ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും പാപ്പുവിന്റെ അക്കൗണ്ടിലെ നാലു ലക്ഷത്തിനായി നടത്തുന്ന പിടിവലി പോലീസ് സ്‌റ്റേഷനില്‍ പരാതിയായി എത്തിയതായിട്ടാണ് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓടയ്ക്കാലി എസ്ബിഐ ബാങ്കില്‍ പാപ്പുവിന്റെ പേരില്‍ 4,32,000 രൂപ നിക്ഷേപമുണ്ട്. ഈ പണം ആവശ്യപ്പെട്ടാണ് രാജേശ്വരിയും ദീപയും എത്തിയിരിക്കുന്നത്. പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി ഈ തുകയ്ക്കായി അവകാശവാദം ഉന്നയിച്ച ദീപയ്‌ക്കെതിരേ രാജേശ്വരി പോലീസിനെ സമീപിച്ചതായിട്ടാണ് വിവരം.

ഭാര്യ എന്ന നിലയില്‍ രാജേശ്വരിക്കും മകള്‍ എന്ന അധികാരത്തില്‍ ദീപയ്ക്കും പണത്തില്‍ അവകാശം ഉണ്ടെങ്കിലും പാപ്പു നിക്ഷേപത്തില്‍ അനന്തരാവകാശിയാക്കി വെച്ചിട്ടുള്ളത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സരോജിനിയമ്മയെയാണ്. പാപ്പുവിന്റെ തറവാട് വീട്ടിനടുത്തു താമസിച്ചിരുന്ന സരോജിനിയമ്മയുടെ വീട്ടില്‍ പണികളും മറ്റും ചെയ്തിരുന്നത് പാപ്പുവും സഹോദരങ്ങളുമായിരുന്നു. ബാങ്കില്‍ രേഖകള്‍ എല്ലാം പൂരിപ്പിച്ച്‌ നല്‍കിയ ശേഷം വിവരം പാപ്പു സരോജിനിയോട് വിവരം പറഞ്ഞിരുന്നു.

എന്തിനാണ് ഇങ്ങിനെ ചെയ്തതെന്ന ചോദ്യത്തിന് മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണെന്ന് പാപ്പു മറുപടിയും പറഞ്ഞതായിട്ടാണ് പറയുന്നത്. പാസ്ബുക്ക് പ്രകാരം അന്വേഷണം നടത്തിയ പോലീസ് മാര്‍ച്ചില്‍ അംബേദ്ക്കര്‍ ഫൗണ്ടേഷന്‍ പാപ്പുവിന്റെ അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ഇതില്‍ ബാക്കി വന്നതാണ് 4,32,000 രൂപ. നേരത്തേ മരിച്ചു കിടക്കുമ്ബോള്‍ പാപ്പുവിന്റെ പോക്കറ്റില്‍ മൂവായിരത്തില്‍ പരം രൂപ പോലീസ് കണ്ടെത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിക്ഷേപകര്‍ മരണപ്പെട്ടാല്‍ അക്കൗണ്ടിലെ തുക നോമിനിക്ക് കൈമാറുന്നതാണ് ബാങ്കിന്റെ രീതി. എന്നാല്‍ പാപ്പുവിന്റെ നയാപൈസ തനിക്ക് വേണ്ടെന്ന നിലപാടിലാണ് സരോജിനിയമ്മ. ബാങ്ക് നിയമങ്ങള്‍ക്കനുസരിച്ച്‌ തുക ആര്‍ക്ക് കൈമാറണമെന്ന് തീരുമാനം എടുക്കാമെന്നും സരോജിനിയമ്മ പറയുന്നു. 2017 ല്‍ പാപ്പു മരണപ്പെട്ടപ്പോഴാണ് അക്കൗണ്ടിലെ പണത്തിന്റെ വിവരം പോലീസ് അറിഞ്ഞത്. നേരത്തേ ദീപയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും ജിഷയുടെ മരണശേഷം സര്‍ക്കാര്‍ വെച്ചു നല്‍കിയ വീട്ടില്‍ നിന്നും മൂത്ത മകള്‍ ദീപയോട് പിണങ്ങി രാജേശ്വരി പുറത്തു പോകുകയുണ്ടായി.

രണ്ടു മാസമായി ഇവര്‍ വേറെയാണ്. എന്നാല്‍ പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ദീപ നേരത്തേ തന്നെ പണത്തിന് അവകാശം ഉന്നയിക്കുകയുണ്ടായി. മകള്‍ മരണസര്‍ട്ടിഫിക്കറ്റ് നേടിയതിനെതിരേ കഴിഞ്ഞ ദിവസമാണ് പെരുമ്ബാവൂര്‍ പോലീസില്‍ രാജേശ്വരി പരാതിയുമായി എത്തിയത്.പരാതി സ്വീകരിച്ച പോലീസ് അന്വേഷണത്തിനായി കോടനാട് പോലീസിന് കൈമാറി. കോടനാട് സ്‌റ്റേഷന്‍ പരിധിയിലെ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കോപാറയിലാണ് ദീപയും മകനും താമസിക്കുന്നത്.