ലോകകപ്പ് ഫൈനലിലെ പാകപ്പിഴവ്, സൂപ്പര്‍ ഓവര്‍ നിയമം ഐസിസി പരിഷ്‌കരിച്ചു; ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ച ഐസിസി തീരുമാനം ശരിയായിരുന്നോ? മാറ്റങ്ങൾ ഇങ്ങനെയെല്ലാം….

ലോകകപ്പ് ഫൈനലിലെ പാകപ്പിഴവ്, സൂപ്പര്‍ ഓവര്‍ നിയമം ഐസിസി പരിഷ്‌കരിച്ചു; ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ച  ഐസിസി തീരുമാനം ശരിയായിരുന്നോ? മാറ്റങ്ങൾ ഇങ്ങനെയെല്ലാം….
February 12 05:29 2020 Print This Article

കഴിഞ്ഞവര്‍ഷത്തെ ലോകകപ്പ് ഫൈനലിലാണ് സൂപ്പര്‍ ഓവറിലെ പാകപ്പിഴവ് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞത്. അന്ന് ലോര്‍ഡ്‌സില്‍ വെച്ച് സൂപ്പര്‍ ഓവറും സമനിലയിലായപ്പോള്‍ ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിനെ വിജയികളായി ഐസിസി പ്രഖ്യാപിച്ചു. തീരുമാനം ശരിയായിരുന്നോ? വാഗ്വാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എന്തായാലും ഇനിയുമൊരു വിവാദത്തിന് വഴിയൊരുക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് ഉദ്ദേശ്യമില്ല. അതുകൊണ്ടാണ് സൂപ്പര്‍ ഓവര്‍ നിയമം ക്രിക്കറ്റ് കൗണ്‍സില്‍ ഭേദഗതി ചെയ്തത്.

ബൗണ്ടറികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി വിജയികളെ തിരഞ്ഞെടുക്കുന്ന കീഴ്‌വഴക്കം ഇനിയില്ല. വിജയികളെ കണ്ടെത്തുംവരെ സൂപ്പര്‍ ഓവര്‍ നടത്താനാണ് ഐസിസിയുടെ പുതിയ തീരുമാനം. നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ ത്രിരാഷ്ട്ര പരമ്പര തൊട്ട് ഈ ചട്ടം രാജ്യാന്തര ക്രിക്കറ്റില്‍ പ്രാബല്യത്തില്‍ വരും.

‘മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ മാച്ച് റഫറി സൂപ്പര്‍ ഓവറിന് അനുമതി നല്‍കും. ആദ്യ സൂപ്പര്‍ ഓവര്‍ സമനിലയില്‍ അവസാനിച്ചാല്‍ രണ്ടാമതും സൂപ്പര്‍ ഓവര്‍ സംഘടിപ്പിക്കണം. വിജയികളെ കണ്ടെത്തുംവരെ സൂപ്പര്‍ ഓവര്‍ നടക്കും’, പുതിയ നിയമത്തില്‍ ഐസിസി വ്യക്തമാക്കി. നിലവില്‍ ഒരു മത്സരത്തില്‍ എത്ര സൂപ്പര്‍ ഓവറുകള്‍ വരെ നടത്താമെന്ന് ഐസിസി കൃത്യമായി പറഞ്ഞിട്ടില്ല. എന്നാല്‍ സമയപരിധിയുള്ള സാഹചര്യങ്ങളില്‍ മത്സരം ആരംഭിക്കും മുന്‍പ് ആതിഥേയ ബോര്‍ഡിന് പര്യടനം നടത്തുന്ന ടീമുമായി ചര്‍ച്ച നടത്താം; സൂപ്പര്‍ ഓവറുകളുടെ എണ്ണത്തില്‍ പരിധി നിശ്ചയിക്കാം.

സൂപ്പര്‍ ഓവര്‍ — അറിയണം ഇക്കാര്യങ്ങള്‍

1. സമയപരിധിയോ മറ്റു അസാധാരണ സാഹചര്യങ്ങളോ ഇല്ലെങ്കില്‍ വിജയിയെ കണ്ടെത്താന്‍ എത്രവേണമെങ്കിലും സൂപ്പര്‍ ഓവറുകള്‍ കളിക്കാം

2. സൂപ്പര്‍ ഓവറില്‍ ഓരോ ടീമും ഒരു ഓവര്‍ വീതമാണ് കളിക്കുക. കൂടുതല്‍ റണ്‍സടിക്കുന്ന ടീം മത്സരം ജയിക്കും.

3. സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റുകളാണ് ബാറ്റിങ് ടീമിന് അനുവദിച്ചിരിക്കുന്നത്; രണ്ട് വിക്കറ്റും നഷ്ടപ്പെട്ടാല്‍ ഇന്നിങ്‌സ് അവസാനിക്കും.

4. സൂപ്പര്‍ ഓവറില്‍ ഓരോ ഇന്നിംഗ്സിലും ഒരു റിവ്യൂ അവസരം ഇരു ടീമുകള്‍ക്കുമുണ്ട് (മത്സരത്തില്‍ വിനിയോഗിച്ച റിവ്യൂ ഇതില്‍ കൂട്ടില്ല).

5. സാധാരണ സാഹചര്യങ്ങളില്‍ മത്സരം അവസാനിച്ച് അഞ്ച് മിനിറ്റിനുശേഷം സൂപ്പര്‍ ഓവര്‍ ആരംഭിക്കണം.

6. ഇരു ടീമുകളുടെയും അന്തിമ ഇലവനിലുള്ള കളിക്കാര്‍ക്ക് മാത്രമേ സൂപ്പര്‍ ഓവറില്‍ പങ്കെടുക്കാനാകൂ.

7. മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ ഏത് അംപയറാണോ ബൗളിങ് എന്‍ഡിലുള്ളത് അദ്ദേഹംതന്നെ സൂപ്പര്‍ ഓവറിലും തുടരും.

8. മത്സരത്തില്‍ രണ്ടാമത് ബാറ്റു ചെയ്യുന്ന ടീമാണ് സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യുക.

9. സൂപ്പര്‍ ഓവറില്‍ പുതിയ പന്ത് ഉപയോഗിക്കില്ല. അംപയര്‍മാര്‍ നല്‍കുന്ന സ്‌പെയര്‍ പന്തുകളിലൊന്ന് ഫീല്‍ഡിങ് ടീമിന്റെ ക്യാപ്റ്റന് തിരഞ്ഞെടുക്കാം. സൂപ്പര്‍ ഓവറില്‍ ആദ്യം ബൗളുചെയ്യുന്ന ടീമിന് മാത്രമേ പന്ത് തിരഞ്ഞെടുക്കാന്‍ അവകാശമുള്ളൂ. രണ്ടാം ഇന്നിങ്‌സിലും ഇതേ പന്തുതന്നെ ഉപയോഗിക്കും.

10. ഏതു എന്‍ഡില്‍ നിന്നും പന്തെറിയണമെന്ന കാര്യവും ഫീല്‍ഡിങ് ടീമിന് തീരുമാനിക്കാം.

11. സൂപ്പര്‍ ഓവര്‍ സമനിലയിലാണെങ്കില്‍ വിജയിയെ കണ്ടെത്തുംവരെ സൂപ്പര്‍ ഓവറുകള്‍ തുടരും.

12. സാധാരണ സാഹചര്യങ്ങളില്‍ ആദ്യ സൂപ്പര്‍ ഓവര്‍ അവസാനിച്ച് അഞ്ച് മിനിറ്റിനുശേഷം അടുത്ത സൂപ്പര്‍ ഓവര്‍ ആരംഭിക്കണം.

13. കഴിഞ്ഞ സൂപ്പര്‍ ഓവറില്‍ രണ്ടാമത് ബാറ്റു ചെയ്ത ടീം തുടര്‍ന്നുള്ള സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യും.

14. ആദ്യ സൂപ്പര്‍ ഓവറില്‍ തിരഞ്ഞെടുത്ത പന്തുതന്നെ തുടര്‍ന്നുള്ള സൂപ്പര്‍ ഓവറുകളിലും ഉപയോഗിക്കും.

15. ആദ്യ സൂപ്പര്‍ ഓവറില്‍ ഏതു എന്‍ഡില്‍ നിന്നാണോ ഫീല്‍ഡിങ് ടീം ബൗളുചെയ്തത് ഇതിന് വിപരീതമായ എന്‍ഡില്‍ നിന്നാകണം അടുത്ത സൂപ്പര്‍ ഓവര്‍ തുടങ്ങേണ്ടത്.

16. ആദ്യ സൂപ്പര്‍ ഓവറില്‍ പുറത്തായ ബാറ്റ്‌സ്മാന്മാര്‍ക്ക് അടുത്ത സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ അനുവാദമില്ല.

17. ആദ്യ സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞ ബൗളര്‍ക്ക് തുടര്‍ന്നുള്ള സൂപ്പര്‍ ഓവറില്‍ പന്തെറിയാനും കഴിയില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles