ദേശീയ അവാർഡ് ആര് തരുന്നു എന്നല്ല, അതിന്റെ മഹത്വത്തെക്കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്. പുതിയ തലമുറയിലെ സിനിമാപ്രവർത്തകരെ ആരൊക്കെയോ ചേർന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്. ആ അംഗീകാരത്തിന്റെ വലുപ്പം തിരിച്ചറിയാതെ പോയതിൽ സങ്കടമുണ്ട്.
ഭാഗ്യവശാൽ 1996 മുതൽ ഏഴുപ്രാവശ്യം ദേശീയ അവാർഡ് നേടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു സിനിമാപ്രവർത്തകൻ എന്ന നിലയിൽ സ്വപ്നതുല്യമായ രാഷ്ട്രത്തിന്റെ ആദരവാണത്. ആ ബഹുമതി പ്രഖ്യാപിക്കുന്ന സമയംമുതൽ അതിന്റെ വ്യാപ്തി തിരിച്ചറിയാം. അത് ആര് തരുന്നു എന്നതിനപ്പുറം അതിന്റെ മഹത്വം തന്നെയാണ് പ്രധാനം. അത് ഇന്ത്യയുടെ പരമോന്നത പൗരന്റെ കൈയിൽനിന്നാകുമ്പോൾ അതിന്റെ മാറ്റുകൂടും.
1996-ൽ മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാർഡാണ് എന്റെ ദേശാടനം നേടിയത്. ആ അംഗീകാരം എനിക്ക് തന്നത് രാഷ്ട്രപതിയായിരുന്നില്ല, അന്നത്തെ ദാദ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ ഡോക്ടർ രാജ്കുമാറായിരുന്നു. പൊന്തൻമാടയ്ക്ക് അംഗീകാരം കിട്ടിയപ്പോൾ രാഷ്ട്രപതിക്ക് പകരം ദിലീപ് കുമാറാണ് അവാർഡ് സമ്മാനിച്ചതെന്ന് കേട്ടിട്ടുണ്ട്. അതിനാൽ ഇതൊന്നും പുതുമയുള്ള കാര്യങ്ങളല്ല. ദേശീയ അവാർഡുദാന ചടങ്ങിന്റെ റിഹേഴ്സലിൽ തന്നെ ചടങ്ങിന്റെ രീതികൾ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി അതിനായി ഒരുമണിക്കൂർ സമയമാണ് അനുവദിച്ചത്. ആ സമയം 11 പേർക്ക് അവാർഡ് നൽകാനും ബാക്കിയുള്ളവർക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടുമാണ് അവർ പ്ലാൻ ചെയ്തത്. പക്ഷേ, അവാർഡ് ജേതാക്കൾ രാഷ്ട്രപതിയിൽനിന്നുള്ള അംഗീകാരത്തിനായി ആഗ്രഹം പ്രകടിപ്പിച്ചു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വന്ന് പരിമിതികൾ വ്യക്തമാക്കി.
അത് കഴിഞ്ഞ് അശോക ഹോട്ടലിലെത്തിയ അവാർഡ് ജേതാക്കൾ സംഘടിച്ചു. അതിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. തുടർന്ന് രാഷ്ട്രപതിയിൽനിന്ന് അവാർഡ് സ്വീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള നിവേദനം തയ്യാറാക്കാൻ പ്ലാൻ ചെയ്തു. എല്ലാവരുടേയും കൂട്ടായ്മ എന്ന നിലയിൽ സഹപ്രവർത്തകരുടെ വേദന പങ്കുവയ്ക്കുന്ന നിവേദനത്തിൽ ഞാനും ദാസേട്ടനും ഒപ്പുവെച്ചു. ഇത് നിവേദനം മാത്രമാണ്. ബഹിഷ്കരണം പാടില്ലെന്ന് ഞങ്ങൾ പലവട്ടം പറഞ്ഞിരുന്നു.
രണ്ട് മണിക്കായിരുന്നു ചടങ്ങ് തുടങ്ങുന്നത്. ഒപ്പുശേഖരണം സമർപ്പിച്ചത് ഒരു മണിക്ക്. അത് മിനിസ്ട്രിയിൽ നിന്ന് രാഷ്ട്രപതിയുടെ ഓഫീസിൽ പോയി മറുപടി വരുന്നതിന്റെ കാലതാമസം ആരും ആലോചിച്ചില്ല. തുടർന്ന് എല്ലാവരും പ്രസിഡന്റിന്റെ തീരുമാനത്തിനെതിരായി മാധ്യമങ്ങളിൽ സംസാരിക്കാൻ തുടങ്ങി. ആ പ്രതിഷേധം ഭരണഘടനയ്ക്ക് എതിരേയുള്ള സംസാരമാണെന്ന് ശേഖർ കപുർ പലവട്ടം ഓർമിപ്പിച്ചു. പക്ഷേ, ആത്മസംയമനത്തോടെ ഈ വിഷയം കൈകാര്യം ചെയ്യാതെ ചിലർ അവാർഡ് ചടങ്ങ് ബഹിഷ്കരിച്ചു. സാധാരണ തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവൽ നടക്കുമ്പോൾ നടത്തുന്ന പ്രതിഷേധംപോലെ അത് മാറി. അത് അങ്ങനെയാക്കി മാറ്റാനും രാഷ്ടീയവത്കരിക്കാനും ചിലർ ശ്രമിച്ചു. അവാർഡ് ജേതാക്കൾക്കൊപ്പം വന്ന കുടുംബാംഗങ്ങൾ അസുലഭമുഹൂർത്തത്തിന് സാക്ഷിയാകാതെ തിരിച്ചുപോകുന്നത് കണ്ട് സങ്കടം തോന്നിയിട്ടുണ്ട്.
കാലം കഴിഞ്ഞാലും ചരിത്രത്തിൽ രേഖപ്പെടുത്തുന്ന, മലയാള ഭാഷയ്ക്ക് കിട്ടിയ അംഗീകാരത്തെയാണ് ചിലർ ചേർന്ന് നിന്ദിച്ചത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ ആദ്യത്തെ സംഭവമാണത്. അങ്ങനെ പാടില്ലായിരുന്നു. ബഹിഷ്കരിച്ചവർക്ക് അത് തീരാനഷ്ടമായിരിക്കും…
Leave a Reply