മെൽബൺ: സെൽഫിയെടുക്കുന്നതിനിടെ ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കടലിൽ വീണു മരിച്ചു. വെസ്റ്റേൺ ഓസ്ട്രേലിയയിലെ തുറമുഖനഗരമായ ആൽബനിക്കു സമീപം ദി ഗ്യാപിലുണ്ടായ അപകടത്തിലാണ് അങ്കിത് എന്ന 20 കാരൻ ദാരുണമായി കൊല്ലപ്പെട്ടത്. പെർത്തിൽ പഠിക്കുന്ന അങ്കിത് സുഹൃത്തുക്കൾക്കൊപ്പം 40 മീറ്റർ ഉയരമുള്ള ചെങ്കുത്തായ പാറക്കൂട്ടത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ താഴെ സമുദ്രത്തിലേക്കു വീഴുകയായിരുന്നുവെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. അതിനുമുന്പ് പാറക്കൂട്ടത്തിനിടയിലൂടെ അങ്കിതും സംഘവും ഓടിച്ചാടി നടന്നിരുന്നു.
ഹെലികോപ്റ്റർ ഉൾപ്പെടെ സംവിധാനങ്ങളുപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരു മണിക്കൂറിനുശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. അപകടസാധ്യത ഏറെയുള്ള പ്രദേശമാണിതെന്ന് ഗ്രേറ്റ് സതേൺ ഡിസ്ട്രിക് സൂപ്രണ്ട് ഡൊമിനിക് വുഡ് പറഞ്ഞു. അഞ്ച് യുവാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. എന്റെ തൊട്ടുപുറകിലുള്ള പാറക്കൂട്ടത്തിൽ യുവാക്കൾ ഉണ്ടായിരുന്നവെന്നും മുൻകരുതലുകളെടുത്ത് അതിർത്തിക്കുള്ളിലൂടെ മാത്രം നടന്നാൽ ഇത്തരം ദുരന്തങ്ങളുണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതലുകൾ സ്ഥാപിക്കാനും കാഴ്ചകൾ കാണാനുള്ള തട്ട് നിർമിക്കാനുമുൾപ്പെടെ ജോലികൾക്കായി രണ്ടുവർഷം മുന്പ് കുറച്ചുനാൾ പ്രദേശം അടച്ചിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
Leave a Reply