ജിദ്ദ: ക്യാന്‍സര്‍ രോഗികള്‍ക്കും അനുഗമിക്കുന്ന ബന്ധുക്കള്‍ക്കും ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ വാഗ്ദാനം ചെയ്ത് വിമാനക്കമ്പനി. സൗദി എയര്‍ലൈന്‍സാണ് കുറഞ്ഞ നിരക്കിലുള്ള യാത്ര വാഗ്ദാനം ചെയ്യുന്നത്. പകുതി നിരക്കേ ഇവരില്‍ നിന്ന് ഈടാക്കൂ എന്ന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. രോഗികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുടുംബാംഗങ്ങള്‍ക്കെല്ലാം ഈ നിരക്കിളവ് ബാധകമായിരിക്കും.
നിലവില്‍ അംഗപരിമിതര്‍ക്ക് നല്കുന്ന ഇളവുകള്‍ ക്യാന്‍സര്‍ രോഗികള്‍ക്കും നല്‍കാമെന്നാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം. ,്വദേശികളായ രോഗികള്‍ക്ക് എല്ലാ സെക്ടറിലും ഇക്കോണമി ക്ലാസില്‍ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. വിദേശികള്‍ക്ക് ഡൊമസ്റ്റിക് സെക്ടറില്‍ ഇളവ് ലഭ്യമാകും. വൃക്ക, കരള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെച്ച സ്വദേശികള്‍ക്ക് 25 ശതമാനം ടിക്കറ്റ് ഇളവ് അനുവദിക്കും.
രണ്ട് വര്‍ഷക്കാലത്തേക്ക് മൂന്ന് ടിക്കറ്റുകള്‍ക്ക് വീതം ഈ ഇളവ് അനുവദിക്കാനാണ് ശുപാര്‍ശ. രോഗിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഒരു വര്‍ഷം കൂടി ഇളവുകള്‍ നീട്ടി നല്‍കും. വൃക്ക ദാനം ചെയ്യുന്ന സ്വദേശികള്‍ക്കും 50 ശതമാനം നിരക്ക് ഇളവ് നല്‍കും. അന്ധരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇരു സെക്ടറുകളിലും 50 ശതമാനം നിരക്ക് ഇളവ് നല്‍കാനും തീരുമാനമുണ്ട്.
Leave a Reply