മയക്കുമരുന്ന് വിരുദ്ധ നയം അവതരിപ്പിച്ച് ബക്കിംഗ്ഹാം സര്‍വകലാശാല. ഇത്തരം നയം അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സര്‍വകലാശാലയായിരിക്കുകയാണ് ഇതോടെ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി. ക്യാംപസില്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പ് നല്‍കണമെന്നാണ് യൂണിവേഴ്‌സിറ്റി ആവശ്യപ്പെടുന്നത്. ഇതിനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കണം. രാജ്യത്തെ 116 യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളില്‍ മയക്കുമരുന്നിന്റെ ഉപയോഗം 42 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.
ഈ സമ്മതപത്രം ഒപ്പിട്ടു നല്‍കിയ ശേഷവും മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ ആ വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന് വൈസ് ചാന്‍സലര്‍ സര്‍ ആന്തണി സെല്‍ഡന്‍ പറഞ്ഞു. കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗം, മാനസികാരോഗ്യം എന്നീ കാര്യങ്ങളില്‍ യൂണിവേഴ്‌സിറ്റികള്‍ കാര്യമായി ഇടപെടുന്നില്ലെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നാം കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ജീവിതം പാഴായിപ്പോകാതിരിക്കാന്‍ പൂര്‍ണ്ണമായും ഒരു ആധുനിക സമീപനമാണ് ആവശ്യമായിരിക്കുന്നത്. സിഗരറ്റ് പാക്കറ്റുകളിലെ മുന്നറിയിപ്പിന്റെ മാതൃകയില്‍ മയക്കുമരുന്നുകളുടെ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ എല്ലായിടത്തും സ്ഥാപിക്കണം. ബ്രിട്ടനിലെ ആദ്യത്തെ മയക്കുമരുന്ന് രഹിത യൂണിവേഴ്‌സിറ്റിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply