കോഴിക്കോട്: സംസ്ഥാനത്ത് പോലീസ് ക്രൂരതകള്‍ തുടര്‍ക്കഥയാവുന്നു. ഒമ്പത് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ അനാഥരാക്കി പോലീസ്. കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയെ കവര്‍ച്ചക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതോടെയാണ് കുട്ടികള്‍ തനിച്ചായത്. ഇവരുടെ അച്ഛന് കൂടെയുണ്ടെങ്കിലും ഈ പ്രായത്തില്‍ അമ്മയുടെ സാമീപ്യം കുട്ടികള്‍ക്ക് അത്യാവശ്യമാണ്. വിരമിച്ച അസിസ്റ്റന്റ് കമ്മിഷണറുടെ വീട്ടില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പ് കവര്‍ച്ച നടത്തിയതായി ആരോപിച്ചാണ് മെഡിക്കല്‍ കോളേജ് പോലീസ് ജയയെ കസ്റ്റഡിയിലെടുക്കുന്നത്.
കുട്ടികള്‍ക്ക് അസുഖമായതിനാല്‍ ആശുപത്രിയിലേക്ക് പോകുന്ന സമയത്താണ് ജയയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ സമയത്ത് കുട്ടികളുടെ കാര്യം ജഡ്ജിയില്‍ നിന്ന് മനപൂര്‍വ്വം മറച്ചു പിടിക്കുകയും ചെയ്തു. ഇവരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. കുട്ടികളെയും കൊണ്ട് എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഇവരുടെ അച്ഛന്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളെയും അച്ഛനെയും കോഴിക്കോട് സെയ്ന്റ് വിന്‍സെന്റ് ഹോമിലേക്കു മാറ്റിയിട്ടുണ്ട്.
ജയയെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഭര്‍ത്താവിന് നല്കാന് പോലീസ് തയ്യാറായിരുന്നില്ല. സ്റ്റേഷനിലെ ഫോണ്‍ നമ്പര്‍ മാത്രമാണ് നല്‍കിയത്. റെയില്‍ വേ സ്റ്റേഷനില്‍ കുട്ടികളുമായി ഇരിക്കുന്നത് കണ്ട യാത്രക്കാരാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുന്നത്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലിചെയ്യുന്ന ദമ്പതിമാരാണ് മാണിക്യവും ജയയും. കേസ് നടത്താന്‍ മാണിക്യത്തിന്റെ കയ്യില്‍ പണമില്ല. അറസ്റ്റിനിടയില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് പോലീസ് നടപടിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.











Leave a Reply