Videsham

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് ആരോഗ്യപ്രവർത്തകരെ സാരമായി ബാധിച്ചതായും ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് ഇടയിലുള്ള ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടമായതായും ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പുറത്ത് വന്നു. വാക്സിനുകൾ നൽകുന്നതിൽ ഹെൽത്ത് കെയർ ജീവനക്കാർക്ക് മുൻഗണന നൽകണമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വാക്സിൻ വിതരണം ചെയ്യുമ്പോഴുള്ള അനീതിയേയും അദ്ദേഹം വിമർശിച്ചു. 2020 ജനുവരി മുതൽ ഈ വർഷം മേയ് വരെയുള്ള കാലയളവിലുള്ള മരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യുഎച്ച്ഒ ഈ കണക്കുകൾ പുറത്ത് വിട്ടത്.

ലോകത്താകമാനം ഏകദേശം 135 ദശലക്ഷം ആരോഗ്യ പ്രവർത്തകരാണുള്ളത്. 119 രാജ്യങ്ങളിൽ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിൽ ശരാശരി, അഞ്ച് ആരോഗ്യ പ്രവർത്തകരെ എടുക്കുമ്പോൾ അവരിൽ രണ്ടുപേരെങ്കിലും രണ്ടു ഡോസ് പ്രതിരോധ കുത്തിവയ്‌പ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡോ.ടെഡ്രോസ് പറഞ്ഞു. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകരിൽ പത്തിൽ എട്ടു പേർ വാക്സിൻ സ്വീകരിച്ചപ്പോൾ ആഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ പത്തിൽ ഒരാൾ മാത്രമാണ് പൂർണ്ണമായ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചിരിക്കുന്നത്.

ദരിദ്ര രാജ്യങ്ങൾ മതിയായ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നതിനുള്ള വീഴ്ച്ച ലോകാരോഗ്യ സംഘടനയുടെ മുതിർന്ന നേതാവായ ഡോ. ബ്രൂസ് ഐൽവാർഡ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമൂലം 2022-ൽ കോവിഡ് മൂലമുള്ള പ്രതിസന്ധി വർദ്ധിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മറ്റ് ഭൂഖണ്ഡങ്ങളിൽ 40% ജനങ്ങൾ പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിച്ചപ്പോൾ ആഫ്രിക്കയിലെ ജനസംഖ്യയുടെ 5% ത്തിൽ താഴെ മാത്രം ജനങ്ങളാണ് പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുത്തിരിക്കുന്നത്.

കോവിഡ് വാക്സിനുകളുടെ ഭൂരിഭാഗവും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ആഗോളതലത്തിൽ വെറും 2.6% ഡോസുകൾ മാത്രമാണ് ആഫ്രിക്ക ഉപയോഗിച്ചിരിക്കുന്നത്.

ദുബായ്‌ : യുഎഇയിൽ അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ അപേക്ഷ സ്വീകരിക്കാൻ നടപടി തുടങ്ങി. അഞ്ച് വർഷത്തെ വിസയിൽ വിനോദസഞ്ചാരികൾക്ക് സ്വന്തം സ്‌പോൺസർഷിപ്പിൽ പല തവണ പ്രവേശിക്കാനും ഓരോ സന്ദർശനത്തിലും 90 ദിവസം രാജ്യത്ത് തങ്ങാനും കഴിയും. ഇത് 90 ദിവസം വരെ നീട്ടാം.

എല്ലാ രാജ്യക്കാർക്കും വിസ അനുവദിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ്‌ സിറ്റിസൺഷിപ് (ഐസിഎ) വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ഫീസായി 13,148 രൂപ നൽകണം. അപേക്ഷകൻ ബാങ്ക് സ്റ്റേറ്റ്‌മെന്റ്‌ ഉൾപ്പെടെയുള്ള രേഖ നൽകണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കാനഡയിലെ ഓണറ്റാറിയോയിലെ ഖനിയിൽ കുടുങ്ങിപ്പോയ 39 ജീവനക്കാരിൽ 35 പേർ രക്ഷപ്പെട്ട് പുറത്തെത്തി. പത്ത് മണിക്കൂറോളം നീണ്ട മുകളിലേക്കുള്ള കയറ്റത്തിലൂടെയാണ് ഇവരെല്ലാവരും രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് നോർത്തേൺ ഓണറ്റാറിയോയിലെ ടോട്ടൻ ഖനിയിൽ പ്രമുഖ പാതയിൽ ഉണ്ടായ മാർഗ്ഗ തടസ്സത്തെ തുടർന്ന് ജീവനക്കാർ അകപ്പെട്ടത്. ജീവനക്കാർക്ക് ആവശ്യമായ ഭക്ഷണവും, വെള്ളവും, മരുന്നുകളും എല്ലാം തന്നെ ലഭ്യമായിരുന്നുവെന്ന് ഖനിയുടെ ഉടമസ്ഥരായ ബ്രസീലിയൻ മൾട്ടിനാഷണൽ കമ്പനി ‘വെയിൽ ‘ അധികൃതർ അറിയിച്ചു. പ്രമുഖ പാതയിൽ മാർഗ്ഗതടസ്സം ഉണ്ടായതിനാൽ, ബദലായുള്ള ഗോവണികളിലൂടെ കയറിയാണ് ഇവർ പുറത്തെത്തിയത്. ഏകദേശം നാലായിരത്തോളം അടിയാണ് ഇവർക്ക് ഇത്തരത്തിൽ കയറേണ്ടതായി വന്നത്.


4 പേർ ഇനിയും പുറത്ത് എത്താൻ ഉണ്ടെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിവരം. പുറത്തെത്തിയവരുടെ എല്ലാംതന്നെ ആരോഗ്യസ്ഥിതിക്ക് കുഴപ്പം ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. രക്ഷപ്പെട്ട് എത്തിയവർ എല്ലാംതന്നെ വീടുകളിൽ വിശ്രമത്തിലാണ്. വളരെ ശ്രമകരമായ പരിശ്രമമായിരുന്നു പുറത്ത് എത്താൻ ഉള്ളതെന്ന് ജീവനക്കാർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹോസ്പിറ്റലുകളിലും ഹെൽത്ത് സെൻററുകളിലും കെയർ ഹോമുകളിലും ജോലിചെയ്യുന്ന ഏകദേശം മൂവായിരം പേരെയാണ് ഫ്രാൻസിൽ ഉടനീളം വാക്സിൻ എടുക്കാത്തതിൻെറ പേരിൽ സസ്പെൻഡ് ചെയ്തത്. ഇത് ഫ്രാൻസിൻെറ ആരോഗ്യമേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് . ഫ്രാൻസിൽ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ജൂലൈ പകുതിയോടെ റസ്റ്റോറന്റുകളിലും ജിമ്മുകളിലും മ്യൂസിയങ്ങളിലും പോകാൻ ഹെൽത്ത് പാസ് നിർബന്ധമാക്കിയിരുന്നു. ഇതോടൊപ്പംതന്നെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധകുത്തിവെയ്പ്പ് എടുക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻ ഉയർച്ചയാണ് ഉണ്ടായത്.

പ്രതിരോധകുത്തിവയ്‌പ്പ് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതോടെ കുത്തിവെയ്പ്പ് എടുക്കാത്ത ആശുപത്രികളിലും കെയർ ഹോമുകളിലും ജോലിചെയ്യുന്നവർക്ക് ജോലിയിൽ തുടരാൻ സാധിക്കില്ല . ഒരു പ്രാദേശിക ദിനപത്രത്തിൻെറ കണക്കുപ്രകാരം സൗത്തേൺ ഫ്രാൻസിൽ ജോലി ചെയ്യുന്ന 7500 ആരോഗ്യപ്രവർത്തകരിൽ 450 പേരെയാണ് വാക്സിൻ എടുക്കാത്തതിൻെറ പേരിൽ സസ്പെൻഡ് ചെയ്തത്. എന്നാൽ സസ്പെൻഡ് ചെയ്യപ്പെട്ട ആളുകളിൽ ഭൂരിഭാഗവും പ്രധാന ചുമതലകൾ നിർവഹിക്കാത്തവരായതിനാൽ ഇത് വലുതായി തങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഹെൽത്ത് മിനിസ്റ്റർ ഒലിവിയർ വെരാൻ പറഞ്ഞു . മിക്ക സസ്പെൻഷനുകളും താൽക്കാലികം മാത്രമാണെന്നും പ്രതിരോധകുത്തിവെയ്പ്പുകൾ എടുക്കുന്നത് നിർബന്ധമാണെന്നത് മനസ്സിലാക്കി പലരും കുത്തിവെപ്പുകൾ സ്വീകരിക്കാൻ തുടങ്ങി എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇറ്റലിയിലും എല്ലാ തൊഴിലാളികൾക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കോവിഡ് നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു . നെതർലാൻഡിൽ ക്ലബ്ബുകളിലും ബാറുകളിലും പ്രവേശിക്കാൻ വാക്‌സിനേഷൻ നിയമം നിലവിലുണ്ട് . അതേസമയം ബ്രിട്ടൻ ശൈത്യകാലത്തിന് മുമ്പ് എല്ലാ ആരോഗ്യ സാമൂഹിക പ്രവർത്തകർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ലോക സംഗീത ഭൂപടത്തില്‍ ശ്രദ്ധേയ സാന്നിധ്യമാവുകയാണ് മലയാളിയായ ജാനകി ഈശ്വര്‍. ഓസ്ട്രേലിയലെ ‘ദി വോയ്സ്’ എന്ന ലോകപ്രശസ്ത റിയാലിറ്റി ഷോയുടെ ഓഡീഷന്‍ റൗണ്ടിലെ അവിശ്വസനീയമായ പ്രകടനമാണ് ജാനകിയെ പ്രശസ്തയാക്കിയത്. കോഴിക്കോട് സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ് പന്ത്രണ്ടു വയസ്സുകാരിയായ ജാനകി.

സംഗീതത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ കുടുംബത്തിലാണ് ജാനകി ജനിച്ചത്. അധികവും ഇംഗ്ലീഷ് പാട്ടുകള്‍ പാടുന്ന ജാനകി നന്നേ ചെറുപ്പത്തിലേ കര്‍ണാടക സംഗീതവും അഭ്യസിച്ചിരുന്നു. സംഗീത പഠനത്തിനൊപ്പം ഗിറ്റാര്‍, വയലിന്‍ തുടങ്ങിയ സംഗീതോപകരണങ്ങളും പരിശീലിച്ചിട്ടുണ്ട് ജാനകി. ഈയടുത്ത് ‘ക്ലൗണ്‍’ എന്ന പേരില്‍ തന്റെ ആദ്യ സ്വതന്ത്രഗാനവും പുറത്തിറക്കി ഈ കൊച്ചുമിടുക്കി.

മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള നിരവധി പ്രശസ്ത ഗാനങ്ങളുടെ സ്വതന്ത്രാവിഷ്‌കാരങ്ങള്‍ ജാനകി സ്വന്തം യൂട്യൂബ് ചാനല്‍ വഴി ലോകത്തിന് മുന്നില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ സ്പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്ക് തുടങ്ങിയ ഗ്ളോബല്‍ സ്ട്രീമിങ്ങ് പ്ളാറ്റ്ഫോമുകളിലും ജാനകിയുടെ സംഗീതം ആസ്വദിക്കാനാവും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചൈനീസ് നിർമ്മിത റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഇന്നോ നാളെയോ ഭൂമിയിൽ പതിക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജനസാന്ദ്രതയുള്ള ഏതെങ്കിലും പ്രദേശത്ത് 21 ടൺ ഭാരമുള്ള ഈ ബഹിരാകാശപേടകത്തിൻെറ അവശിഷ്ടങ്ങൾ പതിച്ചാലുള്ള അപകടം വളരെ ഗുരുതരമായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോംഗ് മാർച്ച് -5 ബി എന്ന് പേരുള്ള റോക്കറ്റ് പതിക്കേണ്ട സമയവും സ്ഥലവും കൃത്യമായി നിർണയിക്കാൻ ഇതുവരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല എന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു.

യുഎസ് പ്രതിരോധ വകുപ്പിൻെറ അനുമാനം അനുസരിച്ച് ലോംഗ് മാർച്ച് -5 ബി ഇന്നോ നാളെയോ ഭൂമിയിൽ പതിക്കും. മണിക്കൂറിൽ 28000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന റോക്കറ്റിൻെറ ഭൗമോപരിതലത്തിൽ നിന്നുള്ള ഉയരം ഇന്നലെ രാത്രിയോടെ 210 – 250 കിലോമീറ്റർ ആയിരുന്നു. വിഷയത്തിൽ ആദ്യമായി ചൈന പ്രതികരിച്ചത് ഇന്നലെയാണ്. യാത്രയ്ക്കിടെ റോക്കറ്റ് എരിഞ്ഞ് തീരുമെന്നതിനാൽ അപകട സാധ്യതയില്ല എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. റോക്കറ്റിൻെറ പാത നിരീക്ഷിക്കുകയാണെന്നും എന്നാൽ അത് വെടി വെയ്ക്കാൻ നിലവിൽ പദ്ധതിയില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് -19 മൂലമുള്ള രോഗവ്യാപനത്തിലും മരണ നിരക്കിലും ബ്രസീലിന് താളംതെറ്റുന്നു. 24 മണിക്കൂറിനുള്ളിൽ 4000 -ത്തിൽ അധികം പേരുടെ ജീവനാണ് കോവിഡ്-19 കവർന്നെടുത്തത് . കോവിഡ് രോഗികളെ കൊണ്ടുള്ള അനിയന്ത്രീതമായ തിരക്കു കാരണം പലസ്ഥലങ്ങളിലും ആശുപത്രികളുടെ പ്രവർത്തനം താറുമാറായി . ചികിത്സയ്ക്കായി കാത്തിരിക്കുമ്പോൾ തന്നെ ആളുകൾ മരിക്കുന്ന അവസ്ഥ പലസ്ഥലങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രസീലിൽ പലസ്ഥലങ്ങളിലും ആരോഗ്യമേഖല തകർച്ചയുടെ വക്കിലാണ്.

ബ്രസീലിലെ മരണസംഖ്യ ഔദ്യോഗിക കണക്കുകൾ പ്രകാരം 337,000 ആണ്. മരണസംഖ്യ യുഎസിന് തൊട്ടുപിന്നിൽ എത്തിയത് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളുടെ അപര്യാപ്തതയായാണ് വിലയിരുത്തപ്പെടുന്നത്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയും രാഷ്ട്രീയനേതൃത്വവും ഇപ്പോഴും അനുകൂല മനോഭാവം അല്ല കാണിക്കുന്നത്. സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾ വൈറസിൻെറ പ്രത്യാഘാതങ്ങളേക്കാൾ മോശമാകുമെന്നാണ് ഭരണ നേതൃത്വത്തിൻെറ അഭിപ്രായം. ബ്രസീലിൽ രോഗവ്യാപനം കടുക്കുന്നതിൽ രാജ്യാന്തര സമൂഹവും ആശങ്കയിലാണ്. ബ്രസീലിൽ നിന്ന് ഉത്ഭവിക്കുന്ന ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങൾ മറ്റു രാജ്യങ്ങൾക്കും ഭീഷണിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അഞ്ഞൂറോളം പേർ വരുന്ന യാത്രക്കാരുമായി തായ്‌വാനിലെ ഒരു തുരങ്കത്തിലാണ് ട്രെയിൻ പാളം തെറ്റിയത്. 48 ഓളം പേർ മരണപ്പെട്ടെന്നാണ് പ്രാഥമികവിവരങ്ങൾ സൂചിപ്പിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന 200 ഓളം പേർക്ക് വേണ്ടി രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തലസ്ഥാനമായ തായ്‌പേയിൽ നിന്ന് ടൈറ്റുങിലേക്കുള്ള യാത്രയിലാണ് ട്രെയിൻ അപകടത്തിൽപ്പെട്ടത്.

ട്രെയിൻ തിങ്ങിനിറഞ്ഞ് ആൾക്കാർ ഉണ്ടായിരുന്നതിനാൽ പലരും നിൽക്കുകയായിരുന്നു ഇത് അപകടത്തിൻെറ വ്യാപ്തി കൂടാൻ കാരണമായി എന്നാണ് റിപ്പോർട്ടുകൾ. തായ്‌വാനിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണ് ഇന്ന് നടന്നത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് പ്രസിഡന്റ് സായ് ഇംഗ്-വെൻ അനുശോചനം രേഖപ്പെടുത്തി. ഇന്ന് രാവിലെ തായ്‌വാനിൽ നടന്ന ട്രെയിനപകടത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും യുകെയുടെ അനുശോചനം അറിയിക്കുന്നതായി വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെയ്റോ : ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിലൊന്നായ സൂയസ് കനാലിൽ വൻ ട്രാഫിക് ബ്ലോക്ക്‌. വമ്പന്‍ കണ്ടെയ്‌നര്‍ കപ്പല്‍ നിയന്ത്രണം വിട്ട് ജലപാതയില്‍ കുറുകെ നിന്നതോടെയാണ് പാത പൂർണമായും അടഞ്ഞത്. 1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിനെ നിരവധി ടഗ് ബോട്ടുകള്‍ കൊണ്ട് വലിച്ചുനീക്കാന്‍ ശ്രമം നടത്തിവരികയാണ്. എന്നാൽ ഈ കപ്പൽ ദിവസങ്ങളോളം ഇവിടെ കുടുങ്ങികിടക്കാൻ സാധ്യതയുണ്ട്. കപ്പലിനെ തിരിച്ചെടുക്കാൻ ഒൻപത് ടഗ് ബോട്ടുകൾ വരെ വിന്യസിച്ചിട്ടുണ്ടെന്ന് കപ്പൽ യാത്ര കൈകാര്യം ചെയ്യുന്ന കമ്പനിയായ ബെർ‌ണാർഡ് ഷുൾട്ട് ഷിപ്പ്മാനേജ്മെന്റ് (ബി‌എസ്‌എം) പറഞ്ഞു. ഇന്നലെ രാവിലെ കപ്പൽ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതായും എന്നാൽ ഉടൻ തന്നെ വീണ്ടും ശ്രമിക്കുന്നതായും ബിഎസ്എം അറിയിച്ചു.

ഇരു കരകളിലും തട്ടി നിൽക്കുന്നതിനാൽ അതിവേഗമുള്ള ഒരു തിരിച്ചുപിടിക്കൽ അസാധ്യമാണ്. സൂയസ് കനാലിന്റെ വടക്കന്‍ മേഖലയിലുള്ള തുറമുഖത്തിന് സമീപമായാണ് ചൊവ്വാഴ്ച സംഭവമുണ്ടായത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത എവര്‍ ഗിവൻ എന്ന കപ്പലാണ് ബ്ലോക്കുണ്ടാക്കിയത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതാണ് കപ്പല്‍.

പെട്ടെന്നുണ്ടായ കാറ്റില്‍ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് എവര്‍ ഗ്രീൻ മറൈന്‍ അധികൃതര്‍ പറയുന്നത്. വശത്തേയ്ക്ക് ചരിഞ്ഞതോടെ കപ്പലിന്റെ ഭാഗം കനാലിന്റെ ഒരുഭാഗത്ത് ഇടിക്കുകയും ചെയ്തു. കപ്പലിലെ ചരക്ക് ഇറക്കിയ ശേഷം മാത്രമാവും കപ്പലിനെ നീക്കാനാവുക. കപ്പൽ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 150 ഓളം മറ്റ് കപ്പലുകളാണ് കനാലിലൂടെ കടന്നുപോകാൻ ഇപ്പോൾ കാത്തുകിടക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫൈസലാബാദ് : 2020 ജൂൺ 25ന് പാകിസ്ഥാനിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമായ ഫൈസലാബാദിലെ വീട്ടിലായിരുന്നു 12 കാരിയായ ഫറാ. മുത്തച്ഛനും മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരും അവളോടൊപ്പം വീട്ടിലുണ്ട്. മുൻവാതിലിലെ മുട്ടു കേട്ട് വാതിൽ തുറന്ന മുത്തച്ഛനെ തള്ളിമാറ്റികൊണ്ട് മൂന്നു പേർ വീടിനുള്ളിൽ പ്രവേശിച്ചു. അവർ ഫറായെ പിടിച്ച് പുറത്ത് നിർത്തിയിട്ടിരുന്ന വാനിൽ കയറ്റി കൊണ്ടുപോയി. “അവളെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചാൽ നിങ്ങൾ ദുഖിക്കേണ്ടി വരും.” അവർ മുന്നറിയിപ്പ് നൽകി. മകളെ തിരികെകിട്ടാൻ വേണ്ടി പിതാവ് ആസിഫ് പോലീസ് സ്റ്റേഷൻ കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. തട്ടിക്കൊണ്ടുപോയവരിൽ ഒരാളുടെ പേരടക്കം സ്റ്റേഷനിൽ നൽകിയിട്ടും ഉദ്യോഗസ്ഥർ സഹായിക്കാൻ ഒട്ടും താൽപര്യം കാണിച്ചില്ലെന്ന് ആസിഫ് പറഞ്ഞു.

പോലീസിൽ ആവർത്തിച്ച് പരാതികൾ നൽകിയിട്ടും അവർ കേസ് രജിസ്റ്റർ ചെയ്യുന്നത് മൂന്ന് മാസം മുമ്പാണ്. എങ്കിലും ആവശ്യമായ തുടർ നടപടി സ്വീകരിക്കുവാൻ അവർ തയ്യാറായില്ല. 110 കിലോമീറ്റർ അകലെയുള്ള ഹാഫിസാബാദിലെ ഒരു വീട്ടിലേക്കാണ് അവർ ഫറായെ തട്ടിക്കൊണ്ടുപോയത്. അവിടെവച്ച് അവർ അവളെ ശാരീരികമായി പീഡിപ്പിച്ചു, അടിമയെപോലെ ചങ്ങലയ്ക്കിട്ടു, ബലാത്സംഗം ചെയ്തവനെ വിവാഹം ചെയ്യാൻ ആവശ്യപ്പെട്ടു. ആസിഫ് തന്റെ പ്രാദേശിക പള്ളിയിൽ നിന്ന് സഹായം തേടിയതിനെത്തുടർന്ന് കുടുംബത്തിന് നിയമ സഹായം ലഭിച്ചു. തട്ടിക്കൊണ്ടുപോയയാളെ അറസ്റ്റുചെയ്യാനും കോടതി ഉത്തരവിട്ടു. എന്നാൽ അന്തിമവിധി വരുന്നതിന് മുമ്പ്, പോലീസ് അന്വേഷണം അവസാനിപ്പിച്ചു. വിവാഹത്തിനും മതപരിവർത്തനത്തിനും താൻ സമ്മതിച്ചതായി ഫറാ വെളിപ്പെടുത്തിയെന്നായിരുന്നു പോലീസ് പറഞ്ഞത്. ജനുവരി 23 ന് ഫറാ കോടതിയിൽ ഇത് തന്നെ ആവർത്തിച്ചെങ്കിലും നിർബന്ധത്തിലൂടെയാണ് ഈ പ്രസ്താവന രൂപപ്പെട്ടതെന്ന് കോടതി സംശയിച്ചു. ഫെബ്രുവരി 16 ന്, അവളെ വീട്ടിൽ നിന്ന് കൊണ്ടുപോയി ഏകദേശം എട്ട് മാസത്തിന് ശേഷം, ജഡ്ജിമാർ ഫറയുടെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അതിനാൽ അസാധുവാണെന്നും വിധിച്ചു. അതോടെ അവൾ കുടുംബത്തോടൊപ്പം ചേർന്നു.

തിരികെ വീട്ടിലെത്തിയ ഫറായുടെ മനസ് നിറയെ ആ കറുത്ത ദിനങ്ങളായിരുന്നു. “എന്നെ അവർ ചങ്ങലയ്ക്കിട്ടു. തട്ടിക്കൊണ്ടുപോയവന്റെ വീട് വൃത്തിയാക്കാനും മുറ്റത്തെ മൃഗങ്ങളെ പരിപാലിക്കാനും ഉത്തരവിട്ടു. അത് ഭയങ്കരമായിരുന്നു. എല്ലാ രാത്രികളിലും ഞാൻ പ്രാർത്ഥിച്ചു ; “ദൈവമേ, ദയവായി എന്നെ സഹായിക്കൂ. ” അവൾ വെളിപ്പെടുത്തി.

പാക്കിസ്ഥാനിൽ ഏകദേശം 20 ലക്ഷം ക്രിസ്ത്യാനികൾ ആണുള്ളത്. മൊത്തം ജനസംഖ്യയുടെ 1%. മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് ഓരോ വർഷവും ആയിരത്തോളം ക്രിസ്ത്യൻ, ഹിന്ദു, സിഖ് പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകലിന് ഇരയാകുന്നുണ്ട്. ഇവരിൽ പലരും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാകുന്നു. ഫറായുടെ കാര്യത്തിൽ സംഭവിച്ചത് ഇതുതന്നെയാണ്. ഇത്തരം തട്ടിക്കൊണ്ടുപോകലുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പാകിസ്ഥാനിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് (എൻ‌സി‌സി‌പി) മുന്നറിയിപ്പ് നൽകി. തട്ടിക്കൊണ്ടുപോയ നിരവധി പെൺകുട്ടികളും അവരുടെ കുടുംബങ്ങളും പാകിസ്ഥാനിൽ അഭിമുഖീകരിക്കുന്ന സാഹചര്യം നിരാശാജനകമാണെന്ന് നീഡ്സ് വക്താവ് ജോൺ പോണ്ടിഫെക്സ് അഭിപ്രായപ്പെട്ടു. വീട്ടിലെത്തിയ ഫറാ ഒരു മനഃശ്ശാസ്‌ത്രജ്ഞന്റെ സഹായത്തോടെ അവൾക്കുണ്ടായ ആഘാതത്തിൽ നിന്ന് കരകയറുകയാണ്. മറ്റു പെൺകുട്ടികൾക്ക് ഇതുണ്ടാവാതിരിക്കാൻ തന്നാൽ കഴിയുന്ന വിധം നടപടിയെടുക്കുമെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

RECENT POSTS
Copyright © . All rights reserved