മാതാപിതാക്കളുടെ പരാതിയില്‍ 30കാരനായ മകന് വീട്ടില്‍ നിന്ന് പുറത്തു പോകണമെന്ന് കോടതി. ന്യൂയോര്‍ക്കിലാണ് സംഭവം. മൈക്കിള്‍ റോറ്റോന്‍ഡോ വീട്ടില്‍ നിന്ന് പോകാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കളായ ക്രിസ്റ്റീനയും മാര്‍ക്ക് റോറ്റോന്‍ഡോയും കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കുന്നതെന്നുമാണ് ഒരു ഘട്ടത്തില്‍ മൈക്കിള്‍ പറഞ്ഞത്. വീട് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഇയാള്‍ക്ക് ഔദ്യോഗികമായി നിരവധി കത്തുകള്‍ അയച്ചിരുന്നു. ഇതിനു ശേഷമാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
എട്ട് വര്‍ഷം മുമ്പാണ് മൈക്കിള്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനെത്തിയത്. പിന്നീട് വീട് വിട്ടുപോകാന്‍ ഇയാള്‍ തയ്യാറായില്ല. ആറു മാസം കൂടി വീട്ടില്‍ തുടരാന്‍ അനുവാദം നല്‍കണമെന്ന് ഇയാള്‍ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അത് അന്യായമാണെന്ന് പറഞ്ഞ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡൊണാള്‍ഡ് ഗ്രീന്‍വുഡ് ഇയാള്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ഉത്തരവിട്ടു. ഈ കേസ് ഒരു പാരഡിയാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.
ഫെബ്രുവരി 2ന് മാര്‍ക്ക് മൈക്കിളിന് നല്കിയ കത്തില്‍ 14 ദിവസത്തിനുള്ളില്‍ വീടൊഴിയണമെന്നും പിന്നീട് തിരിച്ചു വരരുതെന്നും ആവശ്യപ്പെടുന്നുണ്ട്. തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു. ഇതിന് മറുപടി ലഭിക്കാതെ വന്നപ്പോള്‍ മകനെ പുറത്താക്കിക്കൊണ്ടും ഇവര്‍ കത്തയച്ചു. പിന്നീട് മറ്റൊരു സ്ഥലം കണ്ടെത്താന്‍ 1100 ഡോളര്‍ നല്‍കാമെന്നും മാതാപിതാക്കള്‍ അറിയിച്ചിരുന്നു. ഇവയ്ക്കൊന്നും മകനെ മാറ്റാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പെട്ടെന്നു തന്നെ സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി മാറ്റുകയും മകനോട് താമസം മാറാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.
Leave a Reply