കൊച്ചി: വരാപ്പുഴയില്‍ യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിപിഎം ഇടപെട്ട് വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. വീടാക്രമിച്ച കേസില്‍ സാക്ഷിയായ ദേവസ്വംപാടം തുണ്ടിപ്പറമ്പില്‍ പി.എം.പരമേശ്വരന്റെ മൊഴിമാറ്റാന്‍ സിപിഎം സ്വാധീനം ചെലുത്തുന്നതായിട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പരമേശ്വരന്റെ മകനായ ശരത്താണ് ഇക്കാര്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

സംഭവ ദിവസം അച്ഛന്‍ മാര്‍ക്കറ്റില്‍ ജോലിയിലായിരുന്നു. വൈകുന്നേരത്തോടു കൂടിയാണ് സംഭവങ്ങളെക്കുറിച്ച് അറിഞ്ഞത്. എന്നാല്‍ പിന്നീട് സിപിഎമ്മിന്റെ ചില നേതാക്കളെ കണ്ടതിനെ ശേഷം മൊഴി മാറ്റുകയായിരുന്നു. സിപിഎം നേതാവ് ഡെന്നിയും ലോക്കല്‍ കമ്മിറ്റിയംഗം കെ.ജെ.തോമസും അച്ഛനെ കണ്ടതിന് ശേഷമാണ് മൊഴിയില്‍ മാറ്റം വന്നിരിക്കുന്നതെന്ന് ശരത്ത് പറയുന്നു.

അതേസമയം പോലീസില്‍ മൊഴി നല്‍കിയിട്ടില്ലെന്നാണ് ചൊവ്വാഴ്ച വരെ പരമേശ്വന്‍ പറഞ്ഞിരുന്നത്. ഡിവൈഎസ്പി. ജോര്‍ജ് ചെറിയാന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. വാസുദേവന്റെ ആത്മഹത്യയും വീടാക്രമിച്ച കേസും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. സമൂഹ മാധ്യമങ്ങളില്‍ നിരവധിയാളുകളാണ് ശ്രീജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രംഗത്ത് വന്നിരിക്കുന്നത്.