തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ രാജേഷ് എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. കായംകുളം സ്വദേശിയായ യാസീന്‍ മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജേഷിനെ കൊലപ്പെടുത്താനെത്തിയ ക്വട്ടേഷന്‍ സംഘത്തെ സഹായിച്ചയാളാണ് യാസീന്‍. നേരത്തെ ക്വട്ടേഷന്‍ സംഘത്തിന് താമസം സൗകര്യം നല്കിയ സനു എന്നയാള്‍ പോലീസ് പിടിയിലായിരുന്നു.
മാര്‍ച്ച് 27ന് പുലര്‍ച്ചെ രണ്ടുമണിയോടെ ആറ്റിങ്ങല്‍ മടവൂരിനടുത്ത് വെച്ച് നാലംഗ ക്വട്ടേഷന്‍ സംഘമാണ് രാജേഷിനെ കൊലപ്പെടുത്തിയത്. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഖത്തറില്‍ വ്യവസായിയായ ഓച്ചിറ തെക്ക് കൊച്ചുമുറി നായമ്പരത്ത് കിഴക്കതില്‍ പത്തിരി സത്താറാണ് രാജേഷിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ നിര്‍ദേശ പ്രകാരം അലിഭായി എന്നറിയപ്പെടുന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകം നടത്തിയത്.
സംഭവത്തിന് ശേഷം പ്രതികള്‍ രാജ്യം വിട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. സത്താറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരികയാണ്. സത്താറിന്റെ ഭാര്യയുമായി രാജേഷിനുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് ഭാഷ്യം. ഖത്തറില്‍ ജിംനേഷ്യം പരിശീലകനായ ഓച്ചിറ സ്വദേശി അലിഭായി എന്ന സാലിഹ ബിന്‍ ജലാല്‍ ഉള്‍പ്പെടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
Leave a Reply