യുകെ തെളിഞ്ഞ കാലാവസ്ഥയിലേക്ക്. വാരാന്ത്യത്തോടെ യുകെയിലെ താപനില ഉയരുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇതോടെ സ്പ്രിംഗില്‍ കൂടുതല്‍ ദിവസങ്ങളില്‍ വെയില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 22 ഡിഗ്രി സെല്‍ഷ്യസിലെത്താന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. അതിശക്തമായ മഞ്ഞുവീഴ്ച്ചയില്‍ നിന്നും ശീതക്കാറ്റില്‍ നിന്നും പൂര്‍ണമായും തെളിച്ചമുള്ള കാലാവസ്ഥയിലേക്ക് യുകെ മാറുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവിലുള്ളതിനെക്കാളും വെയില്‍ ലഭിക്കാന്‍ വാരാന്ത്യം വരെ കാത്തിരിക്കേണ്ടി വരും. എന്നാല്‍ താപനിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് ശക്തമായ മഴ ലഭിക്കാന്‍ കാരണമായേക്കും. ചൂട് വര്‍ദ്ധിക്കുന്നതിന് അനുസരിച്ചുണ്ടാകുന്ന അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ മഴക്ക് വഴിമാറുമെന്നാണ് കരുതുന്നത്. താപനില ഉയര്‍ന്നതിന് അനുസരിച്ച് ചെറിയ ചാറ്റല്‍ മഴക്ക് സാധ്യതയുണ്ടെന്നും അത് പിന്നീട് ഇടിയോടു കൂടിയ ശക്തമായ മഴക്ക് കാരണമായേക്കുമെന്നും കാലാസ്ഥ നിരീക്ഷകന്‍ സാറാ കെന്റ് മാധ്യമങ്ങളോട് പറഞ്ഞു.

താപനിലയില്‍ വര്‍ദ്ധനവുണ്ടായതോടെ കൂടുതല്‍ ആളുകളും ബീച്ചുകളിലും പാര്‍ക്കുകളിലും അവധി ദിനം ആഘോഷിക്കാനായി എത്തി തുടങ്ങിയിട്ടുണ്ട്. ഈസ്റ്റ് ആംഗ്ലിയ, സെന്‍ട്രല്‍, സതേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലായിരിക്കും പ്രസന്നമായ കാലാവസ്ഥ ആദ്യം ദൃശ്യമാകുക. ഞായറാഴ്ച 20 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കും. ബുധനാഴ്ചയോടെ താപനിലയില്‍ ചെറിയ കുറവുണ്ടാകാമെങ്കിലും മറ്റു ദിവസങ്ങളില്‍ 20നു മേല്‍ താപനില നിലനില്‍ക്കാന്‍ തന്നെയാണ് സാധ്യത.