ആല്‍ഫി ഇവാന്‍സിനെ രക്ഷിക്കാന്‍ മൂന്നാമതൊരു മാര്‍ഗമുണ്ടെന്ന് വെളിപ്പെടുത്തലുമായി പോളീഷ് ടിവി ഡിറ്റക്ടീവ് ക്രിസ്റ്റോഫ് റുട്ട്‌കോവ്‌സ്‌കി. തന്റെ ഫെയിസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് എന്നാല്‍ നിര്‍ദേശത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇദ്ദേഹം പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. ബ്രിട്ടീഷ് നിയമം അനുസരിച്ചുകൊണ്ടു തന്നെ നടപ്പിലാക്കാന്‍ പറ്റുന്നതാണ് പ്രസ്തുത മാര്‍ഗമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറേ ദിവസങ്ങളായി നിരവധി നിയമ യുദ്ധങ്ങളാണ് ആല്‍ഫിയുടെ മാതാപിതാക്കള്‍ നടത്തിയത്. കുഞ്ഞിനെ ഇറ്റലിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ആശുപത്രി അധികൃതര്‍ അനുവദിക്കാതിരുന്നതോടെയാണ് ടോം ഇവാന്‍സ് കോടതിയെ സമീപിച്ചത്. കുട്ടിയെ റോമിലേക്ക് കൊണ്ടുപോകുന്നത് അപകടമുണ്ടാക്കുമെന്ന ഡോക്ടര്‍മാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സ്വന്തമായി ഒരു ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്നയാളാണ് ക്രിസ്റ്റോഫ് റുട്ട്‌കോവ്‌സ്‌കി. കൂടാതെ വളരെ പ്രചാരം നേടിയ ടിവി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിലവിലെ രണ്ട് തരത്തിലുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഒന്നുകില്‍ മരണം അല്ലെങ്കില്‍ ജീവിതം. കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയെന്ന ദൗത്യം നിറവേറ്റാനായി മൂന്നാമത്തെ മാര്‍ഗം സ്വീകരിക്കുകയാണ് നല്ലതെന്ന് ക്രിസ്റ്റോഫ് പറഞ്ഞു. പക്ഷേ ഈ മാര്‍ഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് മാത്രമെ വ്യക്തമാക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വൈകീട്ട് ക്രിസ്റ്റോഫ് ലിവര്‍പൂളിലെത്തിയിട്ടുണ്ട്. ടോം ഇവാന്‍സിനെ ഇയാള്‍ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. അതേസമയം സഹായങ്ങളുമായി എത്തുന്നവരില്‍ നിന്നും തെറ്റായ നിര്‍ദേശങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് സീനിയര്‍ ജഡ്ജ് ലോര്‍ഡ് ജസ്റ്റിസ് മക്ഫര്‍ലാന്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ ടോം ഇവാന്‍സും കെയിറ്റ് ജെയിംസും സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ കുറേ ദിവസങ്ങളായി ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ ആള്‍ഫിക്കായി പ്രതിഷേധ പരിപാടികളും മാര്‍ച്ചുകളും നടക്കുന്നുണ്ട്. ആല്‍ഫി ഇവാന്‍സ് ആര്‍മി എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആല്‍ഫിക്ക് ഉണ്ടായിരിക്കുന്ന മസ്തിഷ്‌ക രോഗത്തിന് ചികിത്സകള്‍ ഫലം ചെയ്യില്ലെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. എന്നാല്‍ പ്രതീക്ഷ കൈവിടാതെ പോരാടുകയാണ് ആല്‍ഫിയും മാതാപിതാക്കളും. മകന്റെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ടോം ഇവാന്‍സ് വത്തിക്കാന്‍ സന്ദര്‍ശിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടലിനെ തുടര്‍ന്ന് ആല്‍ഫിക്ക് ഇറ്റാലി പൗരത്വം നല്‍കിയിരുന്നു. വിഷയത്തില്‍ സഹായ വാഗ്ദാനവുമായി പോളീഷ് സര്‍ക്കാരും രംഗത്ത് വന്നിട്ടുണ്ട്.