ആല്‍ഫി ഇവാന്‍സിന് വേണ്ടിയുള്ള പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു; കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി; പ്രതിഷേധക്കാരോട് സംയമനം പാലിക്കണമെന്ന് പിതാവ് ഇവാന്‍സ്

ആല്‍ഫി ഇവാന്‍സിന് വേണ്ടിയുള്ള പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു; കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി; പ്രതിഷേധക്കാരോട് സംയമനം പാലിക്കണമെന്ന് പിതാവ് ഇവാന്‍സ്
April 27 04:42 2018 Print This Article

ആല്‍ഫി ഇവാന്‍സിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസത്തിലേറെയായി ആല്‍ഫിക്ക് ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നുണ്ട്. ഈ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ റോമിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് അനുകൂല സാഹചര്യമുണ്ടാകും. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേ ആശുപത്രി അധികൃതരാണ്. അതേസമയം ആല്‍ഫിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്റെ ശക്തി അനുദിനം വര്‍ദ്ധിച്ചു വരികയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആല്‍ഫിക്ക് വേണ്ടി ആളുകള്‍ തടിച്ചുകൂടുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുകയും ചെയ്യുന്നുണ്ട്. ലണ്ടന്‍, ബെല്‍ഫാസ്റ്റ്, വാഷിംഗ്ടണ്‍ ഡിസി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി.

പ്രക്ഷോഭം വര്‍ദ്ധിച്ചതോടെ ലിവര്‍പൂളിലെ എന്‍എച്ച്എസ് ജീവനക്കാര്‍ ആശുപത്രിക്ക് വെളിയിലിറങ്ങുമ്പോള്‍ യൂണിഫോം മറച്ചു പിടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായേക്കാമെന്ന പോലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അതേസമയം ആല്‍ഡര്‍ ഹേ ആശുപത്രി അധികൃതരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ട് ആല്‍ഫിയുടെ പിതാവ് ടോം ഇവാന്‍സ് രംഗത്ത് വന്നു. ആല്‍ഫിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ ഈ ഘട്ടത്തില്‍ സംയമനം പാലിക്കണമെന്നും ആശുപത്രി അധികൃതരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഇവാന്‍സ് വ്യക്തമാക്കി. ഡോക്ടര്‍മാരുമായുള്ള യോഗത്തില്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ഇവാന്‍സ് അറിയിച്ചിരുന്നു. നേരത്തെ ആശുപത്രി തങ്ങളെ ക്രിമിനലുകളെപ്പോലെയാണ് കാണുന്നതെന്ന് ഇവാന്‍സ് ആരോപിച്ചിരുന്നു.

ആല്‍ഫിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ നിന്നുള്ള എംഇപിയായ സ്റ്റീവന്‍ വൂള്‍ഫ് കാംമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ആല്‍ഫിക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അദ്ദേഹം തന്നെയാണ് കാംമ്പയിന്‍ ആരംഭിച്ച വിവരം അറിയിച്ചത്. ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തുകയോ അപായപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് ടോം ഇവാന്‍സ് പ്രതിഷേധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെസ്റ്റ്ഹാളില്‍ ആല്‍ഫിക്ക് വേണ്ടി നിരവധിയാളുകള്‍ ഒത്തുചേര്‍ന്നു. നൂറു കണക്കിന് പേരാണ് ഇന്നലെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്തത്. സമരങ്ങളില്‍ ഒരോ ദിവസം കൂടുന്തോറും ജനപങ്കാളിത്തം വര്‍ദ്ധിച്ചുവരികയാണ്. നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടലിനെ തുടര്‍ന്ന് ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം ലഭിച്ചിരുന്നു. പക്ഷേ യാത്രയെ അതിജീവിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ആല്‍ഫിയെ റോമിലേക്ക് കൊണ്ടുപോകുന്നത് കോടതി തടയുകയായിരുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles