ന്യൂദല്‍ഹി: ഔറംഗാബാദിലെ പൊതുമധ്യത്തില്‍ സൈനികനെ ഒരുകൂട്ടം ആളുകള്‍ തല്ലിച്ചതക്കുന്ന വീഡിയോ ഷെയര്‍ ചെയ്ത് ആര്.ജെ.ഡി നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും നിതീഷ് കുമാറിന്റെ ഭരണമികവാണ് ഇതിലൂടെ വെളിവാകുന്നതെന്നും തേജസ്വി യാദവ് ട്വിറ്ററില്‍ കുറിക്കുന്നു.
നിതീഷ് ജീ, നിങ്ങളുടെ കണ്ണിന് മുന്നില്‍ നടക്കുന്ന ഈ ഗുണ്ടാരാജ് നിങ്ങള്‍ കാണുന്നില്ലേ? ലോക്കല്‍ പൊലീസ് സ്റ്റേഷന് ഏതാനും മീറ്ററുകള്‍ മാത്രം അകലെ വെച്ചാണ് ഒരു സൈനികനെ ചിലയാളുകള്‍ ചേര്‍ന്ന് ഇത്രയും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുന്നത്. ജീവന് വേണ്ടി മല്ലിടുകയാണ് അദ്ദേഹമിപ്പോള്‍. നിങ്ങള്‍ക്കുള്ളില്‍ അല്പമെങ്കിലും മനസാക്ഷി ബാക്കിയുണ്ടെങ്കില്‍ ആ ഗംഗാനദിയില്‍ പോയി ഒന്ന് മുങ്ങുന്നത് നന്നാവും”- തേജസ്വി യാദവ് ട്വിറ്ററില്‍ പറയുന്നു.
അവധിക്കാലം ആഘോഷിക്കാനായാണ് സൈനികന് ഔറംഗാബാദില്‍ എത്തിയത്. ഒരു മണിക്കൂറോളം നേരമാണ് ചില ക്രിമിനലുകള്‍ അയാളെ മര്‍ദ്ദിച്ചത്. മരണത്തിന്റെ വക്കിലാണ് ഇപ്പോള്‍ ഇദ്ദേഹം. എന്നിട്ടും പൊലീസുകാര്‍ ഇതിനെല്ലാം മൂകസാക്ഷിയാകുന്നു. ഒരു ആര്‍മി ജവാന് പോലും പൊതുമധ്യത്തില്‍ വെച്ച് ഇത്തരത്തില്‍ ആക്രമിക്കപ്പെടുമ്പോള്‍ ബി.ജെ.പിയുടെ സഹായത്തോടെ എന്തുതരം ദേശീയതയാണ് നിങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത് ‘ എന്നും തേജസ്വി യാദവ് ചോദിക്കുന്നു. അതേസമയം സംഭവത്തില്‍ ഇതുവരെ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
Leave a Reply