്കുമാർ, എന്നിവരാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇവരുപയോഗിച്ചിരുന്ന രണ്ടു കാറുകളില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബെംഗളൂരു ഇന്ദിരാനഗറിലുള്ള നൈനേഷിന്റെ വീട്ടിൽ നിന്നും പൊലീസ് കഞ്ചാവ് കണ്ടെടുത്തു. വിവിധ സംസ്ഥാനങ്ങളിലായി കഞ്ചാവ് വില്പന നടത്തുന്ന വന്‍ സംഘത്തിന്റെ തലവനാണ് നൈനേഷ് എന്നും, ഇയാള്‍ക്കെതിരെ കേരളത്തിലും കര്‍ണാടകയിലും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ടി.സുനീൽകുമാർ പറഞ്ഞു.
ഒഡീഷ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പ്രധാനമായും കഞ്ചാവ് എത്തിക്കുന്നത്. ഇത് കേരളത്തിലും, തമിഴ്നാട്ടിലും, ബെംഗളൂരുവിലും വില്പന നടത്തും. കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് സംഘം കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഒഡീഷയില്‍ നിന്നും ബെംഗളൂരുവിലേയ്ക്ക് കഞ്ചാവ് കൊണ്ടുവരുമെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘത്തെ വലയിലാക്കിയത്.
Leave a Reply