ബ്രിട്ടന്റെ തീരപ്രദേശങ്ങള്‍ മയക്കുമരുന്നിന്റെ പിടിയില്‍ അമരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങളും പെരുകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബാരോ ഇന്‍ ഫേര്‍ണസ് ആണ് ബ്രിട്ടനില്‍ മയക്കുമരുന്ന് അനുബന്ധ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന പ്രദേശം. കഴിഞ്ഞ ഡിസംബറിന് ശേഷം 12 മരണങ്ങളാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് മാത്രമുണ്ടായത്. ഇംഗ്ലണ്ടിന്റെ ചിക്കാഗോ എന്നാണ് ഇപ്പോള്‍ ഈ പ്രദേശം അറിയപ്പെടുന്നത്. ഇവിടുത്തെ സാമ്പത്തിക വ്യവസ്ഥ ഹെറോയിന്‍ വിപണിക്കൊത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നതിനാലാണ് ഇങ്ങനെയൊരു വിളിപ്പേര് വീണിരിക്കുന്നത്.

കുംബ്രിയ മേഖലയിലാണ് ബാരോയും സ്ഥിതിചെയ്യുന്നത്. കുംബ്രിയയിലെ മയക്കുമരുന്ന് പ്രശ്‌നം പുതിയതല്ല. ഇതിന്റെ പ്രാന്ത പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി മയക്കുമരുന്ന് വിപണി സജീവമാണ്. ഇവിടെ നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയുള്ള പെര്‍ണിത്ത് എന്ന സ്ഥലം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മയക്കുമരുന്ന് വ്യാപാരത്തില്‍ കുപ്രസിദ്ധമാണ്. എന്നാല്‍ ഇപ്പോള്‍ ബാരോയില്‍ നടക്കുന്നത് എല്ലാ മുന്‍ റെക്കോര്‍ഡുകളെയും ഭേദിക്കുന്ന വിധത്തിലുള്ള മയക്കുമരുന്ന് ഇടപാടുകളാണ്. മയക്കുമരുന്ന് ഇടപാടുകളില്‍ മുന്‍പരിചയമുള്ളവരെപ്പോലും ഞെട്ടിക്കുന്ന വിധത്തിലാണത്രേ ബാരോയിലെ മയക്കുമരുന്ന് കച്ചവടവും ഉപയോഗവുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജ്യത്തെമ്പാടും മയക്കുമരുന്നുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ബാരോയില്‍ അതിനേക്കാളൊക്കെ ഉയര്‍ന്ന നിരക്കിലാണ് മരണങ്ങളുണ്ടാകുന്നതെന്ന് കുംബ്രിയ പോലീസിലെ നിക്ക് കോഫ്‌ലന്‍ പറയുന്നു. 67,000 പേര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. 2016ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഒരുലക്ഷം പേരില്‍ രണ്ട് മരണങ്ങള്‍ മാത്രമാണ് ഹെറോയിന്‍, മോര്‍ഫീന്‍ ദുരുപയോഗവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഹെറോയിന്‍ മരണങ്ങള്‍ ഏറ്റവും കൂടുതലുണ്ടാകുന്ന ബ്ലാക്ക് പൂളില്‍ 14 പേര്‍ മരണമടഞ്ഞിട്ടുണ്ട്. എന്നാല്‍ ബാരോയില്‍ ഈ നിരക്ക് ഇപ്പോള്‍ത്തന്നെ കടന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.