ക്രിപ്‌റ്റോകറന്‍സി ബൂം അവസാനിക്കുന്നുവെന്ന സൂചന നല്‍കി ഓണ്‍ലൈന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോം പ്ലസ് 500. 2017 അവസാനത്തോടെ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യത്തിലുണ്ടായ ഉണര്‍വ് അവസാനിച്ചിരിക്കുകയാണെന്നും വിപണി സാധാരണ അവസ്ഥയിലേക്ക് തിരികെയെത്തിയിരിക്കുകയാണെന്നും പ്ലസ്500 പറയുന്നു. 1000 ഡോളര്‍ എന്ന നിലയില്‍ നിന്ന് 20,000 ഡോളര്‍ എന്ന മൂല്യത്തിലേക്കാണ് ഡിസംബര്‍ മധ്യത്തില്‍ ബിറ്റ്‌കോയിന്‍ എത്തിയത്. മറ്റൊരു ക്രിപ്‌റ്റോകറസിയായ എഥീരിയത്തിന്റെ മൂല്യത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. കോയിനുകള്‍ വാങ്ങാനും വില്‍ക്കാനും അവസരമൊരുക്കുന്ന പ്ലസ്500 പോലെയുള്ള സൈറ്റുകള്‍ക്കും ഇതിലൂടെ വന്‍വരുമാനമാണ് ലഭിച്ചത്.

അസെറ്റുകളുടെ മൂല്യത്തില്‍ വാതുവെപ്പിന് അവസരം നല്‍കുന്ന കോണ്‍ട്രാക്ട് ഫോര്‍ ഡിഫറന്‍സ് (CFD) സൗകര്യമുണ്ടായിരുന്ന പ്ലാറ്റ്‌ഫോമാണ് പ്ലസ്500. ഇതിലൂടെയും കാര്യമായ നേട്ടം ഇവര്‍ക്ക് സമ്പാദിക്കാനായി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സ്ഥാപനത്തിന്റെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. 297.3 മില്യന്‍ ഡോളറാണ് ഇക്കാലയളവില്‍ കമ്പനിക്ക് ലഭിച്ചത്. ഉപയോക്താക്കളുടെ എണ്ണം 2,18,187 പേരായി ഉയരുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2017 അവസാനമുണ്ടായ ബൂമില്‍ നിന്ന് ക്രിപ്‌റ്റോകറന്‍സി മൂല്യം ഇപ്പോള്‍ സാധാരണ നിലയിലേക്കെത്തിയിരിക്കുകയാണ്. ബിറ്റ്‌കോയിന്‍ മൂല്യം 9000 ഡോളര്‍ എന്ന നിലയില്‍ സ്ഥിരത കാണിക്കുന്നുണ്ട്. മൂല്യത്തില്‍ മുമ്പ് കാണിച്ച വിധത്തിലുള്ള വര്‍ദ്ധന ഈ വര്‍ഷം ഇനി പ്രതീക്ഷിക്കുന്നില്ലെന്നും കമ്പനി പറഞ്ഞു. ക്രിപ്‌റ്റോകറന്‍സികളില്‍ നിയന്ത്രണങ്ങള്‍ വന്നാല്‍ അത് മേഖലയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും കമ്പനി ഭയക്കുന്നു. സിഎഫ്ഡികള്‍ വളരെ നഷ്ടസാധ്യതയുള്ള സംവിധാനമാണെന്ന് യൂറോപ്യന്‍, യുകെ വാച്ച്‌ഡോഗുകള്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.