ശ്രീനഗർ: ജമ്മു കാഷ്മീരിൽ പെണ്‍കുട്ടിക്കൊപ്പം പിടിയിലായ വിവാദ സൈനിക ഉദ്യോഗസ്ഥനെ പോലീസ് കേസെടുക്കാതെ വിട്ടയച്ചു. കഴിഞ്ഞ വർഷം കാഷ്മീരി യുവാവിനെ ജീപ്പിന്റെ ബോണറ്റിൽ കെട്ടിയിട്ടു വിവാദത്തിലകപ്പെട്ട മേജർ നിതിൻ ലീതുൾ ഗൊഗോയിയെയാണ് പോലീസ് കേസെടുക്കാതെ വിട്ടയച്ചത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഗൊഗോയിയെ അയാളുടെതന്നെ യൂണിറ്റിനാണു കൈമാറിയതെന്നുമാണ് പോലീസിന്റെ വിശദീകരണം.
ബുധനാഴ്ച രാവിലെയാണ് പെണ്‍കുട്ടിക്കൊപ്പം ഹോട്ടലിൽ മുറിയെടുക്കാനെത്തിയ ലീതുൾ ഗൊഗോയ് പിടിയിലാകുന്നത്. ഓണ്‍ലൈനിൽ മുറി ബുക്ക് ചെയ്തശേഷമാണ് ലീതുൾ ഗൊഗോയി ഹോട്ടലിലെത്തിയത്. എന്നാൽ ഡ്രൈവർക്കും പെണ്‍കുട്ടിക്കുമൊപ്പം ഹോട്ടലിലെത്തിയ ഗൊഗോയിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ ഇവരുടെ തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെട്ടു. ലീതുൾ ഗൊഗോയി തിരിച്ചറിയൽ കാർഡ് നൽകി. ഒപ്പമുള്ള പെണ്‍കുട്ടി ബുഡ്ഗാം സ്വദേശിനിയാണെന്നും തിരിച്ചറിയൽ കാർഡിൽനിന്നു വ്യക്തമായി. ഇതേതുടർന്നു ജീവനക്കാർ ലീതുൾ ഗൊഗോയിക്കു മുറി നിഷേധിക്കുകയായിരുന്നു.
ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടശേഷം പുറത്തുവന്ന ലീതുൾ ഗൊഗോയിയുടെ ഡ്രൈവർ ഹോട്ടൽ ജീവനക്കാരനെ മർദിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരും ടാക്സി ഡ്രൈവർമാരും ചേർന്ന് ലീതുൾ ഗൊഗോയിയെയും ഡ്രൈവറെയും മർദിച്ചു. സംഭവം വഷളായതോടെ ഹോട്ടൽ അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ലീതുൾ ഗൊഗോയിയെയും പെണ്‍കുട്ടിയെയും ഡ്രൈവറെയും കൂട്ടിക്കൊണ്ടുപോയി.
സംഭവത്തിൽ ഇതേവരെ പോലീസ് കേസെടുത്തിട്ടില്ലെന്ന് ദി വയർ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. വിഷയം സംബന്ധിച്ചു പോലീസ് പത്രക്കുറിപ്പിറക്കിയെങ്കിലും ലീതുൾ ഗൊഗോയുടെയോ പെണ്‍കുട്ടിയുടെയോ പേര് പരാമർശിച്ചിട്ടില്ല. എന്നാൽ ഡ്രൈവറെ തിരിച്ചറിഞ്ഞതായി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുമുണ്ട്. പെണ്‍കുട്ടിക്കു 18 വയസിനുമേൽ പ്രായമുണ്ടെന്നും പോലീസ് അറിയിച്ചു. സൈന്യം ഇതു സംബന്ധിച്ച് ഇതേവരെ പ്രതികരിച്ചിട്ടില്ല.
Leave a Reply