യമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നു. സഹായം അഭ്യര്‍ഥിച്ച് നിമിഷ പ്രിയ അയച്ച കത്താണ് സര്‍ക്കാര്‍ ഇടപെടലിന് വഴിയൊരുക്കിയത്. നെന്മാറ എംഎല്‍എ കെ.ബാബുവിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും വിഷയത്തില്‍ ഇടപെട്ടു. എംബസി വഴി പ്രശ്‌നം പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ജോയ്‌സ് ജോര്‍ജ് എംപിയ്ക്ക് ഉറപ്പുനല്‍കി.

കൊലപാതകക്കുറ്റം സമ്മതിച്ച് തടവറയ്ക്കുളളില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ നടപടികളാണ് ഫലപ്രദമാകേണ്ടത്. സഹായം തേടിയുളള നിമിഷയുടെ കത്ത് പുറത്തുവിട്ടത് അടിസ്ഥാനമാക്കി ജനപ്രതിനിധികളും ഇടപെട്ടു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് കത്ത് നല്‍കി. എംബസി മുഖേന കേസ് പരിശോധിക്കാമെന്നാണ് മന്ത്രാലയത്തില്‍ നിന്ന് എംപിക്ക് ലഭിച്ച മറുപടി. നെന്മാറ എംഎല്‍എ കെ.ബാബു മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പ്രകാരം നോര്‍ക്ക മുഖേന മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെടും.

ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയില്‍ ചെയ്തു പോയതെന്ന് നിമിഷപ്രിയ സര്‍ക്കാര്‍ സഹായം തേടി ജയിലില്‍ നിന്നെഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. തലാല്‍ അബ്ദുമഹ്ദിയുമൊന്നിച്ച് ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. തന്നെ ശാരീരികമായി ആക്രമിച്ചതായും പണവും ആഭരണങ്ങളും തട്ടിയെടുത്തുവെന്നും പിന്നീട് തടവിലാക്കിയെന്നും നിമിഷ പറയുന്നു. ലൈംഗിക വൈകൃതങ്ങള്‍ക്ക് പ്രേരിപ്പിച്ചെന്നും ജയിലില്‍ നിന്നുള്ള നിമിഷയുടെ കത്തില്‍ വ്യക്തമാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യെമനില്‍ എത്തുന്നത് മുതല്‍ ജയിലിലായതുവരെയുള്ള കാര്യങ്ങള്‍ കത്തിലുണ്ട്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ലാണ് തലാല്‍ എന്ന യെമന്‍ പൗരന്റെ സഹായം തേടുന്നത്. താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ ആരോപിക്കുന്നു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിച്ചെങ്കിലും വരുമാനം മുഴുവന്‍ സ്വന്തമാക്കി. തന്റെ സ്വര്‍ണാഭരണങ്ങള്‍ പോലും തട്ടിയെടുത്ത് വിറ്റു.

യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസാണെങ്കിലും മോചനത്തിനായി പണം നല്‍കാന്‍ യമനിലെ മാരിബ് ആസ്ഥാനമായ എന്‍ജിഒയും ശ്രമിക്കുന്നുണ്ട്. തൊടുപുഴയില്‍ താമസിക്കുന്ന നിമിഷയുടെ ഭര്‍ത്താവ് ടോമിയും മകളും നിമിഷയുടെ മോചനത്തിനായി കാതോര്‍ക്കുകയാണ്.

യെമനി ഭര്‍ത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കില്‍പൊതിഞ്ഞ് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചുവെന്നായിരുന്നു നിമിഷയ്ക്ക് എതിരായ കേസ്.