തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ നിപ്പ വൈറസ് ബാധയെക്കുറിച്ച് നവ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിക്കെതിരേയും ആയുര്‍വേദ ചികിത്സകനെന്ന് അവകാശപ്പെടുന്ന മോഹനന് വൈദ്യര്‍ക്കെതിരേയുമാണ് കേസ്. കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയുടെ പരാതിപ്രകാരമാണ് കേസ്.
നിപ്പ വൈറസ് ബാധയെന്നത് അന്താരാഷ്ട്ര മരുന്നുകമ്പനികളുടെ വ്യാജപ്രചാരണമാണെന്ന തരത്തിലുള്ള അഭിപ്രായ പ്രകടനമാണ് ജേക്കബ് വടക്കഞ്ചേരി നടത്തിയത്. നിപ്പ വൈറസ് എന്ന സംഭവമില്ലെന്നായിരുന്നു ഫേസ്ബുക്ക് ലൈവില്‍ അദ്ദേഹത്തിന്റെ അവകാശവാദം. വൈറസ് ബാധ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരാതിരിക്കുവാന്‍ ആരോഗ്യ വകുപ്പും സര്‍ക്കാരും കേന്ദ്ര സംഘങ്ങളും തീവ്രമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണ് ജേക്കബ് വടക്കഞ്ചേരിയുടെ ഈ വിചിത്രമായ വാദം.
നിപ്പാ വൈറസ് രോഗബാധ കണ്ടെത്തിയ പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ച വവ്വാല് കടിച്ച മാമ്പഴവും ചാമ്പക്കയുമെന്ന് പറഞ്ഞ് ഇവ കഴിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് മോഹനന് വൈദ്യര്‍ക്കെതിരെ കേസ്. വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള അസുഖമാണ് നിപ്പ. അതുകൊണ്ടുതന്നെ വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ ഉപയോഗിക്കരുത് എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആരോഗ്യ വകുപ്പാണ് നിപ്പാ വൈറസിന് കാരണമെന്നും വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ കഴിച്ചാല്‍ വൈറസ് ബാധ ഉണ്ടാവില്ല എന്നുമാണ് മോഹനന് വൈദ്യരുടെ വാദം. ഗുരുതരമായ സാഹചര്യത്തില്‍ ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് കൂടുതല്‍ ആളുകളെ മരണത്തിലേക്ക് തള്ളിവിടുന്നതാണെന്നായിരുന്നു പരാതി.
ഇവര്‍ക്കെതിരെ ആരോഗ്യപ്രവര്‍ത്തകരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
Leave a Reply